18 September Wednesday

പ്രളയ പുനർനിർമാണം; റെക്കോർഡ്‌ വേഗത്തിൽ പൂർത്തിയായത്‌ 7063 വീടുകൾ

റഷീദ്‌ ആനപ്പുറംUpdated: Friday Aug 23, 2019

തിരുവന്തപുരം > കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന വീടുകളിൽ 7063 എണ്ണത്തിന്റെ നിർമാണം റെക്കോഡ്‌ വേഗത്തിൽ പൂർത്തിയായി.  സാങ്കേതിക നടപടികൾ അതിവേഗം പൂർത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌  ഇത്രയും വീടുകൾ യാഥാർഥ്യമാക്കിയത്‌. 1750 വീട്‌ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലും 545 വീട്‌ സ്‌പോൺസർഷിപ്പിലുമാണ്‌ നിർമിച്ചത്‌. ബാക്കി വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌.  

കഴിഞ്ഞ പ്രളയത്തിൽ സംസ്ഥാനത്ത്‌ 322398 വീടാണ്‌ തകർന്നത്‌. ഇതിൽ 74 ശതമാനത്തിൽ കൂടുതൽ തകർന്ന 15,632 വീടാണ്‌ പൂർണമായും തകർന്ന പട്ടികയിലുൾപ്പെടുത്തിയത്‌. ബാക്കി 306766 വീടുകളിൽ 282019  വീടുകൾക്ക്‌ അറ്റകുറ്റപ്പണിക്ക്‌ 1540.46 കോടി രൂപ നൽകി. തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വീടുകൾ പുനർനിർമിച്ചത്‌. 3574 വീട്‌ പൂർണമായും തകർന്നതിൽ 1501 എണ്ണം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. 2497 വീട്‌ തകർന്ന എറണാകുളം ജില്ലയിൽ 1568 എണ്ണം നിർമിച്ചു. ഭാഗികമായി തകർന്ന 87,853 വീടിന്‌ സഹായം നൽകി. ആലപ്പുഴ ജില്ലയിൽ  65,239 വീടിനും തൃശൂർ ജില്ലയിൽ 24,068 വീടിനും സഹായം നൽകി.

ഭൂമിയും വീടും നഷ്‌ടപ്പെട്ട 532ൽ 491 കുടുംബങ്ങൾക്കും പുറമ്പോക്കിൽ താമസിച്ച 1107ൽ 896 കുടുംബങ്ങൾക്കും പുതിയ ഭൂമി കണ്ടെത്തി. ദുരന്ത സാധ്യതാ മേഖലയിൽ താമസിച്ച 337 കുടുംബങ്ങളിൽ 127 കുടുംബങ്ങൾക്കും പുതിയ ഭൂമി കണ്ടെത്തി.  ദുരന്ത സാധ്യതാ മേഖലയിൽ താമസിച്ച 337 കുടുംബങ്ങളിൽ 127 കുടുംബങ്ങൾക്കും പുതിയ ഭൂമി കണ്ടെത്തി.

 

കെയറായി കെയർഹോം
തിരുവനന്തപുരം
പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്‌ തലചായ്‌ക്കാനിടം ഒരുക്കി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി ചരിത്രമാകുന്നു. 2152 വീടുകളുടെ നിർമാണമാണ്‌ കെയർഹോം പദ്ധതി ഏറ്റെടുത്തത്‌. ആഗസ്‌ത്‌ 17വരെയുള്ള കണക്കനുസരിച്ച്‌ നിർമാണം ആരംഭിച്ച 1961 വീടുകളിൽ 1750 എണ്ണം പൂർത്തിയായി. എറണാകുളം ജില്ലയിൽ 150 വീടുകൾ കൂടി കെയർഹോം പദ്ധതിയിൽ അധികമായി നിർമിക്കാനും അനുമതിയായിട്ടുണ്ട്‌.

ഏഴ്‌ ജില്ലകളിൽ കെയർഹോം പട്ടികയിലുള്ള മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കി. പത്തനംതിട്ട (114), വയനാട്‌( 84) കോട്ടയം(83), കോഴിക്കോട്‌( 44), കൊല്ലം (42), കണ്ണൂർ (20), കാസർകോട്‌ (7) എന്നീ ജില്ലകളിലാണ്‌ മുഴുവൻ വീടും നിർമാണം പൂർത്തിയായത്‌.

കെയർ ഹോം പദ്ധതിയിൽ ഏറ്റവും കൂടുതൽ വീട്‌ നിർമിക്കുന്നത്‌ തൃശൂർ ജില്ലയിലാണ്‌. 500 വീട്‌. ഇതിൽ 425 എണ്ണം പൂർത്തിയായി. എറണാകളും ജില്ലയിൽ 487ൽ 316 വീടും ഇടുക്കിയിൽ 212ൽ 204 വീടും പാലക്കാട്‌ 206ൽ 188 വീടും തിരുവനന്തപുരം ജില്ലയിൽ 62ൽ 42 വീടും ആലപ്പുഴയിൽ 201ൽ 94 വീടും മലപ്പുറത്ത്‌ 90ൽ 87 വീടും ഇതുവരെ നിർമിച്ചു. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകൾ പരിഗണിച്ചാണ് വീടുകൾ നിർമ്മിച്ചത്. പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ നിർമിച്ചപ്പോൾ തറയിൽ നിന്നും ഉയർത്തിയുളള നിർമാണ രീതിയാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർഹോമിൽ വീട് വയ്ക്കുന്നത് പരിഗണനയിലാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top