04 July Saturday

ന​ഗരമധ്യത്തിൽ തണലായുണ്ട‌് അപൂർവമരങ്ങളുടെ ഈ കാട്

സന്തോഷ‌്ബാബുUpdated: Tuesday Apr 23, 2019


കൊച്ചി
‘‘ഭൂമിക്ക് വല്ലാതെ പൊള്ളുമ്പോൾ മരങ്ങളുടെ ഈ കുടയല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഇതൊരു പ്രായശ‌്ചിത്തംകൂടിയാണ്; മനുഷ്യൻ ഭൂമിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഒരു പ്രായശ‌്ചിത്തം.’’  കൊച്ചി ന​ഗരത്തിന്റെ നടുക്ക് 50 വർഷംകൊണ്ട് വളർത്തിയെടുത്ത കാടിനകത്തുനിന്ന് ഭൗമദിനത്തിൽ പുരുഷോത്തമ കമ്മത്ത് എന്ന മുൻ ബാങ്ക് ജീവനക്കാരൻ പറഞ്ഞു. 

അപൂർവമായ ചെന്തരുണി, ഇന്തോനേഷ്യയിൽനിന്ന‌് കൊണ്ടുവന്ന മക്കൊട്ടദേവ അഥവാ ദേവകിരീടം,  അകിൽ, മേധ, ചന്ദനം,  തുടങ്ങി രാമായണകഥയിലെ ശിംശിപാ വൃക്ഷംവരെ ഒന്നര ഏക്കർ വിസ‌്തൃതിയിലുള്ള ഈ ന​ഗരവനത്തിലുണ്ട്. ശിംശിപയെ ശ്രീലങ്കയിൽനിന്നുതന്നെ കൊണ്ടുവന്നതാണ്.   

  കൊച്ചി കാരണക്കോടം ശ്രീനാരായണ ദേവർ റോഡിലെ ഈ കാടിന് ആലുങ്കൽ ഫാം എന്നും പേരുണ്ട്. ഇവിടെനിന്നാരും ഒരു കരിയിലപോലും വെറുതെ എടുത്ത് കളയാറില്ല. വീണ മരങ്ങൾ അതേപടി കിടക്കുന്നു. പഴുത്ത അത്തിക്കായ്കളും ചാമ്പയും രുദ്രാക്ഷവും കുറ്റിക്കാടുകൾക്കിടയിൽ വീണുകിടക്കുന്നു. മരങ്ങൾക്കിടയിൽ കുയിലും ഉപ്പനും കുളക്കോഴിയും തുടങ്ങി  പലതരം പക്ഷികൾ സദാ ചിലയ‌്ക്കുന്നു. ഇടയ്ക്കിടെ കനത്ത പച്ചപ്പിനടിയിൽ പൂമ്പാറ്റകളുടെ നൃത്തം കാണാം. കാടിന് നടുവിലെ കുളത്തിൽ പല തരം മീനുകളും നിരവധി ആമകളും. പകലും പല നാദങ്ങളിൽ ചീവീടുകളുടെ പാട്ട് മുഴങ്ങിക്കേൾക്കാം. രാത്രി മിന്നാമിനുങ്ങുകളുടെ കൂട്ടം തിളങ്ങും. രണ്ടായിരത്തിലധികം ഔഷധസസ്യങ്ങളുണ്ട‌്. പ്രകൃതിസ്നേഹികൾക്ക് നൽകാനായി ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും പ്രത്യേകം വളർത്തുന്നു. 
സ്വാഭാവികമായ ഒരു കാട്ടിൽ എങ്ങനെയോ, അങ്ങനെത്തന്നെയാണ് ഞാൻ ഈ കാടും വളർത്തുന്നത്. ഇവിടെ വരുന്നവർക്ക് ഒരു കാട് അനുഭവപ്പെടണം. അതാണ് എന്റെ ലക്ഷ്യം.’’–- കമ്മത്ത് പറയുന്നു.

പുരുഷോത്തമ കമ്മത്തിനൊപ്പം ഇപ്പോൾ ഈ കാട് കാത്തുവയ്ക്കാൻ മകൻ ആനന്ദുമുണ്ട്. “”ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളമാണ് ഈ കാട്. ഈ പ്രപഞ്ചം നിലനിൽക്കുന്നതിന് ഞങ്ങളുടേതായ ഒരു പങ്ക്.’’–- ആനന്ദ് പറയുന്നു.

കൃഷിഭവന്റെ ആത്മ പരിപാടിയുടെ ഫാം സ്കൂൾകൂടിയാണ് ഇപ്പോൾ ഈ കാട്. പതിനായിരത്തോളം കുട്ടികൾ ഇവിടെ വന്ന് പ്രൊജക്റ്റുകൾ ചെയ്തു. ​ഗവേഷകരും വിദേശികളും നാട്ടുകാരും  കാടുകാണാൻ  ദിവസവും എത്തുന്നുണ്ട‌്.  ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരവും വനംമിത്ര അവാർഡും കമ്മത്തിനെ തേടിയെത്തി. പ്ലാന്റ‌് ജീനോം സേവ്യർ അവാർഡിന് കാർഷിക സർവകലാശാല ഇദ്ദേഹത്തെ ശുപാർശ ചെയ്തിട്ടുണ്ട‌്‌.


പ്രധാന വാർത്തകൾ
 Top