22 April Monday

കോൺഗ്രസ് ആര്‍എംപിയിലൂടെ ബിജെപിയിലേക്ക‌് പാലം പണിയുന്നു: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019


കൊച്ചി
വടകര നിയോജകമണ്ഡലത്തിൽ ആർഎംപിയെ ഉപയോഗിച്ച് ബിജെപിയിലേക്ക‌് പാലം പണിയാനാണ് കോൺഗ്രസും മുസ്ലിംലീഗും ശ്രമിക്കുന്നതെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ അപവാദപ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അതൊന്നും ഏശാൻ പോകുന്നില്ല. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു. ആർഎംപിയെ കോൺഗ്രസ് ഉപകരണമാക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതിന്റെ ആസൂത്രകൻ. കോ–--ലീ–--ബി സഖ്യത്തെ ദയനീയമായി പരാജയപ്പെടുത്തിയതാണ് വടകര മണ്ഡലത്തിന്റെ പഴയ ചരിത്രം. അതിനാൽ ഇടതുപക്ഷവിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാലും എൽഡിഎഫ് വടകരയിൽ നല്ല വിജയം നേടും. കന്നിവോട്ടർമാർ എൽഡി എഫിനൊപ്പമാണെന്നാണ് അനുഭവം.

ചില വലതുപക്ഷ മാധ്യമങ്ങൾ കോൺഗ്രസിന് ആശ്വാസ സ്ഥാനാർഥി വന്നിരിക്കുന്നുവെന്ന വിധത്തിൽ പ്രചാരണം നടത്തുന്നുണ്ട്. അതിൽ ഒരു കാര്യവുമില്ല. ഇടതുപക്ഷത്തിനെതിരായി അപവാദങ്ങൾ പ്രചരിപ്പിക്കുക, അതിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുക എന്നത് എല്ലാക്കാലത്തും നടന്നിട്ടുള്ളതാണ്. ഇപ്പോഴും നടക്കുന്നു.  വലതുപക്ഷത്ത് രണ്ടു ശക്തികളാണ് കോൺഗ്രസും ബിജെപി-–-ആർഎസ്എസും. ഇവർ രണ്ടു കൂട്ടരും പഴയ പണി പുതിയ കാലത്തിനനുസരിച്ച് ചെയ്യുന്നു. എതിർസ്ഥാനാർഥിയായി കോൺഗ്രസിന്റെ നേതാവ് വന്നതെങ്ങനെയെന്ന് എല്ലാവർക്കും അറിയാം. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും പി ജയരാജൻ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top