22 October Tuesday

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ‌്‌ ; യുഡിഎഫിൽ 2 സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


സ്വന്തം ലേഖകൻ
കോട്ടയം ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് കേരള കോൺഗ്രസ‌് ജോസ‌് കെ മാണി വിഭാഗത്തിനെതിരെ പി ജെ ജോസഫ‌് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ജോസിന്റെ കൂടെയുണ്ടായിരുന്ന കങ്ങഴ ഡിവിഷനിലെ അജിത‌് മുതിരമലയെ മറുകണ്ടം ചാടിച്ചാണ‌് ജോസഫ‌് പക്ഷം സ്ഥാനാർഥിയാക്കിയത‌്. അജിതിന‌് വോട്ടു ചെയ്യണമെന്ന‌് ജോസഫ‌് അംഗങ്ങൾക്ക‌് വിപ്പും നൽകി. അതേസമയം ജോസ‌് വിഭാഗത്തിലെ  അഡ്വ. സെബാസ‌്റ്റ്യൻ കുളത്തുങ്കലിന‌് വോട്ടുചെയ്യണമെന്ന‌് ജില്ലാ പ്രസിഡന്റ‌് സണ്ണി തെക്കേടവും വിപ്പ‌് നൽകിയിട്ടുണ്ട‌്. ബുധനാഴ‌്ചയാണ‌് തെരഞ്ഞെടുപ്പ‌്. ഇതോടെ ആരെ പിന്തുണക്കും എന്നറിയാതെ കോൺഗ്രസ‌് വെട്ടിലായി.

പാർടി ആക‌്ടിങ‌് ചെയർമാനായ തനിക്ക‌് മാത്രമേ വിപ്പ‌് നൽകാനും ചിഹ‌്നം അനുവദിക്കാനും അധികാരമുള്ളൂവെന്ന‌് ജോസ‌ഫ‌് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ സജി മഞ്ഞക്കടമ്പനെ പാറടിയുടെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ‌്തു. തെരഞ്ഞെടുപ്പ‌് കമീഷനു മുന്നിൽ പി ജെ ജോസഫ‌് വർക്കിങ‌് ചെയർമാനായ കേരള കോൺഗ്രസ‌് മാത്രമേയുള്ളൂവെന്ന‌് മോൻസ‌് ജോസഫ‌് വ്യക്തമാക്കി. ഔദ്യോഗികമായി അജിത‌് മുതിരമലയാണ‌് സ്ഥാനാർഥിയെന്നും ഇക്കാര്യം കോൺഗ്രസ‌് നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത‌് സെക്രട്ടറിയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

ആരെ പിന്തുണക്കണമെന്ന‌് കോൺഗ്രസ‌് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല‌. സമവായത്തിന‌് ശ്രമിക്കുന്നുവെന്നാണ‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത‌്. യുഡിഎഫ‌് ധാരണ പ്രകാരം അവസാന വർഷം പ്രസിഡന്റ‌് പദവി കേരള കോൺഗ്രസിനാണ‌്. ഇതുപ്രകാരം  പ്രസിഡന്റായിരുന്ന കോണഗ്രസിലെ സണ്ണി പാമ്പാടി രാജിവച്ചു. കേരള കോൺഗ്രസ‌് ജോസ‌് വിഭാഗം  ജോസഫിന്റെ അനുയായി സെബാസ‌്റ്റ്യൻ കുളത്തുങ്കലിനെ ഏകകണ‌്ഠമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. പിന്നാലെ വിപ്പ‌് വിവാദം സൃഷ‌്ടിച്ചും അജിത‌് മുതിരമലയെ പിടിച്ചെടുത്തും ജോസഫും കണക്കു തീർത്തു.

ജോസ‌് വിഭാഗം 4 വോട്ടിൽ ഒതുങ്ങുമെന്ന‌്
ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന‌് എട്ടും കേരള കോൺഗ്രസിന‌് ആറും എൽഡിഎഫിന‌് ഏഴും അംഗങ്ങളാണുള്ളത‌്. ജനപക്ഷത്തിന‌് ഒരംഗവുമുണ്ട‌്. അജിത്തിനെ കൂടാതെ കേരള കോൺഗ്രസിലെ ഒരംഗം കൂടി കൂടെയുണ്ടെന്ന‌് ജോസഫ‌് വിഭാഗം പറയുന്നു. കോൺഗ്രസിന്റെ എട്ടംഗങ്ങൾ കൂടിയാകുമ്പോൾ പത്തു വോട്ട‌് ലഭിക്കുമെന്നും ജോസ‌് വിഭാഗത്തിന്റെ വോട്ട‌് നാലിലൊതുങ്ങുമെന്നുമാണ‌് കണക്കുകൂട്ടൽ.


പ്രധാന വാർത്തകൾ
 Top