28 May Thursday

കോവിഡ് 19: പ്രതിരോധം വാതിലടച്ച്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ജനത കർഫ്യൂവിനെ തുടർന്ന്‌ സ്‌റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ ഫോട്ടോ > മനു വിശ്വനാഥ്‌


കൊച്ചി
കോവിഡ്–-19 ബാധയെ ചെറുക്കാൻ നാടും നഗരവും വാതിലുകൾ അടച്ചു. ജനത കർഫ്യൂ ദിനത്തിൽ ജനങ്ങൾ പ്രാർഥനകൾക്കുപോലും ഞായറാഴ്‌ച പുറത്തിറങ്ങിയില്ല. പൊതുഗതാഗത സംവിധാനങ്ങളും സ്വകാര്യ വാഹനങ്ങളും ഇല്ലാതായതോടെ നിരത്തുകൾ വിജനമായി. ഏതാനും മരുന്നുവിൽപ്പന ഷോപ്പുകളും പെട്രോൾപമ്പുകളും ഒഴികെ കടകമ്പോളങ്ങളൊന്നും പ്രവർത്തിച്ചില്ല. കൊച്ചി മെട്രോ റെയിൽ സർവീസുകളുമുണ്ടായില്ല. ആംബുലൻസ്‌, പൊലീസ്‌ വാഹനങ്ങൾ മാത്രമാണ്‌ നിരത്തിലുണ്ടായിരുന്നത്‌.

പുലർച്ചെ ദീർഘദൂര സർവീസുകൾ മുഖേന റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക്‌ പൊലീസ് യാത്രാസൗകര്യമൊരുക്കി. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് വൈകിട്ട്‌ അഞ്ചിന് കൈയടിച്ചും മണിനാദം മുഴക്കിയും ജനം ആദരം അർപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ജാംനഗർ–- തിരുനെൽവേലി എക്സ്‌പ്രസിലെ സ്ലീപ്പർ ക്ലാസ് യാത്രക്കാരെ ആരോഗ്യവിഭാഗം പരിശോധിച്ചു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചശേഷം മാർഗനിർദേശങ്ങളും നൽകി. ഈ ട്രെയിനിൽ യാത്രചെയ്തിരുന്ന യാത്രക്കാരന് രോഗലക്ഷണങ്ങൾ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് യാത്രക്കാരെ പരിശോധിച്ചത്‌. എറണാകുളം ജനറൽ ആശുപത്രിയുൾപ്പെടെയുള്ള ഗവ. ആശുപത്രികളും പ്രവർത്തിച്ചു.

എറണാകുളം ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ഒഴിവാക്കിയതോടെ ഹർത്താൽ പ്രതീതിയിലായിരുന്നു ബസ് സ്റ്റാൻഡും പരിസരവും. സ്വകാര്യബസുകളും ഓട്ടോ, ടാക്‌സി, ഓൺലൈൻ ടാക്‌സി എന്നിവയും നിരത്തിലിറങ്ങാതിരുന്നതോടെ സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനത്ത് റോഡുകൾ വിജനമായി. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ അടഞ്ഞു. എറണാകുളം പെന്റാ മേനക, ബ്രോഡ്‌വേ, എറണാകുളം മാർക്കറ്റ് എന്നിവിടങ്ങളും നിശ്ചലമായി. നഗരത്തിനുള്ളിലെ പ്രധാന ഷോപ്പിങ്‌ മാളുകൾ ഉൾപ്പെടെ ചെറുകിട വ്യാപാരികളും കടകൾ അടച്ചു. കർഫ്യൂ പ്രഖ്യാപിച്ച സമയത്ത് മിൽമ പാൽവിതരണം അവസാനിപ്പിച്ചു. അവസാനിച്ചതോടെയാണ് വിതരണം പുനരാരംഭിച്ചത്.

ജില്ലാ ഭരണകേന്ദ്രമായ കാക്കനാടും കർഫ്യൂവിനോട് സഹകരിച്ചു. ജനത്തിരക്കുള്ള രണ്ടു മാർക്കറ്റുകളും പ്രവർത്തിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ മാർക്കറ്റും കടകളും പ്രവർത്തിച്ചില്ല.തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം,  ചോറ്റാനിക്കര ദേവീക്ഷേത്രം, എറണാകുളം ശിവക്ഷേത്രം എന്നിവിടങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ക്രിസ്‌ത്യൻ ആരാധനാലയങ്ങളിൽ ആൾക്കൂട്ടമില്ലാതെയാണ്‌ ഞായറാഴ്‌ച കുർബാന ചൊല്ലിയത്‌. മുസ്ലിം പള്ളികളിൽ ഒരുമിച്ചുള്ള നമസ്‌കാരവും നടന്നില്ല.


പ്രധാന വാർത്തകൾ
 Top