25 June Tuesday

കരുത്തോടെ തിരിച്ചുവരും: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണെന്നും  ഇത് താൽക്കാലികമായ പരാജയംമാത്രമാണെന്നും ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ പറഞ്ഞു. കേന്ദ്രത്തിൽ മോഡി സർക്കാരിനെ തുരത്തുന്നതിന് മതന്യൂനപക്ഷം ഉൾപ്പെടെയുള്ള മതേതരവിശ്വാസികൾ കോൺഗ്രസിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ‌്തു. ഇത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിച്ചതുമാത്രമാണ്. ഇതൊരു സ്ഥായിയായ രാഷ്ട്രീയ പ്രതിഭാസമല്ല. കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരും. 

കേരളത്തിന്റെ പുരോഗമനസ്വഭാവത്തെ തകർക്കുന്നതിനും വർഗീയമായി വിഭജിക്കുന്നതിനും എല്ലാ ശ്രമങ്ങളും ആർഎസ്എസിനൊപ്പം കോൺഗ്രസും നടത്തിയെന്നത് മാപ്പർഹിക്കാത്ത അപരാധമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചത് കടുത്ത വർഗീയസമീപനങ്ങളാണ‌്. ബിജെപിയുടെ തീവ്ര ഹിന്ദുത്വനീക്കങ്ങൾക്കൊപ്പം കോൺഗ്രസും സഞ്ചരിച്ചു. വർഗീയമായി കേരളത്തെ വിഭജിച്ച് വോട്ട് നേടാൻ കോൺഗ്രസും ബിജെപിയും നടത്തിയ അധമമായ രാഷ്ട്രീയനീക്കങ്ങൾ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണം. മോഡിക്കെതിരെ മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ വിജയം കൈവരിക്കാൻ സാധിക്കാതെ പോയത് ജനാധിപത്യവിശ്വാസികളെ ഒരുപോലെ ദുഃഖിപ്പിക്കുന്നതാണ്‌–- ഡിവൈഎഫ്ഐ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top