18 June Tuesday

രാജവീഥിയിൽ രാജീവ‌് ; പൊതു പര്യടനത്തിന് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019


തൃപ്പൂണിത്തുറ
പി രാജീവ് തൃപ്പൂണിത്തുറ കോവിലകങ്ങൾ സന്ദർശിച്ചു. മഹാരാജാസ് കോളേജിലെ റിട്ട. അധ്യാപികയും കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാനുമായ ഹൈമവതി തമ്പുരാനെയായിരുന്നു ആദ്യംകണ്ടത്. സിപിഐ എം നേതാവായിരുന്ന വി വിശ്വനാഥമേനോൻ വോട്ട‌് അഭ്യർഥിച്ച് എത്തിയതും വിജയം നേർന്നതും മന്ത്രിയായി മാറിയതുമെല്ലാം ഹൈമവതി തമ്പുരാൻ രാജീവിനെ ഓർമിപ്പിച്ചു.

പഴയകാല ക്രിക്കറ്ററും പാലിയം സമരസേനാനിയുമായ സി ആർ വർമയെ കൂട്ടിയാണ് കൊച്ചി രാജകുടുംബത്തിലെ മുതിർന്ന അംഗം കെ ടി കേരളവർമയുടെ മരതക പാലസിലെത്തിയത്. മികച്ച വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്സുമാനുമായിരുന്നു കേരളവർമയെന്ന‌് സി ആർ പരിചയപ്പെടുത്തിയപ്പോൾ, "അപ്പോൾ പഴയകാല ധോണിയാണല്ലേ’ എന്ന പി രാജീവിന്റെ കമന്റ‌് എല്ലാവരെയും ചിരിപ്പിച്ചു. കേരള ക്രിക്കറ്റ് ടീം കോച്ചും മുൻ രഞ്ജി ടീമംഗവുമായ പി ബാലചന്ദ്രന്റെ അച്ഛനാണ് കെ ടി കേരളവർമ. സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ,  അഡ്വ. എസ് മധുസൂദനൻ, ആർ വി വാസുദേവൻ, കെ കെ കിഷോർ, രാഗേഷ് പൈ എന്നിവരും രാജീവ‌ിനൊപ്പമുണ്ടായിരുന്നു.

പൊതു പര്യടനത്തിന് ഇന്ന‌് തുടക്കം
കൊച്ചി-
എറണാകുളം ലോക‌്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ട പൊതുപര്യടനത്തിന് ശനിയാഴ‌്ച തൃപ്പൂണിത്തുറയിൽ തുടക്കമാകും. രാവിലെ ഏഴിനു തൃപ്പൂണിത്തുറ വടക്കേക്കോട്ട ജങ‌്ഷനിലെ സ്വീകരണത്തോടെ പര്യടനം ആരംഭിക്കും.  തുറന്ന വാഹനത്തിൽ ഇടതുമുന്നണി നേതാക്കളുടെയും പ്രവർത്തകരുടെയും  അകമ്പടിയോടെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. രാത്രി എട്ടിനു ഉദയംപേരൂരിലാണ് സമാപനം.

24ന് പറവൂർ, 25ന് കൊച്ചി, 26ന് കളമശേരി, 27ന് വൈപ്പിൻ, 28ന് തൃക്കാക്കര, 29ന് വൈപ്പിൻ മണ്ഡലങ്ങളിലാണ് പര്യടനം. വിപുലമായ സ്വീകരണപരിപാടികളാണ് മണ്ഡലം കമ്മിറ്റികൾ തയ്യാറാക്കിയിട്ടുള്ളത്.  കഠിനമായ ചൂട് കണക്കിലെടുത്ത് രാവിലെമുതൽ പകൽ 12 വരെയും  3.30 മുതൽ രാത്രി എട്ടുവരെയും പ്രചാരണം ക്രമപ്പെടുത്തിയിട്ടുണ്ട‌്.

ക്ലീനായിരിക്കണം മണ്ണും മനസ്സും
കൊച്ചി
പ്രചാരണത്തിരക്കിനിടയിലും പതിവു വിടാതെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലയിലെ ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകിയ പി രാജീവ‌് ലോക ജലദിനത്തോടനുബന്ധിച്ച‌് കങ്ങരപ്പടി കണിയത്തുകുളം വൃത്തിയാക്കാനും വെള്ളിയാഴ‌്ച സമയം കണ്ടെത്തി. വർഷങ്ങളായി മലിനമായിക്കിടക്കുന്ന കണിയത്തുകുളം പ്രദേശവാസികളുടെ സഹായത്തോടെയാണ‌് വൃത്തിയാക്കാൻ ആരംഭിച്ചത‌്.

