18 June Tuesday

യുഡിഎഫുമായി കച്ചവടം ഉറപ്പിച്ചു ; ദുർബലരെ ഇറക്കി അഞ്ചിടത്ത‌് ബിജെപി പരീക്ഷണം

ഇ എസ് സുഭാഷ്Updated: Saturday Mar 23, 2019ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടുച്ചവടം എളുപ്പമാക്കുന്നതിന് പ്രവർത്തകർക്ക് സ്വികാര്യമല്ലാത്തവരെയും അനഭിമതരായവരെയും സ്ഥാനാർഥികളാക്കി ബിജെപി. ആർഎസ്എസ്സിെൻറ സമ്പൂർണ നിയന്ത്രണത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അഞ്ച് മണ്ഡലങ്ങൾ തെരഞ്ഞെടുത്താണ് ദുർബലരിൽ ഏറ്റവും ദുർബലരെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്.

മുൻ സംസ്ഥാന പ്രസിഡന്റ് പി പി മുകുന്ദന്റെ പ്രഭാവകാലത്ത് ഏറെ പ്രചാരത്തിലിരുന്ന കോലീബി സഖ്യമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പിലും മറനീക്കിയത്. വോട്ട് ആര്എസ്എസിന്റേതെങ്കിലും കാശുകിട്ടിയാല് കോണ്ഗ്രസിനും കൊടുക്കും ലീഗിനും കൊടുക്കുമെന്ന അക്കാലത്തെ നയം ആവർത്തിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.  കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് വോട്ട് കച്ചവടം ആസൂത്രണം ചെയ്തത്.

കണ്ണൂരിലെ  ‘മാനസപുത്രനെ’കൈവിടില്ല
മുൻ സംസ്ഥാന പ്രസിഡന്റായ സി കെ പത്മനാഭനാണ് കണ്ണൂരിലെ സ്ഥാനാർഥി. മണ്ഡലം ഏതായാലും പ്രശ്നമല്ല മത്സരിച്ചാൽ മതിയെന്നതാണ് പത്മനാഭന്റെ നയമെന്നാണ് സാധാരണ ബിജെ പി പ്രവർത്തകർ പരിഹസിക്കുന്നത്. ആർഎസ്എസിന്റെ എക്കാലത്തെയും മാനസപുത്രനായ യുഡിഎഫ് സ്ഥാനാർഥിയെ കണ്ണൂരിൽ ജയിപ്പിക്കാനാണ് ലക്ഷ്യം. ആർഎസ്എസിന് ഒട്ടും പ്രിയങ്കരനല്ലാത്തയാളായ പത്മനാഭൻ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവെച്ച പണം നഷ്ടത്തെടുത്തിയ ആളാണ്.

കോഴിക്കോട് അപരിചിതൻ
പത്തനംതിട്ട സീറ്റ് ലഭിക്കാത്ത എം ടി രമേശ് കോഴിക്കോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രമേശിന് സീറ്റ് നിഷേധിക്കുകയും ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രകാശ് ബാബുവിനെ സ്ഥാനാർഥിയുമാക്കി. മണ്ഡലത്തിൽ തീരെ അപരിചിതനായ ആളെ സ്ഥാനാർഥിയാക്കി ആർഎസ്എസിന് പ്രിയങ്കരനായ കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ സഹായിക്കാനാണ് പദ്ധതി.

വടകരയിലും ‘കൈ’കൊടുക്കും
വടകര മണ്ഡലത്തിൽ കഴിഞ്ഞതവണ സ്ഥാനാർഥിയായപ്പോൾ പ്രവർത്തകർ എതിർപ്പു പ്രകടിപ്പിച്ചയാളാണ്് വി കെ സജീവൻ. കൃഷ്ണദാസ് പക്ഷക്കാരനായ ഇദ്ദേഹത്തെ വീണ്ടും സ്ഥാനാർഥിയാക്കിയതിലൂടെ വോട്ടുകച്ചവടം തന്നെയാണ് ആർഎസ്എസിെൻറലക്ഷ്യം. പഴയ കോലീബി സഖ്യത്തിന് ചുക്കാൻ പിടിച്ച കെ കരുണാകരന്റെ മകനാണ് യുഡിഎഫ് സ്ഥാനാർഥി എന്നതും ശ്രദ്ധേയമാണ്.

കണ്ണന്താനത്തെ തള്ളാതെ പിന്നെ
ആർഎസ്എസിന്റെ ആസ്ഥാനം നിലകൊള്ളുന്ന ഏറണാകുളത്ത് ആദ്യം ബിഡിജെഎസിന് നൽകി വോട്ട് മറിക്കാനായിരുന്നു പരിപാടി. എന്നാൽ അപകടം മണത്ത ബിഡിജെഎസ്  സീറ്റ് വേണ്ടെന്നുവെച്ചു. ഇപ്പോൾ സ്ഥാനാർഥിയായ അൽഫോൺസ് കണ്ണന്താനമാകട്ടെ ബിജെപി പ്രവർത്തകർക്ക് ഒട്ടും സ്വകാര്യനല്ല. എംപിയായതും മന്ത്രിയായതുമെല്ലാം സംസ്ഥാന നേതൃത്വം അറിയാതെയാണ്. സംഘപരിവാറിനും ആർഎസ്എസിനും ഒട്ടും താൽപര്യമില്ലാത്ത കണ്ണന്താനത്തെ തഴഞ്ഞ് ഇവിടെയും യുഡിഎഫിന് വോട്ട് നൽകാനാണ് പരിപാടി.

കൊല്ലത്ത് ‘എളുപ്പവഴി’
ബിജെപിക്കാർക്കുപോലും അറിയാത്തയാളാണ് കൊല്ലത്തെ സ്ഥാനാർഥി കെ വി സാബു. ഇവിടെ യുഡിഎഫും സംഘപരിവാറും  ധാരണയിലാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച രീതിയും വിമർശന വിധേയമായിരുന്നു. പലയിടത്തും യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണയുമായി ബിജെപിയുടെ ബോർഡുകൾ  ഉയർന്നതും ഇവിടുത്തെ ബന്ധം ഉറപ്പാക്കുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top