17 September Tuesday

കാൽനടയാത്രികനെ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവറെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


കൊച്ചി
കാൽനടയാത്രികനെ ഇടിച്ചുതെറിപ്പിച്ച്‌ കാലിലൂടെ കാർ കയറ്റിയിറക്കിയയാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേൽപ്പറമ്പിൽ നഹാസിനെയാണ്‌ (25) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്‌. പിതാവ് നസീറിന്റെ പേരിലുള്ള കാർ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ കൊച്ചി സ്വദേശി നിശാന്തിന്റെ വലതുകാലിൽ അഞ്ച്‌ ഒടിവുകളുണ്ട്‌. നടുവിനും ഇടതുകാലിനും സാരമായി പരിക്കേറ്റു. നിശാന്ത്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

ദേശീയപാതയിൽ ഇടപ്പള്ളിക്കുസമീപം മരോട്ടിച്ചുവടിലെ സർവീസ് റോഡിൽ തിങ്കളാഴ്ച പകൽ മൂന്നേമുക്കാലിനാണ്‌ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്‌. ഓട്ടോയിൽ വന്നിറങ്ങിയ നിശാന്ത്‌ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് സർവീസ് റോഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയർ കാർ വേഗത്തിലെത്തി ഇടിച്ചത്. തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീണ നിശാന്തിനെയുംകൊണ്ട്‌ കാർ അമിതവേഗത്തിൽ അരക്കിലോമീറ്ററോളം ഓടി. തുടർന്ന് സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ നിശാന്തിന്റെ വലത്തേകാലിലൂടെ കാറിന്റെ മുൻചക്രം കയറ്റിയിറക്കി നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. ഇടിച്ചശേഷം പാലാരിവട്ടം ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ കാർ നിശാന്തിന്റെ സുഹൃത്തുക്കൾ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. 

കേസെടുത്ത എളമക്കര പൊലീസ്‌ സമീപത്തെ കടകളിൽനിന്നടക്കം സിസിടിവി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.  അപകടത്തിൽ ഗ്ലാസുകൾ തകർന്ന കാർ നന്നാക്കാനായി മാമംഗലത്തെ വർക്‌ഷോപ്പിൽ ഏൽപ്പിച്ചിരുന്നു. ഇവിടത്തെ ജീവനക്കാരിൽനിന്നാണ്  നഹാസിനെക്കുറിച്ച്‌  സൂചന ലഭിച്ചത്. തുടർന്ന്‌ പള്ളുരുത്തിയിലെ വീട്ടിൽനിന്ന്‌ കസ്‌റ്റഡിയിലെടുത്തു.  അപകടത്തെ തുടർന്നുണ്ടായ ഭീതിയിൽ വേഗത്തിൽ ഓടിച്ചതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ മൊഴി നൽകി.


പ്രധാന വാർത്തകൾ
 Top