20 January Wednesday

മലയോര ജനതയുടെ സങ്കടങ്ങൾ കേട്ട‌് വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

പാലാ
മലയോര മേഖലയിലായിരുന്നു കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎ‌ഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ വെള്ളിയാഴ‌്ചത്തെ സന്ദർശന സ്ഥലങ്ങൾ ഏറെയും. കരുണ കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ  നയങ്ങൾ മൂലം വലയുന്ന കർഷകരുടെ പ്രശ‌്നങ്ങൾ അദ്ദേഹം നേരിട്ടറിഞ്ഞു. 

എംപിയോടും എംഎൽഎയോടും അപേക്ഷിച്ചിട്ടും ഫലം കാണാത്ത കാര്യങ്ങൾ മലയോര ജനത ജനനായകനു മുന്നിൽ അവതരിപ്പിച്ചു. കുടിവെള്ളം, നല്ല വഴി തുടങ്ങിയവ ഇല്ലാത്തതിന്റെ സങ്കടങ്ങൾ സവിസ‌്തരം അദ്ദേഹം കേട്ടു. റബർ കർഷകരെയും നിക്ഷേപകരെയും വഞ്ചിച്ച സംഭവവും വാസവന്റെ മുന്നിലെത്തി. എല്ലാത്തിനും പരിഹാരം കാണുമെന്ന ഉറപ്പായിരുന്നു മറുപടി.  ഇതിനിടെ, കലാലയങ്ങളുടെ  ആവേശവും  എൽഡിഎ‌ഫ‌് സ്ഥാനാർഥി പാലാ നിയോജക മണ്ഡലത്തിലെ സന്ദർശനത്തിനിടെ ഏറ്റുവാങ്ങി. 

മേലുകാവിൽ ആയിരുന്നു ആദ്യ സന്ദർശനം. സിഎസ‌്ഐ പൂർവ കേരള മഹായിടവക ബിഷപ‌് ഡോ. കെ ജി ദാനിയേലിനെ കണ്ട സ്ഥാനാർഥിക്ക‌് ഹൃദ്യമായ വരവേൽപ് നൽകി. മേലുകാവ‌് സിഎസ‌്ഐ ക്രൈസ്റ്റ‌് കത്തീഡ്രൽ വികാരി ഫാ. തോമസ‌് ജോർജിനെയും സന്ദർശിച്ചു. മേലുകാവ‌്മറ്റം സെന്റ‌് തോമസ‌് പള്ളി, തിരുഹൃദയമഠം, വാകക്കാട‌് എഫ‌്സി കോൺവന്റ‌്,  വാകക്കാട‌് സെന്റ‌് പോൾസ‌് പള്ളി, വാകക്കാട‌് സെന്റ‌് അൽഫോൻസ സ‌്കൂൾ, വാകക്കാട‌് എസ‌്എൻഡിപി യോഗം ശാഖ, മേലുകാവ‌് ഹെൻറി ബേക്കർ കോളേജ‌്, പാലാ സെന്റ‌് തോമസ‌് കോളേജ‌്, പാലാ ചാവറ സിഎംഐ പബ്ലിക‌് സ‌്കൂൾ, പാലാ ബ്രില്യന്റ‌്സ‌് കോളേജ‌് തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചു. പുലിയന്നൂർ മഹാദേവ ക്ഷേത്രം ട്രസ്‌റ്റി ജയന്തൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. 

തട്ടിപ്പിനിരയായ മീനച്ചിൽ റബർ മാർക്കറ്റിങ‌് സൊസൈറ്റിയിലെ കർഷകരുടെയും നിക്ഷേപകരുടെയും യോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. കൂരാലിയിൽ വെള്ളിയാഴ‌്ച വൈകിട്ട‌് സംഘടിപ്പിച്ച എൽഡിഎഫ‌് കുടുംബ സംഗമത്തിലും ആവേശം ഏറ്റുവാങ്ങാൻ അദ്ദേഹം എത്തി. ഇരുമാപ്രമറ്റം, മൂന്നിലവ‌്, മുത്തോലി, കൊഴുവനാൽ, എലിക്കുളം തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർഥി സന്ദർശനം നടത്തി.  

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ‌്, പാലാ നിയോജക മണ്ഡലം സെക്രട്ടറി ആർ ടി മധുസൂദനൻ, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ‌് ജോസഫ‌്, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ‌് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.


ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...
കലാലയവളപ്പുകളിൽ തരംഗമായി വി എൻ വാസവൻ

പി ആർ രാജീവ‌്
പാലാ
“ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, കോട്ടയത്തിന്റെ മണിമുത്തേ’–- മേലുകാവ‌് ഹെൻറി ബേക്കർ കോളേജിന്റെ കവാടത്തിൽ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎ‌ഫ‌് സ്ഥാനാർഥി വി എൻ വാസവൻ എത്തിയപ്പോഴേ ഉയർന്ന മുദ്രാവാക്യം വി‌ളിയാണിത‌്. വി എൻ വാസവൻ കലാലയങ്ങളിലൂടെ വെള്ളിയാഴ‌്ച നടത്തിയ സന്ദർശനങ്ങളിലുയർന്ന ആവേശത്തിന്റെ നേർചിത്രം. കോളേജുകളിലും സ‌്കൂളുകളിലും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും സ്ഥാനാർഥിയുടെ വരവിനായി കാത്തുനിന്നു. 

ഹെൻറി ബേക്കർ കോളേജിൽ വാദ്യമേളങ്ങളോടെയായിരുന്നു വരവേൽപ്പ‌്. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥികൾ സ്വീകരിക്കാനെത്തി. പാലാ സെന്റ‌് തോമസ‌് കോളേജിലെ സ്വീകരണത്തിലും ആവേശം തരംഗമായി മാറി. കൊന്നപ്പൂ സമ്മാനിച്ച‌് വിദ്യാർഥികൾ വരവേറ്റതായിരുന്നു പ്രത്യേകത. പ്രിൻസിപ്പൽ ഫാ. ജെയിംസ‌് മംഗലത്തിൽ സ്വീകരിച്ചു. ഓഫീസിൽനിന്ന‌് പുറത്തിറങ്ങിയ സ്ഥാനാർഥിയോടൊപ്പം നിന്ന‌് സെൽഫിയെടുക്കാൻ തിരക്കായി പിന്നീട‌്. പാലാ ബ്രില്യന്റ‌്സ‌് കോളേജിലും പാലാ ചാവറ സിഎംഐ പബ്ലിക‌് സ‌്കൂളിലും നൽകിയത‌് ഹൃദ്യമായ സ്വീകരണം. രണ്ടിടത്തും വി എൻ വാസവനെ വരവേൽക്കാനായി പ്രത്യേക യോഗങ്ങൾ അധികൃതർ തന്നെ സംഘടിപ്പിച്ചു. 

ഡയറക്ടർമാരായ സെബാസ‌്റ്റ്യൻ ജി മാത്യു, ബി സന്തോഷ‌്കുമാർ, സ‌്റ്റീഫൻ മാത്യു, ജോർജ‌് തോമസ‌് എന്നിവർ ബ്രില്യന്റ‌്സ‌് കോളേജിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. ചാവറ  സ‌്കൂളിൽ പ്രിൻസിപ്പൽ ഫാ. മാത്യു കുരീത്ര, വൈസ‌് പ്രിൻസിപ്പൽ ഫാ. സാബു കൂട്ടപ്പാട്ട‌് എന്നിവർ സ്ഥാനാർഥിയെ വരവേറ്റു.  വാകക്കാട‌് സെന്റ‌് അൽഫോൻസ സ‌്കൂളിലും സ്വീകരണം ഹൃദയത്തിൽ തൊടുന്നതായി.

കെട്ടിവയ്ക്കാനുള്ള തുക ബിഷപ‌് കാവുകാട്ടിന്റെ കുടുംബം നൽകി
പാലാ
കോട്ടയം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് തെരഞ്ഞെടുപ്പിൽ കെട്ടിവയ‌്ക്കാനുള്ള തുക നൽകി ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കുടുംബം.   ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാനായിരുന്ന കാവുകാട്ട് പിതാവിന്റെ സഹോദരൻ കെ എം ജോസഫിന്റെ) മകൻ മൈക്കിൾ കാവുകാട്ടും ഭാര്യ റീത്താ മൈക്കിളും കുടുംബാംഗങ്ങളും ചേർന്നാണ് വാസവന് നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക കൈമാറിയത്. പാലായിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ വാസവനെ കിഴതടിയൂരിലെ വസതിയിൽ ക്ഷണിച്ചു വരുത്തിയാണ് തുക ഏൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top