20 November Wednesday

അഞ്ചേരി ബേബിവധകേസ് : കെ കെ ജയചന്ദ്രനെ പ്രതിചേര്‍ത്തത്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കൊച്ചി
അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അടക്കമുള്ളവരെ പ്രതിയാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സർക്കാർ നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ ആവശ്യം അംഗീകരിച്ച്‌ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ 2016ലെ ഉത്തരവാണ് ജസ്റ്റിസ് പി ഉബൈദ് റദ്ദാക്കിയത്. ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിക്കാൻവേണ്ട തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൊടുപുഴ കോടതി വിധിക്കെതിരെ ജയചന്ദ്രനും എ കെ ദാമോദരനും നൽകിയ ഹർജികളാണ് പരിഗണിച്ചത്.

ഹർജി ഫയൽ ചെയ്ത് കുറച്ചു നാളുകൾക്കുശേഷം എ കെ ദാമോദരൻ മരിച്ചു. തൊടുപുഴ കോടതി പ്രതിയാക്കിയവരുടെ പേര് എഫ്‌ഐആറിലും കുറ്റപത്രത്തിലും ഉണ്ടായിരുന്നില്ലെന്ന് വിധിയിൽ പറയുന്നു. ഏതോ ഒറ്റപ്പെട്ട സാക്ഷികൾ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത്‌.  കക്ഷി ചേർക്കാൻ അപേക്ഷ നൽകുന്ന രീതി സിവിൽ കേസുകളിലാണുള്ളത്. സിവിൽ കേസുകളിൽ ആളുകളെ കക്ഷി ചേർക്കുന്നപോലെ ക്രിമിനൽ കേസുകളിൽ നിസാരമായി ആളുകളെ പ്രതിചേർക്കാനാകില്ല. ഇത് ക്രിമിനൽ നിയമത്തിനും ക്രിമിനൽ ജസ്റ്റിസ് തത്വങ്ങൾക്കും എതിരാണ്. വിചാരണഘട്ടത്തിൽ കുറ്റപത്രത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമേ പുതുതായി ആരെയെങ്കിലും പ്രതി ചേർക്കാനാകൂ എന്നാണ് ക്രിമിനൽ നടപടി ചട്ടം പറയുന്നത്. എന്നാൽ സിആർപിസിയിലെ 193–-ാം വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതി നടപടി സ്വീകരിച്ചത്. വിചാരണഘട്ടംവരെ കാത്തിരിക്കുന്നതിന് പകരം പ്രോസിക്യൂട്ടർ തെറ്റായി പ്രവർത്തിച്ചു. സുപ്രീംകോടതി വിധികളുടെ അന്തസത്ത മനസ്സിലാക്കാതെ വിചാരണക്കോടതി ഇത് അംഗീകരിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ദാമോദരൻ മരിച്ച സാഹചര്യത്തിൽ പ്രതിപ്പട്ടികയിൽനിന്ന് നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് ഭാര്യ സരോജിനി നൽകിയ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. ആരോപണ വിധേയർക്കുവേണ്ടി സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ ഹാജരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top