22 September Sunday

ഇന്റലിജൻസ്‌ മുന്നറിയിപ്പ് : അതിർത്തി ജില്ലകളിൽ കനത്ത സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

സ്വന്തം ലേഖകൻ
കോയമ്പത്തൂരിലേക്ക്‌ ഭീകരർ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും  സുരക്ഷ കർശനമാക്കി.  അതിർത്തി  ജില്ലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിർദ്ദേശിച്ചു.

റെയിൽവെ സ്റ്റേഷനുകൾ, ബസ്‌ സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ, ആരാധാനാലയങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ്‌ സ്ഥലങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്‌. സംശയാസ്‌പദമായ സാഹചര്യങ്ങളോ വസ്‌തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പരിലോ സംസ്ഥാന പൊലീസ്‌ മേധാവിയുടെ കൺട്രോൾ റൂമിലോ (0471  2722500) അറിയിക്കണം.

തമിഴ്നാട്ടിലേക്ക് കടൽമാർഗം എത്തിയ ഭീകരർക്ക് സഹായം ചെയ്തുവെന്ന സൂചനയെത്തുടർന്ന്   കൊടുങ്ങല്ലൂർ സ്വദേശിയുടെ വീട്‌ പൊലീസ് പരിശോധിച്ചു. കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾഖാദർ റഹീമിന്റെ വീടാണ്‌ പരിശോധിച്ചത്.  ഇയാളും ഭാര്യയും മക്കളും  വീട്ടിലുണ്ടായിരുന്നില്ല. 20 വർഷമായി ഗൾഫിലായിരുന്ന റഹീം രണ്ടുമാസംമുമ്പാണ്‌ നാട്ടിലെത്തിയത്‌. ഒരുമാസം മുമ്പ്‌ ഇയാൾ തിരിച്ചുപോയതായും പറയുന്നു. ഗൾഫിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഇയാൾ ആലുവയിൽ വർക്‌ഷോപ്പ്‌ തുടങ്ങാൻ പദ്ധതിയിട്ടതായി മാതാപിതാക്കൾ പറഞ്ഞു.

തൃശൂർ ജില്ലയിൽ തീരദേശ പൊലീസും കോസ്റ്റ്ഗാർഡുമുൾപ്പെടെ രംഗത്തുണ്ട്. തീവ്രവാദസംഘടനകളുടെ സാന്നിധ്യമുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top