24 September Thursday

എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ ക്രമക്കേട്‌ കുറ്റപത്രം എഡിജിപിക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jul 23, 2020


കൊല്ലം
കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ ക്രമക്കേടിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം അന്വേഷകസംഘം  ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക്‌ ‌കൈമാറി. വിജിലൻസ്‌ (സ്‌പെഷ്യൽ യൂണിറ്റ്‌) എസ്‌പി ഷാജി സുഗുണന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിച്ചത്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടൻ  കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന്‌ ‌ഷാജി സുഗുണൻ പറഞ്ഞു.

പരാതിയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ‌ ചൊവ്വാഴ്‌ച കൊല്ലം ‌ക്രൈംബ്രാഞ്ചിൽ വെള്ളാപ്പള്ളി അനുബന്ധരേഖകൾ ഹാജരാക്കിയെങ്കിലും അപൂർണമായതിനാൽ അംഗീകരിച്ചില്ല. ഇതിനിടെ അന്വേഷക ഉദ്യോഗസ്ഥനെ മാറ്റണമെന്ന്‌ ‌ആവശ്യപ്പെട്ട്‌ വെള്ളാപ്പള്ളി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ബുധനാഴ്‌ച തള്ളി. ക്രൈംബ്രാഞ്ചിലിരിക്കെ കേസ്‌ അന്വേഷിച്ച ഷാജി സുഗുണൻ ഇപ്പോൾ വിജിലൻസ്‌ എസ്‌പിയാണ്‌. അതിനാൽ അദ്ദേഹം ‌കുറ്റപത്രം സമർപ്പിക്കുന്നതിന്റെ നിയമസാധുത ചോദ്യംചെയ്‌തായിരുന്നു ഹർജി‌. 

1997ൽ എസ്‌എൻ കോളേജ് സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചതിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് കേസ്. ആഘോഷ കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്ന കടപ്പാക്കട ചൈതന്യയിൽ പി സുരേന്ദ്രബാബുവാണ്‌ പരാതിക്കാരൻ.

വെള്ളാപ്പള്ളി ഹർജി പിൻവലിച്ചു
കൊച്ചി
കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പുകേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളാപ്പള്ളി നടേശൻ പിൻവലിച്ചു. കേസിൽ ഹൈക്കോടതിയുടെ ഉത്തരവുകൾ പരിശോധിച്ച കോടതി ഹർജി പിൻവലിക്കുന്നതാകും ഉചിതമെന്നും പിഴചുമത്തുമെന്നും വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്.

പുതിയ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അന്വേഷണം പൂർത്തിയാക്കുംവരെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഹർജി നൽകിയിരുന്നത്‌. തന്റെ പരാതി കേൾക്കാൻ കോടതി നിർദേശിച്ചിരുന്നുവെന്നും എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുന്നില്ലെന്നും പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. സുവർണ ജൂബിലി ആഘോഷനടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി പിരിച്ച തുകയിൽ 48 ലക്ഷം രൂപ വെട്ടിച്ചെന്നാണ് കേസ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top