18 September Wednesday

സ്വച്ഛത തളിർക്കും വളന്തകാട്‌ വളരും

ഇ എസ്‌ സുഭാഷ്‌Updated: Friday Aug 23, 2019

കൊച്ചി
നടപ്പാതയും ഒഴുകുന്ന സേവനകേന്ദ്രവും അടക്കമുള്ള സൗകര്യങ്ങൾ യാഥാർഥ്യമാക്കി വളന്തകാട്‌ ദ്വീപിന്‌ ഇനി വികസനക്കുതിപ്പ്‌. ഇരുനൂറ്‌ എക്കർ  വരുന്ന ദ്വീപിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ലക്ഷ്യമാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്‌ വിനോദസഞ്ചാര  വകുപ്പ്‌ ഭരണാനുമതി നൽകി. 98 ലക്ഷം രുപയുടെ പദ്ധതി 18 മാസത്തിനകം  പൂർത്തിയാക്കാനാണ്‌ നിർദേശം. ഇതോടെ, അമ്പതോളം  കുടുംബങ്ങളുള്ള ദീപിൽ  വികസനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കും.

ദ്വീപിന്റെ വികസനത്തിൽ പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പ്രാദേശിക ഉൽപ്പന്നങ്ങളും വിഭവങ്ങളും പ്രചരിപ്പിച്ച്‌ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, ദ്വീപിനെ ആകർഷമാക്കി സംരക്ഷിക്കുക തുടങ്ങിയവയും  പ്രധാന ലക്ഷ്യമാണ്‌. 

യാത്രാസൗകര്യംപോലും ഇല്ലാതെ ഏറ്റവും പിന്നോക്കാവസ്ഥയിലാണ്‌ വളന്തകാട്‌. റോഡുകളും പാലങ്ങളും ഇല്ല. കുട്ടികൾ സ്‌കൂളിൽ പോകാൻ  ബുദ്ധിമുട്ടുന്നത്‌ നിത്യകാഴ്‌ചയാണ്‌. രോഗികൾക്ക്‌ വിദഗ്‌ധചികിൽസ വേണമെങ്കിൽ, വല്ലപ്പോഴും സർവീസ്‌ നടത്തുന്ന ബോട്ടുകളെ ആശ്രയിക്കുകയ വഴിയുള്ളൂ. 

അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി നിരവധി പ്രക്ഷോഭങ്ങൾ വളന്തകാട്‌ ദ്വീപിൽ നടന്നിട്ടുണ്ട്. സർക്കാർ–-സ്വകാര്യ പങ്കാളിത്തത്തോടെ  വിഭാവനം ചെയ്‌ത പദ്ധതികൾ കടലാസിൽ ഒതുങ്ങി. വളന്തകാട്‌ 5000 കോടി മുടക്കി ഒരു ഹൈടെക്‌ സിറ്റി സ്ഥാപിക്കുന്നതിന്‌ നിർമാണ കമ്പനിയായ ശോഭാ ഡെവലപ്പേഴ്‌സും  സംസ്ഥാന സർക്കാരുമായി 2007ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, കൃഷിഭൂമിയും ജലാശയങ്ങളും ഇല്ലാതാവുമെന്ന  ആശങ്കയിൽ പ്രക്ഷോഭങ്ങൾ അരങ്ങേറി. തുടർന്ന്‌ ഹൈക്കോടതി  പദ്ധതി നിർത്തിവയ്‌പ്പിച്ചു.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം എം സ്വരാജ്‌ എംഎൽഎ മുൻകൈ എടുത്താണ്‌ വളന്തകാട്‌ ടൂറിസം പദ്ധതി തയ്യറാക്കി സർക്കാരിനു സമർപ്പിച്ചത്‌. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ  നടപടി സ്വീകരിക്കുമെന്ന്‌ ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ ഡി കമലമ്മ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top