ലോകജലദിനാചരണത്തിന്റെ ഭാഗമായി കങ്ങരപ്പടിയിൽ കണിയത്തുകുളം  ശുചീകരിക്കുന്നതിന് നേതൃത്വംനൽകുന്നു

ലോകജലദിനാചരണത്തിന്റെ ഭാഗമായി കങ്ങരപ്പടിയിൽ കണിയത്തുകുളം ശുചീകരിക്കുന്നതിന് നേതൃത്വംനൽകുന്നു

കുളം വൃത്തിയാക്കുന്നത‌് അറിഞ്ഞ തൃക്കാക്കര സഹകരണ ബാങ്ക‌് അധികൃതർ കുളം ഏറ്റെടുത്ത‌് മത്സ്യക്കൃഷി നടത്താനുള്ള സന്നദ്ധത  രാജീവിനെ അറിയിച്ചു.ജൈവകൃഷി, തരിശുനിലങ്ങളിലെ നെൽകൃഷി, പെരിയാറിനൊരു ഇല്ലിത്തണൽ, വീട്ടിലൊരു മഴക്കുഴി, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം തുടങ്ങിയ നിരവധി പദ്ധതികളിലൂടെ പാരിസ്ഥിതിക വീണ്ടെടുപ്പിന‌് ജില്ലാ സെക്രട്ടറിയായിരിക്കെ രാജീവ‌് നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞവർഷം കണിയത്തുകളുത്തിനു സമീപത്തെ മെത്രാൻകുളം വൃത്തിയാക്കാൻ എത്തിയ കാര്യവും രാജീവ‌് ഓർമിപ്പിച്ചു.

കഴിഞ്ഞവർഷം ജില്ലയിൽ അറുപതിലധികം കുളങ്ങൾ വൃത്തിയാക്കുകയും ഉപയോഗശൂന്യമായിരുന്ന ആയിരക്കണക്കിനു കിണറുകൾ പുനരുദ്ധരിക്കുകയും ചെയ‌്തിരുന്നു. അമ്പതിനായിരത്തിലധികം മഴക്കുഴികളും നിർമിച്ചു. വികസന കാഴ‌്ചപ്പാടുകളിൽ പാരിസ്ഥിതികാവബോധം ശക്തിപ്പെടുത്തേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന‌് പി രാജീവ‌് മാധ്യമങ്ങളോട‌് പറഞ്ഞു. പ്രളയശേഷം കേരളത്തിൽ മൂന്നുമുതൽ നാലു ഡിഗ്രി സെൽഷ്യസ‌് വരെ ചൂടു കൂടുമെന്നാണ‌് പുതിയ പഠനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ വിപുലമായി ഇത്തരം പദ്ധതികൾ ഏറ്റെടുക്കുമെന്നും കുടുതൽ ജനങ്ങളെ പദ്ധതിയിലേക്ക‌് കൊണ്ടുവരാൻ ശ്രമിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈനും ഒപ്പമുണ്ടായി.

ശാസ്ത്രപഠനം ഉല്ലാസമാക്കി
മിൽജിത്ത് രവീന്ദ്രൻ
കൊച്ചി
കോൺക്രീറ്റ‌് വനങ്ങൾ നിറയുന്ന നഗരഹൃദയത്തിൽ തടാകത്തോട‌ു ചേർന്ന അഞ്ചര ഏക്കർ പ്രകൃതിരമണീയമായ സ്ഥലം. വാഹനത്തിരക്കുകളില്ലാതെ, ശുദ്ധവായുവേറ്റ‌് വിശ്രമിക്കാനും ഉല്ലാസത്തിനൊപ്പം കുട്ടികൾക്ക‌് ശാസ‌്ത്രപഠനത്തിനും അവസരമൊരുക്കുന്ന ഇടം. പറയുന്നത‌് കളമശേരി മെഡിക്കൽ കോളേജിനു സമീപത്തെ കുട്ടികളുടെ ശാസ‌്ത്ര പാർക്കിനെക്കുറിച്ചാണ‌്. സംസ്ഥാനത്ത‌് ആദ്യമായി ഒരു തദ്ദേശസ്ഥാപനത്തിനു കീഴിൽ ആരംഭിച്ച ശാസ‌്ത്രപാർക്ക‌്. 2015ൽ ഉദ‌്ഘാടനംചെയ‌്ത പാർക്ക‌് നാലു വർഷത്തിനിപ്പുറവും മികവോടെ പരിപാലിക്കുന്നു. രാജ്യസഭാ എംപിയായിരിക്കെ പി രാജീവിന്റെ മുൻകൈയിലാണ‌് പാർക്ക‌് യാഥാർഥ്യമായത‌്.

