23 September Monday

അപകീര്‍ത്തി പരാമർശം : കെ മുരളീധരനെതിരെ കോടതിയില്‍ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


തലശേരി
അപകീർത്തിപ്പെടുത്തിയതിന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെതിരെ കോടതിയിൽ പരാതി. മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് ഒ കെ വാസുവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകനുമാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പരാതി നൽകിയത്.
കൊലയാളികളെന്ന‌് ആക്ഷേപിച്ചതിനാണ‌് ഇരുവരും പരാതി നൽകിയത‌്. കേസ് 24ന് കോടതി പരിഗണിക്കും.

വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി  പി ജയരാജനെ 1999ൽ ആർഎസ്എസ്സുകാർ വീട്ടിൽക്കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഒ കെ വാസുവും എ അശോകനുമെന്നായിരുന്നു  കെ മുരളീധരന്റെ പ്രസ്താവന. ഇത‌്  തെറ്റാണെന്നും ജനമധ്യത്തിൽ  താറടിച്ചു കാണിക്കാനാണ് കൊലയാളികളെന്ന് അധിക്ഷേപിക്കുന്നതെന്നും  ഇരുവരും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. പി ജയരാജനോ സാക്ഷികളോ അന്വേഷണസംഘമോ ഇതുവരെ ഇത്തരത്തിലുള്ള കാര്യം ഉന്നയിച്ചിട്ടില്ല.

ആർഎസ്എസ്സിന്റെ ഇത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് 2014ൽ ബിജെപി വിട്ട് സിപിഐ എമ്മിൽ ചേർന്നത്. എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെകൂടി ഉന്നംവച്ചാണ് ഇത്തരം അപവാദപ്രചാരണം.  വടകര പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ മന:പൂർവം തെറ്റിദ്ധാരണ പരത്തുകയാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തുന്നത്  സംബന്ധിച്ച‌് നടപടിയാവശ്യപ്പെട്ട‌് തെളിവ‌്  സഹിതം ഇലക‌്ഷൻ കമീഷണർ, ഡിവൈഎസ‌്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.അഡ്വ. വിശ്വൻ മുഖേന ഇരുവരും അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top