19 September Thursday

സഹകരണ സംഘങ്ങളിൽ ആദായനികുതിക്കാരുടെ കടന്നുകയറ്റം പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ആദായനികുതിവകുപ്പ്  ഉദ്യോഗസ്ഥർ കടന്നുകയറ്റം നടത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകിയെന്ന്‌  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചതെന്ന്‌ കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

20,000 രൂപയിൽ കൂടുതൽ കറൻസിയായി നിക്ഷേപം നടത്തിയതിന് മുൻകാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്നത്‌ പരിശോധിക്കുമെന്നും ഉറപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ കേരളത്തിന്റെ റസിഡന്റ് കമീഷണറെ അപ്പപ്പോൾ ധരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

മുൻവർഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച വായ്പ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവും കാലാവധി തീർന്നശേഷം സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് പരിഗണിക്കും. കേരള സഹകരണ വികസന റിസ്‌ക് ഫണ്ട് ബോർഡിനുമേൽ ജിഎസ്ടിയും നികുതിയും  ചുമത്തേണ്ടതില്ലെന്നും ഇക്കാര്യം അടുത്ത ജിഎസ്ടി കൗൺസിലിൽ സംസ്ഥാന ധനമന്ത്രി മുഖേന വിഷയം കൊണ്ടുവരണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളായി രജിസ്റ്റർചെയ്ത്‌ ആശുപത്രികൾക്ക് ആദായനികുതി ഒഴിവാക്കാൻ നിയമപരമായ തടസ്സങ്ങളില്ല. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് മൾട്ടി സ്‌റ്റേറ്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ആവശ്യമുള്ള ഭേദഗതി പരിഗണിക്കുമെന്ന് സഹകരണമേഖലയുടെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top