16 November Saturday

3 വർഷം പുതിയ പെൻഷൻകാർ 17.20 ലക്ഷം; പെൻഷൻ ഇനത്തിൽ സർക്കാർ ഇതുവരെ ആകെ നൽകിയത്‌ 18141.18 കോടി രൂപ

ജി രാജേഷ‌് കുമാർUpdated: Saturday Aug 24, 2019


മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത്‌ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ പദ്ധതികളിൽ പുതിയതായി ചേർത്തത്‌ 17,20,206 പേരെ. എൽഡിഎഫ്‌ സർക്കാർ ചുമതലയേറ്റ്‌ ഇതുവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളിൽ 12,75,810 പേർ പുതുതായി അംഗങ്ങളായി. 16 തൊഴിൽ മേഖലകളിൽപ്പെട്ട 4,44,396 പേരാണ്‌ സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ പുതുതായി അംഗങ്ങളായത്‌. പെൻഷൻ ഇനത്തിൽ ഈ സർക്കാർ ഇതുവരെ ആകെ നൽകിയത്‌ 18141.18 കോടി രൂപയാണ്‌.

സംസ്ഥാനത്ത്‌ 53,04,092 പേർക്കാണ്‌ പ്രതിമാസം കുറഞ്ഞത്‌ 1200 രൂപവീതമെങ്കിലും പെൻഷൻ ലഭിക്കുന്നത്‌. ഇതിൽ 46,47,616 പേർക്ക്‌ സാമൂഹ്യ സുരക്ഷാ പെൻഷനും, 6,56,476 പേർക്ക്‌ സർക്കാർ സഹായത്തോടെ ക്ഷേമനിധി പെൻഷനും ലഭിക്കുന്നു. യുഡിഎഫ്‌ സർക്കാർ ചുമതല ഒഴിയുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻകാർ 33,71,806 ആയിരുന്നു. ക്ഷേമനിധി പെൻഷൻകാർ 2,12,080ഉം. 

യുഡിഎഫ്‌ സർക്കാർ ഒഴിയുമ്പോൾ പെൻഷൻ 12 മുതൽ 15 മാസംവരെ കുടിശികയായിരുന്നു. എൽഡിഎഫ്‌ സർക്കാർ ആദ്യ ഓണത്തിനുതന്നെ കുടിശിക 1477.92 കോടി രൂപ അടക്കം, അന്നേവരെയുള്ള എല്ലാ പെൻഷനും വിതരണം ചെയ്‌തു. 15,000 രൂപയിൽ കുറയാത്ത തുകയാണ്‌ ഓരോ കൈകളിലുമെത്തിയത്‌. സർക്കാരിന്റെ ആദ്യവർഷം 4144.71 കോടി രൂപ വിതരണം ചെയ്‌തു. 2017ൽ 5029.66 കോടി രൂപ, 2018ൽ 5308.27 കോടി രൂപ, 2019 ജൂലൈവരെ 4136.44 കോടി രൂപ എന്നിങ്ങനെയാണ്‌ വിതരണം ചെയ്‌തത്‌. ആകെ 18141.18 കോടി രൂപ.

പെൻഷൻ 1000 രൂപയായി ഉയർത്തുമെന്ന എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം ആദ്യവർക്ഷംതന്നെ നടപ്പാക്കി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ 600 രൂപ പെൻഷൻ 2016ൽ 1000 രൂപയായി ഉയർത്തി. 2017ൽ 1100 രൂപ, 2018ൽ 1200 കോടി രൂപ എന്നിങ്ങനെ ഉയർത്തി. വിതരണത്തിലെ പോരായ്‌മ പരിഹരിക്കുക, കുടിശികയില്ലാതാക്കി പ്രതിമാസം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പ്‌ വിജയത്തിലേക്ക്‌ എത്തുന്നു. യുഡിഎഫ്‌ കാലത്തു വല്ലപ്പോഴും പോസ്‌റ്റാഫീസുവഴി മണിയോഡറായി എത്തിരുന്ന പെൻഷൻ അർഹരുടെ കൈകളിലെത്താൻ ഒന്നു രണ്ടും മാസംവരെ കാത്തിരികേണ്ട അവസ്ഥയുണ്ടായി. ഇതിന്‌ മാറ്റം വരുത്താൻ എൽഡിഎഫ്‌ സർക്കാർ  സഹകരണ സംഘങ്ങൾവഴി നേരിട്ടും, ബാങ്ക്‌ അക്കൗണ്ടുവഴിയും പെൻഷൻ ലഭ്യമാക്കി.

24,27,716 പേർക്കാണ്‌ ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭ്യമാകുന്നത്‌. 22,19,900 പേർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ കൃത്യമായി ലഭ്യമാകുന്നു. വിതരണം തീരുമാനിച്ചാൽ ദിവസങ്ങൾക്കുള്ളിൽ എല്ലാവർക്കും പെൻഷൻ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കി. ഇതിനായി കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.


പ്രധാന വാർത്തകൾ
 Top