18 September Wednesday

പായസം നുണയാം; കൈത്തറി കുപ്പായം വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കൊച്ചി
ഓണക്കാലത്ത്‌ കൈത്തറി വസ്‌ത്രങ്ങൾ വാങ്ങാനും ഇളനീർ പായസം കുടിക്കാനും തോന്നിയാൽ എറണാകുളത്തപ്പൻ മൈതാനത്തേക്ക്‌ സ്വാഗതം. കൊതിയൂറും വിഭവങ്ങളും കരകൗശല ഉൽപ്പന്നങ്ങളും കൈത്തറി വസ്‌ത്രങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓണം വ്യാപാരമേള തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ സഹകരണ ബാങ്കും ചേർന്നാണ്‌ ചെറുകിട വ്യാപാരമേള സംഘടിപ്പിക്കുന്നത്‌.

കൈത്തറി വസ്‌ത്രങ്ങൾക്ക്‌ 20 ശതമാനം ഉത്സവകാല റിബേറ്റ്‌ ലഭിക്കും. മറ്റ്‌ ഉൽപ്പന്നങ്ങൾക്കും ഉത്സവകാല കിഴിവ്‌ ലഭിക്കും. തൊഴിലാളികളുടെ കരവിരുതിൽ തയ്യാറാക്കിയ കൈത്തറി സെറ്റ്‌ സാരികൾ, സെറ്റ്‌ മുണ്ടുകൾ, കോട്ടൺ ഷർട്ടുകൾ, കാവി മുണ്ടുകൾ, തോർത്തുകൾ, ബെഡ്‌ ഷീറ്റുകൾ എന്നിവ വാങ്ങാൻ നിരവധിപേർ എത്തുന്നുണ്ട്‌. ചേന്ദമംഗലം കൈത്തറി ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങളുണ്ട്‌.

പാലട പ്രഥമൻ, അട, പരിപ്പ്‌, -ഗോതമ്പ്‌ പ്രഥമൻ തുടങ്ങിയ പായസങ്ങളുടെ നീണ്ട നിരയാണ്‌ ഭക്ഷ്യ വിഭവങ്ങളുടെ സ്‌റ്റാളിൽ ഉള്ളത്‌. ചക്കയും മാങ്ങയുമെല്ലാം പായസ രൂപത്തിലുണ്ട്‌. ഏതു പായസത്തിനും ഗ്ലാസിന്‌ 30 രൂപയാണ്‌. ലിറ്ററിന്‌ 240 രൂപ. ഉപ്പേരിയും ശർക്കരവരട്ടിയുമെല്ലാം മിതമായ നിരക്കിൽ ലഭിക്കും. 200 ഗ്രാമിന്‌ 56 രൂപ മാത്രം.
തടിയിൽ തീർത്ത മനോഹരമായ ക്ലോക്കുകളും ശിൽപ്പങ്ങളും കരകൗശല വിഭാഗത്തിലുണ്ട്‌. ക്ലോക്കുകളുടെ വില 250 രൂപ മുതൽ. ചൂരൽ ഫ്രെയിമുകളുള്ള മനോഹര ചിത്രങ്ങളും ഇവിടെ കിട്ടും. 220 മുതൽ 400 രൂപവരെ വിലയുള്ള ചിത്രങ്ങളുണ്ട്‌. കഥകളി രൂപങ്ങളും രവിവർമ ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളുമെല്ലാം വാങ്ങാം. കയർമെത്തകളും ചവിട്ടികളും ലഭ്യമാണ്‌. മുളയും ഈറ്റയും കൊണ്ടുള്ള അലങ്കാര വസ്‌തുക്കൾക്കും ആവശ്യക്കാർ ഏറെയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top