മൂവാറ്റുപുഴ
വാഴക്കുളത്ത് ഫെഡറൽ ബാങ്കിന്റെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. തകർത്ത മെഷീൻ ബാങ്കിനുസമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മൂവാറ്റുപുഴ-–-തൊടുപുഴ റോഡിൽ വാഴക്കുളം കല്ലൂർക്കാട് കവലയിൽ സ്ഥാപിച്ച എടിഎമ്മാണ് തകർത്തത്. രാവിലെ ഏഴരയോടെ പണമെടുക്കാൻ എത്തിയയാളാണ് സംഭവമറിഞ്ഞത്.
തുടർന്ന് ബാങ്ക് മാനേജരെ വിവരം അറിയിച്ചു. ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് വാഴക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖംമൂടിയും ടി ഷർട്ടും ഗ്ലൗസും ധരിച്ച മൂന്നംഗസംഘമാണ് എടിഎം തകർത്തതെന്ന് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംഘം അകത്തുകയറി രണ്ട് എടിഎമ്മിൽ ഒരെണ്ണം തകർത്ത് പുറത്തെത്തിച്ചു. ഡെെനാമിക് ലോക്കർ ഉൾപ്പെടെ പുറത്തെടുത്തെങ്കിലും നോട്ട് വയ്ക്കുന്ന അറ തുറക്കാനായില്ല. അഞ്ചുലക്ഷം രൂപ ഇതിലുണ്ടായിരുന്നു. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ തകർത്തെങ്കിലും ഇതിലെ 20,000 രൂപ നഷ്ടപ്പെട്ടില്ല. മൂവാറ്റുപുഴ ഡിവെെഎസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തി. അപകടവിവരം അറിയിക്കുന്ന അലാറം വിച്ഛേദിച്ച നിലയിലാണ്.
എടിഎം കവർച്ചസംഘങ്ങൾക്കും ഇതരസംസ്ഥാനക്കാർക്കും സംഭവത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ആലുവയിൽനിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തിയിരുന്നു. എടിഎം മെഷീൻ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതാണെന്ന് കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..