15 October Tuesday

ഭൂമി ഏറ്റെടുക്കല്‍ : നഷ്ടപരിഹാരം വൈകിക്കരുത്‌: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019


കൊച്ചി
ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാരം വൈകിപ്പിക്കരുതെന്ന്‌ ഹൈക്കോടതി. മുന്നുമാസത്തിനകം പണം നൽകണമെന്ന് പലതവണ ഉത്തരവിറക്കിയിട്ടുണ്ട്. ഇത്‌ നടപ്പാക്കാതെ, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന ന്യായം പറഞ്ഞ്‌ വിധികളുടെ ഫലം സാധാരണക്കാർക്ക് ലഭിക്കുന്നത് ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. കൊച്ചി നഗരസഭ ഏറ്റെടുത്ത ഭൂമിക്ക്‌, വർധിപ്പിച്ച നഷ്ടപരിഹാരം ലഭിക്കാത്തത്‌ ചോദ്യം ചെയ്ത് എറണാകുളം കണ്ടനാട് സ്വദേശി തോമസ് ജോൺ കിത്തു അടക്കം പത്തുപേർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിരീക്ഷണം.

നടപ്പാക്കിക്കിട്ടൽ ഹർജി ഒരു സിവിൽ പരിഹാരമാർഗം മാത്രമാണ്. ഇത്തരമൊരു ഹർജിയുടെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തിന് ഉതകുന്നതല്ല. പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുത്താൽ എത്രയും വേഗം നഷ്ടപരിഹാരം നൽകേണ്ടത് അധികൃതരുടെ ബാധ്യതയാണ്.

ഉത്തരവിന്റെ ഗുണം അവർക്ക് ലഭിക്കുമ്പോൾ മാത്രമേ നീതി ലഭിച്ചുവെന്ന് പറയാനാകൂ. അധികൃതർ അലംഭാവം കാട്ടുമ്പോൾ കോടതിക്ക് ഇടപെടേണ്ടിവരും. അതിനാൽ, മൂന്നു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ വേണ്ട തുക ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി അഡ്വ. ടി ആർ എസ് കുമാർ ഹാജരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top