19 September Saturday
സംസ്ഥാനത്തെ മരണം 0.32 ശതമാനം; ദേശീയ മരണനിരക്ക്‌ 2.41

കോവിഡ് പ്രതിരോധം: കേരളം പരിശോധനയില്‍ മുന്നില്‍, മരണനിരക്കില്‍ പിന്നില്‍

എം പ്രശാന്ത‌്Updated: Thursday Jul 23, 2020

ന്യൂഡൽഹി > രാജ്യത്ത് ഒരു കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് അസമിലും കേരളത്തിലും. സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ മരിച്ചത് 0.32 ശതമാനം പേർമാത്രം‌.  

അസമിൽ ഇത്‌ 0.27 ശതമാനം. ദേശീയതലത്തിൽ മരണനിരക്ക്‌ 2.41 ശതമാനം. കുറഞ്ഞ മരണനിരക്കിനു പുറമെ കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കും ഉയർന്ന പരിശോധനാ നിരക്കും കേരളത്തിലെ കോവിഡ്‌ പ്രതിരോധത്തെ ദേശീയതലത്തിൽ മികവുറ്റതാക്കി.ഗുജറാത്തിലും (4.36), മഹാരാഷ്ട്രയിലുമാണ്‌ (3.75) ഏറ്റവും ഉയർന്ന മരണനിരക്ക്‌. മധ്യപ്രദേശ്‌ (3.14), ഡൽഹി (2.95), ബംഗാൾ (2.51) എന്നിവിടങ്ങളില്‍ മരണം ദേശീയ ശരാശരിക്കും മുകളില്‍. കുറഞ്ഞ രോഗസ്ഥിരീകരണനിരക്കുള്ള സംസ്ഥാനങ്ങളിൽ ഏഴാമതാണ് കേരളം.ഉയർന്ന പരിശോധനാ നിരക്കിൽ ഒമ്പതാമതും‌. കേരളത്തിൽ രോഗസ്ഥിരീകരണ നിരക്ക്‌ ജൂലൈ 21ലെ കണക്കുപ്രകാരം പത്തുലക്ഷം പേരിൽ 398.43. പരിശോധനാനിരക്ക് പത്തുലക്ഷം പേരിൽ 16150. കേരളത്തേക്കാൾ കുറഞ്ഞ   നിരക്ക്‌ ജാർഖണ്ഡ്‌ (165.63), ഛത്തീസ്‌ഗഢ്‌ (199.52), യുപി (236.86), ബിഹാർ (238.99), മധ്യപ്രദേശ്‌ (293.01), പഞ്ചാബ്‌ (364.68) എന്നിവിടങ്ങളില്‍മാത്രം. ഈ സംസ്ഥാനങ്ങളെല്ലാം പരിശോധനാ നിരക്കില്‍ ഏറെ പിന്നില്‍‌. ജാർഖണ്ഡിൽ 6164 മാത്രമാണ്‌ പരിശോധനാ നിരക്ക്‌. ഛത്തീസ്‌ഗഢിൽ 8849, യുപിയിൽ 6908, ബിഹാറിൽ 3338, മധ്യപ്രദേശിൽ 7674 മാത്രം.ഏറ്റവും ഉയർന്ന പരിശോധനാ നിരക്കുള്ള ഡൽഹിയിലാണ്‌ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്ക്. ഡൽഹിയിൽ 10 ലക്ഷം പേരിൽ 42,965 പരിശോധന. രോഗസ്ഥിരീകരണം പത്തുലക്ഷം പേരിൽ 6313.32 പേരില്‍. ഡൽഹി കഴിഞ്ഞാൽ ഉയർന്ന രോഗസ്ഥിരീകരണ നിരക്ക്‌ മഹാരാഷ്ട്രയിലും (2677.22), തമിഴ്‌നാട്ടിലുമാണ്‌ (2386.46).

സമൂഹവ്യാപനമില്ലെന്ന്‌ കേന്ദ്രം
രാജ്യത്ത്‌ കോവിഡ്‌ സമൂഹവ്യാപനത്തിലേക്ക്‌ കടന്നിട്ടില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രോഗവ്യാപനം തീവ്രമായ ക്ലസ്റ്ററുകളുണ്ട്, പ്രാദേശികമായി ചില കേന്ദ്രങ്ങളില്‍ വ്യാപനമുണ്ടായി. അതല്ലാതെ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ഒഎസ്‌ഡി രാജേഷ്‌ ഭൂഷൺ പറഞ്ഞു. സമൂഹവ്യാപനത്തെ ലോകാരോഗ്യസംഘടന നിർവചിച്ചിട്ടില്ല. വ്യാപനം ഏത്‌ ഘട്ടത്തിലെന്ന്‌ നിർണയിക്കാൻ രാജ്യങ്ങൾക്ക്‌ സ്വാതന്ത്ര്യമുണ്ട്. വ്യാപനശൃംഖല കണ്ടെത്താനാകാതെ വരികയും രോഗബാധ ആരിൽനിന്നെന്ന്‌ അറിയാതാവുകയും ചെയ്യുമ്പോഴാണ്‌ സമൂഹവ്യാപനം സംഭവിക്കുക. ഇന്ത്യയിൽ അങ്ങനെയുണ്ടായിട്ടില്ല–- ഭൂഷൺ പറഞ്ഞു.

● ഓഫീസില്‍ ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഹിമാചൽ മുഖ്യമന്ത്രി ക്വാറന്റൈനിൽ.
● ഡൽഹിയിൽ എല്ലാ മാസവും ഒന്നുമുതൽ അഞ്ചുവരെ കോവിഡ്‌ വ്യാപനത്തോത്‌ മനസ്സിലാക്കുന്നതിനുള്ള സെറോ സർവേ നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top