25 May Saturday

തെരഞ്ഞെടുപ്പ‌് ഇന്ത്യയുടെ നിലനിൽപ്പിന‌്

വി ജയിൻUpdated: Tuesday Apr 23, 2019



അടിയന്തരാവസ്ഥയുടെ കഠിനമായ അനുഭവങ്ങൾക്കുശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിലും രാജ്യം ഇത്ര ആശങ്കയിലമർന്നിട്ടില്ല. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനുംനേരെ കടുത്ത ആക്രമണമാണ‌് അടിയന്തരാവസ്ഥയിൽ ഉണ്ടായതെങ്കിലും ഇന്ത്യയെന്ന രാഷ്ട്രസങ്കൽപ്പത്തിനുനേരെ കടുത്തവെല്ലുവിളികൾ ഉയർന്നിരുന്നില്ല. 2014ൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം ഏറ്റവും കൂടുതൽ പരിക്കേറ്റത‌് ഇന്ത്യയെന്ന ആശയത്തിനാണ‌്.  ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ, രാജ്യത്തിന്റെ വൈവിധ്യസമ്പൂർണമായ ജീവിതരീതികൾ, ആചാരങ്ങൾ, സംസ‌്കാരം, വിയോജിക്കാനും വ്യത്യസ‌്ത വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കാനുമുള്ള അവകാശങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ‌് ഇന്ത്യയെന്ന ആശയം. ആ ആശയമാണ‌് പരിക്കേറ്റ‌് ചോരയൊലിപ്പിച്ച‌് നിൽക്കുന്നത‌്. അതിനെ വീണ്ടെടുക്കാനാകുമോ എന്ന ചോദ്യമാണ‌് 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുന്നിൽ പ്രധാനമായി ഉയരുന്നത‌്.

‘പണാധിപത്യം’ തകരണം
ഭരണഘടന തകർക്കണമെന്ന‌് വാദിക്കുന്ന ശക്തികൾ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രസങ്കൽപംതന്നെ ചോദ്യംചെയ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും വൈവിധ്യങ്ങളെയും എതിരഭിപ്രായങ്ങളെയും ഇല്ലാതാക്കാനും ഫാസിസ്റ്റ‌് ചിന്തകളും രീതികളും അടിച്ചേൽപ്പിക്കാനും നിരന്തരം ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക‌് അതിൽ പൂർണമായി വിജയിക്കാനായില്ലെങ്കിലും രാജ്യത്താകെ ഭയവും ആശങ്കയും സൃഷ്ടിക്കാൻ കഴിഞ്ഞു. വ്യത്യസ‌്തതകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ  ആകത്തുകയാണ‌് ഇന്ത്യയെന്ന സങ്കൽപ്പം. ഭരണഘടനയാണ‌് അതിന്റെ ശക്തിസ്രോതസ്സ‌്. ഭരണഘടന തകർത്താൽമാത്രമേ തങ്ങളുടെ മതരാഷ്ട്രവാദവും ഫാസിസ്റ്റ‌് രീതികളും പൂർണവിജയത്തിലെത്തൂ എന്ന‌് സംഘപരിവാർ മനസ്സിലാക്കുന്നു. ഭരണഘടന തകർക്കാനുള്ള ശക്തി നേടാനും അവർ ആശ്രയിക്കുന്നത‌് ജനാധിപത്യ സംവിധാനത്തിലുള്ള തെരഞ്ഞെടുപ്പു മാർഗമാണ‌്. മതത്തെ ദുരുപയോഗിച്ചും പണംകൊണ്ട‌്  ജനാധിപത്യത്തെ തട്ടിയെടുക്കാനുമാണ‌് ശ്രമം. കോർപറേറ്റുകളുടെ സഹായത്തോടെയാണിത‌് ചെയ്യുന്നത‌്. 

ലക്ഷ്യം, വർഗീയവാദികളിൽനിന്നുള്ള മോചനം
വർഗീയശക്തികൾ രാഷ്ട്രത്തിനുനേരെ ഉയർത്തുന്ന ഈ കടുത്ത വെല്ലുവിളിയുടെ ഗൗരവം ഒട്ടും ബോധ്യപ്പെടാത്ത പാർടിയാണ‌് കോൺഗ്രസ‌്. രാജ്യമാകെ നേരിടുന്ന ഭീഷണമായ അവസ്ഥയെ കണ്ടില്ലെന്ന‌ു നടിച്ച‌് ഇടതുപക്ഷത്തെ പ്രധാന ശത്രുവായി കാണുകയാണ‌് കോൺഗ്രസും കേരളത്തിൽ കോൺഗ്രസ‌് നേതൃത്വം നൽകുന്ന യുഡിഎഫും. ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ‌്കാരിക ജീവിതത്തെയാകെ തകർത്ത സംഘപരിവാർ ശക്തികളിൽ നിന്നുള്ള മോചനമാണ‌് ഈ തെരഞ്ഞെടുപ്പിലൂടെ ജനത പ്രതീക്ഷിക്കുന്നത‌്. കേവലം 31 ശതമാനം വോട്ട‌് നേടി രാജ്യത്തെ തങ്ങളുടെ ഏകാധിപത്യവാഴ‌്ചയ‌്ക്ക‌് ഇരയാക്കിയ ബിജെപിയിൽനിന്നുള്ള മോചനം ഉണ്ടാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

രാജ്യത്തെങ്ങുമുള്ള ബിജെപി വിരുദ്ധ രാഷ‌്ട്രീയാന്തരീക്ഷത്തെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനിൽപ്പിനുള്ള രാഷ‌്ട്രീയസംവിധാനമായി പരിവർത്തനപ്പെടുത്തുകയെന്ന ദൗത്യമാണ‌് എൽഡിഎഫ‌് നിർവഹിക്കുന്നത‌്. തെരഞ്ഞെടുപ്പിനെ ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷണത്തിനും നിലനിൽപ്പിനുമുള്ള പോരാട്ടമായാണ‌് ഇടതുപക്ഷ–-ജനാധിപത്യ–-മതനിരപേക്ഷ ശക്തികൾ കാണുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top