എംപി ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപയ‌്ക്കൊപ്പം രാജ്യസഭാ എംപിമാരായിരുന്ന ഡോ. അശോക‌് എസ‌് ഗാംഗുലിയുടെയും എച്ച‌് കെ ദുവയുടെയും ഫണ്ടിൽനിന്ന‌് 58 ലക്ഷവും ഇതിനായി നേടിയെടുക്കാൻ പി രാജീവിന‌ു കഴിഞ്ഞു. ബിപിസിഎലിന്റെയും ലുലു ഗ്രൂപ്പിന്റെയും സഹായവും ലഭിച്ചു. ബാക്കി തുക കളമശേരി നഗരസഭ ചെലവഴിച്ചു. കിൻഫ്ര പാർക്കിലെ തടാകത്തോടു ചേർന്നുള്ള പ്രകൃതിരമണീയമായ 5.22 ഏക്കർ സ്ഥലം വ്യവസായവകുപ്പാണ് പാർക്കിനായി വിട്ടുനൽകിയത്. കേരള സയൻസ് ആൻഡ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത‌്.

മൈസൂർ വൃന്ദാവൻ ഗാർഡനിലെ അതേ മാതൃകയിലാണ‌് ഇവിടത്തെ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ.  പാർക്കിൽ ഭൗതികശാസ്ത്ര നിയമങ്ങളെ പ്രതിപാദിക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്.  നിഴൽനോക്കി സമയം മനസ്സിലാക്കുന്നതിനുള്ള സൺ ഡയൽ, കാറ്റിന്റെ വെലോസിറ്റി അറിയുന്നതിനുള്ള അനേമോ മീറ്റർ, ലോകത്തെ പ്രധാന രാജ്യങ്ങളിലെ സമയം അറിയുന്നതിനുള്ള വേൾഡ് ടൈം, സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളാർ പവർ റേഡിയോ എന്നിവ വിദ്യാർഥികളെ ഏറെ ആകർഷിക്കുന്നു. നമുക്കു നമ്മെത്തന്നെ ഉയർത്താൻ കഴിയുന്ന യുവേഴ്‌സ് ലിഫ്റ്റ്, വീണയിലും വയലിനിലും ഗിത്താറിലും ശബ്ദം ഉണ്ടാകാൻ ഉപയോഗിച്ചിരിക്കുന്ന പ്രതിഭാസം മനസ്സിലാക്കുന്നതിനുള്ള മ്യൂസിക്കൽ പൈപ‌്സ് തുടങ്ങിയവയും പാർക്കിലുണ്ട്.

സയൻസ് സിറ്റിയിലെ 'ത്രില്ലോറിയ'ത്തിലെ 8ഡി തിയേറ്ററാണ് മറ്റൊരു പ്രധാന ആകർഷണം. ചിത്രശലഭങ്ങളെ കാണാനും അടുത്തറിയാനുമായി ശലഭോദ്യാനവും  ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട‌്. സായാഹ്നങ്ങൾ ചെലവിടാനും ഉല്ലാസങ്ങൾക്കുമായി നൂറുകണക്കിന് കുട്ടികളാണ് ദിവസവും പാർക്കിൽ എത്തുന്നത്. 2015 സെപ‌്തംബർ 25ന‌് അന്ന‌ു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ‌്ഘാടനം ചെയ‌്ത പാർക്കിന്റെ ശിലാഫലകത്തിൽ കുറിച്ചിട്ടുണ്ട‌് ‘ദിസ‌് പ്രോജക്ട‌് ഇൻഷ്യേറ്റഡ‌് ബൈ പി രാജീവ‌്’.


പ്രധാന വാർത്തകൾ
 Top