02 June Tuesday

ലൈഫിൽ 219154 വീടൊരുങ്ങി; 100 കേന്ദ്രത്തിൽ ഭവനസമുച്ചയങ്ങൾ ജനുവരിയോടെ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

സംസ്ഥാനത്ത്‌ ലൈഫ്‌ പദ്ധതിയിൽ രണ്ട്‌ ഘട്ടമായി 2,19,154 വീട്‌ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പല കാരണങ്ങളാൽ നിർമാണം മുടങ്ങിപ്പോയ ഒന്നാംഘട്ടത്തിലെ 52,084 വീട്‌ പൂർത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അർഹരെയാണ് കണ്ടെത്തിയത്. ഇതിൽ 96.15 ശതമാനം പൂർത്തിയായി. ബാക്കിയുള്ളതിൽ 1266 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരെയാണ്‌ പരിഗണിച്ചത്. ഇതിൽ 77,424 വീട്‌ പൂർത്തിയായി;- 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളിൽ പുതുതായി  കരാർ വച്ച 2065 എണ്ണം ഒഴികെയുള്ളവ  നിർമാണ പുരോഗതിയിലാണ്.  

പിഎംഎവൈ (അർബൻ)- 48,446, പിഎംഎവൈ (റൂറൽ)- 16,703, പട്ടികജാതി വിഭാഗം- 19,018, പട്ടികവർഗ വിഭാഗം- 1745, മത്സ്യത്തൊഴിലാളി വിഭാഗം- 3734 വീടുകൾ പൂർത്തിയായി.  രണ്ടാംഘട്ടത്തിൽ 3332 കോടി രൂപ ഗുണഭോക്താക്കൾക്ക് ധനസഹായമായി നൽകി. ഈ വിഭാഗത്തിൽ നാലുലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഈ വിഭാഗത്തിൽ 1,06,792 അർഹരെ കണ്ടെത്തി. ഗുണഭോക്താക്കൾ എൺപതോ അതിൽ കുറവോ ആയ പഞ്ചായത്തുകളിൽ പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി വീട് നിർമിച്ചുനൽകും. 627 പഞ്ചായത്തിൽ ഗുണഭോക്താക്കളുടെ എണ്ണം എൺപതോ അതിൽ കുറവോ ആണ്‌. 

100 കേന്ദ്രത്തിൽ ഭവനസമുച്ചയങ്ങൾ ജനുവരിയോടെ
ഭവനസമുച്ചയങ്ങൾ നിർമിക്കാൻ മുന്നൂറോളം സർക്കാർ സ്ഥലങ്ങൾ ലൈഫ് മിഷൻ കണ്ടെത്തിയിട്ടുണ്ട്‌.  ഏഴ് സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയം  ഡിസംബറിൽ പൂർത്തിയാക്കും.  15 സമുച്ചയങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു. ഇതടക്കം നൂറോളം സമുച്ചയങ്ങൾ 2021 ജനുവരിയോടെ പൂർത്തിയാക്കും. 

പ്രതിസന്ധിക്കിടയിലും 2.19 ലക്ഷം പേർക്ക്  പാർപ്പിടമൊരുക്കി എന്നത്  സർക്കാർ  ഇടപെടലിന്റെ വിജയമാണ്.  ലൈഫിന്റെ പുരോഗതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്ലാഘനീയമായ പങ്കുവഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top