23 August Friday

5 മാസമായി ശമ്പളമില്ല പിന്നാലെ പിരിച്ചുവിടൽ ; പരിധിക്കുപുറത്ത് ബിഎസ‌്എൻഎൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


സ്വന്തം ലേഖകൻ
കേന്ദ്ര സർക്കാരും മാനേജ‌്മെന്റും ചേർന്ന‌് നിലയില്ലാക്കയത്തിലേക്ക‌് തള്ളിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ‌്എൻഎല്ലിലെ കരാർ ജീവനക്കാർക്ക‌് ശമ്പളം ലഭിച്ചിട്ട‌് അഞ്ച‌ുമാസം. ഫെബ്രുവരിമുതൽ ശമ്പളത്തിനായി കേരള സർക്കിളിലെ 6778 തൊഴിലാളികള്‍ ചീഫ‌് ജനറൽ മാനേജരുടെ കനിവ‌ിനായി യാചിക്കുമ്പോൾ കിട്ടിയത് പിരിച്ചുവിടൽ നോട്ടീസ‌്.

രാജ്യത്ത‌് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ‌് മാനേജ‌്മെന്റ‌് നിർദേശം. കേരളത്തിൽ ആയിരത്തോളംപേരെ പിരിച്ചുവിടാനാണ് നീക്കം. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ഇവര്‍ക്ക് നല്‍കില്ല. ശമ്പള കുടിശ്ശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാൻ മാനേജ‌്മെന്റ‌് തയ്യാറല്ല. 56 വയസ്സ‌് തികഞ്ഞവരെല്ലാം പണി മതിയാക്കണമെന്നാണ് നിര്‍ദേശം.കേന്ദ്ര സർക്കാരിന്റെ പെൻഷൻ പ്രായം 60 ആണ‌്.

2000 മുതൽ പുതിയ നിയമനങ്ങളോ തസ‌്തികകളോ സൃഷ്ടിക്കാത്ത ബിഎസ‌്എൻഎല്ലിൽ കരാർ തൊഴിലാളികളാണ‌് കൂടുതലും സേവനമനുഷ‌്ഠിക്കുന്നത‌്. ഉത്തർപ്രദേശ‌ില്‍ പത്തുമാസത്തെയും  കർണാടകത്തിൽ എട്ടുമാസത്തെയും തമിഴ‌്നാട്ടില്‍  അഞ്ചുമാസത്തെയും ശമ്പളം കുടിശ്ശികയാണ‌്. രാജ്യവ്യാപക പ്രക്ഷേ‌ാഭത്തിന‌് ഒരുങ്ങുകയാണ‌് തൊഴിലാളികൾ.

ജീവനക്കാരിൽനിന്ന‌് കേന്ദ്രം പിഴിഞ്ഞത‌് 2500 കോടി
കേന്ദ്ര സർക്കാർ ബിഎസ‌്എൽഎൽ ജീവനക്കാരിൽനിന്ന‌് പങ്കാളിത്ത പെൻഷൻ ഇനത്തിൽ ഇതുവരെ കവർന്നത‌് 2500 കോടി രൂപ. ശമ്പള സ‌്കെയിലിലെ അടിസ്ഥാന ശമ്പളത്തിൽനിന്ന‌ാണ‌് പെൻഷൻ ഫണ്ടിലേക്ക‌് നിശ‌്ചിത ശതമാനം തുക വാങ്ങേണ്ടത‌്. എന്നാൽ, വാങ്ങുന്നത‌് ശമ്പള സ‌്കെയിലിലെ മാക‌്സിമത്തിൽനിന്നാണ‌്. 20,000–-40,000 ശമ്പള സ‌്കെയിലുള്ള ജീവനക്കാരന‌് 25,000 രൂപയാണ‌് ശമ്പളം ലഭിക്കുന്നതെങ്കിലും 40,000 രൂപയുടെ നിശ‌്ചിത ശതമാനം  പെൻഷൻ ഫണ്ടിലേക്ക‌് നൽകണം.

അനിശ‌്ചിതകാലസമരം ഇന്ന‌ുമുതല്‍
ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ തിങ്കളാഴ‌്ചമുതൽ തിരുവനന്തപുരത്ത‌് ചീഫ‌് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ‌്ചിതകാല സത്യഗ്രഹം ആരംഭിക്കും. ജൂലൈ ഒന്നുമുതൽ പ്രക്ഷേ‌ാഭം ജില്ലാ ഓഫീസുകൾക്കു മുന്നിലേക്ക‌് വ്യാപിപ്പിക്കുമെന്ന‌് ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബേഴ‌്സ‌് യൂണിയൻ (സിഐടിയു) വർക്കിങ്‌ പ്രസിഡന്റ‌് കെ മോഹനനും സെക്രട്ടറി എൻ ആർ സോമശേഖരൻ നായരും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top