21 October Monday

ബോണസായി ലോട്ടറിയടിച്ചാശാനേ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


കൊച്ചി
ചെറായി സ്വദേശി കെ പി സുരേഷും വൈറ്റിലയിൽ താമസിക്കുന്ന തമിഴ്‌നാട്‌ കമ്പം സ്വദേശി ചെല്ലപാണ്ടിയും വെള്ളിയാഴ്‌ച ഏറെ സന്തോഷത്തിലായിരുന്നു. ലോട്ടറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണം ബോണസ്‌ ഇനി അർഹരെ മാത്രം തേടിയെത്തുമെന്ന യാഥാർഥ്യമാണ്‌ ഇവരുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിയിച്ചത്‌. റവന്യൂ ടവറിലെ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിൽ തങ്ങളുടെ ബയോ മെട്രിക്‌ വിവരങ്ങൾ നൽകാൻ എത്തിയ ഭിന്നശേഷിയുള്ളവരിൽപ്പെട്ടവരാണ്‌ ഇരുവരും. എൽഡിഎഫ്‌ സർക്കാരിനോടുള്ള സ്‌നേഹം അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു. സർക്കാരിന്റെ  നടപടി തങ്ങളടക്കമുള്ള തൊഴിലാളികൾക്ക്‌ ഏറെ പ്രയോജനകരമാണെന്ന്‌ ഇവർ പറഞ്ഞു.

ജില്ലയുടെ ഏഴു താലൂക്കുകളിൽനിന്നുള്ള ഭിന്നശേഷിക്കാർക്കായാണ്‌ വെള്ളിയാഴ്‌ച ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിൽ ബയോമെട്രിക്‌ വിവരങ്ങൾ ശേഖരിച്ചത്‌. അവരുടെ സൗകര്യാർഥം റവന്യൂ ടവറിന്റെ ഏഴാം നിലയിലെ ഓഫീസിൽനിന്ന്‌ ഉദ്യോഗസ്ഥർ താഴെയെത്തി വിവരങ്ങൾ ശേഖരിച്ചു. 147 പേർ തങ്ങളുടെ വിവരങ്ങൾ നൽകാനെത്തി.

സെപ്‌തംബർ ആദ്യവാരം ലോട്ടറിത്തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ എൽഡിഎഫ്‌ സർക്കാർ നൽകുന്ന ഓണം ബോണസ്‌ തുകയായ 6000 രൂപയെത്തും. ഒന്നാം തീയതിമുതൽ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിൽ ബോണസിന്‌ അർഹരായ തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിരുന്നു. 31 വരെ തൊഴിലാളികൾക്ക്‌ വിവരങ്ങൾ നൽകാം.

ഭിന്നശേഷിയുള്ള തൊഴിലാളികൾക്ക്‌ കൈത്താങ്ങായി ജില്ലാ ലോട്ടറി ഏജന്റ്‌സ്‌ സെല്ലേഴ്‌സ്‌ ആൻഡ്‌ സ്‌റ്റാഫ്‌ യൂണിയൻ (സിഐടിയു) ഹെൽപ്‌ ഡെസ്‌ക്‌ ഒരുക്കിയിരുന്നു. പടികൾ കയറാൻ വയ്യാത്തവരെ താങ്ങിയെടുത്താണ്‌ ഉദ്യോഗസ്ഥരുടെ അടുത്ത്‌ എത്തിച്ചത്‌. ജില്ലാ പ്രസിഡന്റ്‌ പി എസ്‌ മോഹനൻ, സെക്രട്ടറി കെ മുരുകൻ, സംസ്ഥാന സെക്രട്ടറി ബിന്ദു ഗോപിനാഥ്‌, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ കബീർ മേത്തർ, പി ടി അഗസ്‌റ്റിൻ, സി ആർ പീറ്റർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എം ജ്യോതിഷ്‌കുമാർ, എം സി അയ്യപ്പൻ, പി എ തങ്കപ്പൻ, വി വി മണി, വിൻസന്റ്‌ തുടങ്ങിയവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top