തിരുവനന്തപുരം
ഗ്രാമ –-നഗരവികസനവകുപ്പുകൾ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശഭരണവകുപ്പായി. ഇതുസംബന്ധിച്ച കരട് ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെയാണ് സംയോജനം പൂർണമായത്. സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷണൽ ഡയറക്ടറുടെ തസ്തിക നഗരവിഭാഗത്തിൽ സൃഷ്ടിക്കും. ജില്ലാതലത്തിൽ വകുപ്പുമേധാവികളെ നിയമിക്കാൻ ഏഴ് ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും. റഗുലർ സ്കെയിലുമായി പൊരുത്തപ്പെടാത്ത ശമ്പള സ്കെയിലുകൾ ഏകീകരിച്ചു.
കോർപറേഷൻ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തസ്തികകൾ ജോയിന്റ് ഡയറക്ടർ തസ്തികയായി അപ്ഗ്രേഡ് ചെയ്തു. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് ഒന്ന് തസ്തിക ഡെപ്യൂട്ടി ഡെവലപ്മെന്റ് കമീഷണർക്കു തുല്യമായി ഡെപ്യൂട്ടി ഡയറക്ടറായും ഗ്രേഡ് മൂന്ന് സീനിയർ സെക്രട്ടറിയായും അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഏകീകൃതവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർവൈസർ തസ്തിക ക്ലീൻ സിറ്റി മാനേജരായും ക്യാമ്പയിൻ ഓഫീസർ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷൻ ഓഫീസറായും മാറ്റി ഗ്രേഡ് ഉയർത്തും. പഞ്ചായത്തുവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് തസ്തിക പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്കു തുല്യമാക്കി തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..