24 April Wednesday

സേവനങ്ങളും സാധനസാമഗ്രികളും നീതിപൂര്‍വ്വം വിതരണം ചെയ്യണം; ശേഖരിക്കുന്നവക്ക്‌ കൃത്യമായ കണക്ക് വേണം: മന്ത്രി എ സി മൊയ്തീന്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

കൊച്ചി > ദുരിതാശ്വാസത്തിന്റെ ഭാഗമായി ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതായ എല്ലാ സാധന സാമഗ്രികള്‍ക്കും കൃത്യമായ കണക്കുണ്ടായിരിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശിച്ചു. ആലുവ താലൂക്ക് ഓഫീസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ആലുവ താലൂക്കിലെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിക്കുന്ന സാധന സാമഗ്രികളുടെ വിതരണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും തുല്യതയും നീതിയും ഉറപ്പാക്കണം. ഇതിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കണം. വിവിധ വകുപ്പുകള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ജനപ്രതിനിധികളുമായി ബന്ധപ്പെടുത്തി നടപ്പാക്കണം. ഇതു വഴി എവിടെയാണ് കുറവുള്ളതെന്നു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ശുചീകരണത്തിന് പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഈ ചുമതല ഏറ്റെടുക്കണം. വാര്‍ഡ്തല സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വാര്‍ഡ് അംഗം ചെയര്‍മാനായുള്ള സമിതിയില്‍ നിര്‍വഹണ ഉദ്യോഗസ്ഥനുമുണ്ടാകും. പഞ്ചായത്ത് സെക്രട്ടറിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ഓണത്തിനു മുന്‍പു തന്നെ കുടിവെള്ളവും വൈദ്യുതി വിതരണവും ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

പദ്ധതി ഫണ്ടില്‍ പ്രായോഗികമായി ഇപ്പോള്‍ ചെലവഴിക്കാന്‍ കഴിയാത്ത പണം ചെലവഴിക്കാം. പഞ്ചായത്ത്/ നഗര വകുപ്പുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടി സ്വീകരിക്കണം. സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായങ്ങള്‍ സമാഹരിക്കണം. വീട് വൃത്തിയാക്കുന്നതിനും പമ്പ് സെറ്റ്, ജനറേറ്റര്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നതിനും അധിക തുക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. ബ്ലീച്ചിഗ് പൗഡറുകളും മറ്റ് ശുചീകരണ വസ്തുക്കളും കുറവുള്ള സ്ഥലങ്ങളില്‍ അവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി ഡിഎംഒയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ 26 ഡോക്ടര്‍മാരുടെ സംഘം സേവനത്തിനായി എത്തിയിട്ടുണ്ട്. ബ്ലീച്ചിംഗ് പൗഡറുകളും മറ്റു ശുചീകരണ വസ്തുക്കളും എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് അംഗങ്ങളുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശിച്ചു.

കേരളത്തിനു പുറത്ത് പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായിട്ടുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍, പ്രത്യേക പ്രശ്‌നമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മരിച്ച കീഴ്മാട് പഞ്ചായത്തിലെ മണികണ്ഠന്റെ കുടുംബത്തിന് പ്രത്യേക സഹായം നല്‍കുന്ന കാര്യം പരിഗണിക്കും. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ചെങ്കല്‍തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നവും ചര്‍ച്ച ചെയ്യും. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഇതിനാവശ്യമായ തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കാം. അങ്കമാലിമഞ്ഞപ്ര റോഡിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലുണ്ടായ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും മാതൃകാപരമായ രീതിയില്‍ നിര്‍വഹിച്ച ജില്ല കളക്ടറെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top