07 December Saturday

ശബരിമല വിധിയ‌്ക്കുശേഷം നവോത്ഥാന മുന്നേറ്റത്തിന‌് തിരിച്ചടിയുണ്ടായി:- എം കെ സാനു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019


കൊച്ചി
ശബരിമല യുവതീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിക്ക‌് ശേഷം കേരളത്തിൽ നവോത്ഥാന മുന്നേറ്റത്തിന‌് തിരിച്ചടിയുണ്ടായതായി പ്രൊഫ. എം കെ സാനു. കേരള പുലയർ യുവജന യൂത്ത‌് മൂവ‌്മെന്റ‌് (കെപിവൈഎം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘നവോത്ഥാന വഴികളിലെ യുവ ചിന്തകൾ’ എന്ന സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാതുർവർണ്യം നല്ലതാണെന്നാണ‌് ചിലർ വാദിക്കുന്നത‌്. സഹോദരന്മാരെ അടിമകളാക്കാനാണ‌് ഭാവമെങ്കിൽ അത്തരം അമ്പലങ്ങൾ കത്തിക്കാനാണ‌് വി ടി ഭട്ടതിരിപ്പാട‌് എഴുതിയത‌്. ശബരിമല വിധിയെ ആദ്യം അംഗീകരിച്ചവർ പിന്നീട‌് നിലപാട‌് മാറ്റി.  അയ്യപ്പൻ നൈഷ‌്ഠിക ബ്രഹ‌്മചാരിയാണെന്ന‌് വാദിച്ചു. ആർത്തവമുള്ള സ‌്ത്രീകൾ പ്രവേശിച്ചാൽ ബ്രഹ്മചര്യം തകരുമെന്ന‌് പറഞ്ഞു. ദൈവത്തിനും മനുഷ്യരെപ്പോലെ ദൗർബല്യമുണ്ടെന്ന‌് കരുതിയില്ല. ആചാരത്തിന്റെ പേരിലും യുവതീ പ്രവേശത്തെ ചിലർ എതിർത്തു. നവോത്ഥാനം മാനവികതയാണെന്നും ഐക്യമില്ലായ‌്മയാണ‌് അടിമത്തത്തിലേക്ക‌് നയിക്കുന്നതെന്നും പ്രൊഫ. എം കെ സാനു പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധിയോട‌് കേരളത്തിലെ യുവത്വം പ്രതിലോമകരമായ നിലപാട‌ാണ‌് സ്വീകരിച്ചതെന്നും നവോത്ഥാന മൂല്യങ്ങളോടുള്ള അജ‌്ഞതയാണ‌് ഇവരിലുണ്ടായതെന്നും ഡോ. സെബാസ‌്റ്റ്യൻ പോൾ പറഞ്ഞു. യുവതലമുറ സുപ്രീംകോടതി വിധിയെ എങ്ങനെ സ്വീകരിച്ചുവെന്ന‌് പരിശോധിക്കണം. ഭരണഘടനാപരമായ ധാർമികത ഉയർത്തിപ്പിടിച്ച വിധിയെക്കുറിച്ച‌് മാധ്യമങ്ങൾ നിലപാട‌് വ്യക്തമാക്കിയില്ല. നവോത്ഥാന മൂല്യങ്ങളെ സ്വീകരിക്കാനുള്ള മാനസികവളർച്ച കേരളത്തിൽ ഇനിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകൻ അഭിലാഷ‌് മോഹൻ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ കെ സന്തോഷ‌്കുമാർ മോഡറേറ്റായി. കെപിവൈഎം ജനറൽ സെക്രട്ടറി സുഭാഷ‌് എസ‌് കല്ലട സ്വാഗതവും പ്രസിഡന്റ‌്  പ്രശോഭ‌് ഞാവേലി നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top