14 July Tuesday

പെട്രോൾ ബോംബ്‌ ആക്രമണത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
പച്ചാളത്ത്‌ ഓട്ടോഡ്രൈവറുടെ പെട്രോൾ ബോംബ്‌ ആക്രമണത്തിൽ പൊള്ളലേറ്റ യുവാവ്‌ മരിച്ചു. ചേർത്തല എഴുപുന്ന കോതേക്കാട്ടുവീട്ടിൽ കെ ആർ റെജിൻദാസാണ്‌ (34) മരിച്ചത്‌. ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റ റെജിൻദാസിന്‌ ലൂർദ്‌ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തിയിരുന്നു.  മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകി.

ലൂർദ്‌ ആശുപത്രിയിൽ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന റെജിൻദാസ്‌ പച്ചാളത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട്‌ പച്ചാളത്ത്‌ ഷണ്മുഖപുരം സഹകരണ ബാങ്കിനുസമീപത്തെ തട്ടുകടയിൽ നിൽക്കുമ്പോഴാണ്‌ ഓട്ടോഡ്രൈവർ ഫിലിപ്പ്‌ പെട്രോൾ ബോംബെറിഞ്ഞത്‌. ഓട്ടോ ഓടിച്ചുവന്ന ഫിലിപ്പ്‌ പെട്രോൾ നിറച്ച കുപ്പിയിൽ തീകൊളുത്തി തട്ടുകട ഉടമ പങ്കജാക്ഷനുനേരെ എറിയുകയായിരുന്നു. ഇവർ അയൽവാസികളാണ്‌. എന്നാൽ, റെജിൻദാസിന്റെ ദേഹത്താണ്‌ പെട്രോൾ ബോംബ്‌ പതിച്ചത്‌. ശരീരമാകെ തീപടർന്ന റെജിൻദാസ്‌ പുറത്തേക്ക്‌ ഓടാൻ ശ്രമിച്ചു. എന്നാൽ, തീ ആളിപ്പടർന്നതോടെ വീണു. തുടർന്ന്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തട്ടുകട ഉടമ പച്ചാളം പാറയ്ക്കൽവീട്ടിൽ പങ്കജാക്ഷനും പൊള്ളലേറ്റ്‌ ചികിത്സയിലാണ്‌.

ആക്രമണം നടത്തിയ ഫിലിപ്പിന്‌ മാനസികപ്രശ്നമുള്ളതായി പൊലീസ്‌ പറഞ്ഞു. ഇയാൾ പിന്നീട്‌ അൽപ്പമകലെയുള്ള എടിഎം കൗണ്ടറിലുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചെങ്കിലും അയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന്‌ വടുതല കർഷകറോഡിലെ  വീടിനടുത്തെത്തിയ ഫിലിപ്പ്‌ ഓട്ടോയിലും സ്വന്തം ദേഹത്തും പെട്രോളൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കി.


പ്രധാന വാർത്തകൾ
 Top