കൊച്ചി
ഒരിക്കൽ എറണാകുളത്തിന്റ കല്ലായിയെന്ന് പേരുകേട്ട, പെരിയാറിന്റെ ഇടതുകരയിലെ ചെറുപട്ടണം. മരവ്യവസായവും ചെറുകിട വ്യവസായവും നാടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കി. ഐക്യകേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയെ വിജയിപ്പിച്ച നാട്.
വശ്യമനോഹരമായ പാണിയേലി പോരും പുരാതനമായ കല്ലിൽ ക്ഷേത്രവും നഗരഹൃദയത്തിലെ ഇരിങ്ങോൾ കാവും കപ്രിക്കാട് അഭയാരണ്യവും ഉൾപ്പെടുന്ന മണ്ഡലം. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻനായർ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, സാഹിത്യകാരൻമാരായ എം പി നാരായണപിള്ള, മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, കലാമണ്ഡലം സുമതി, നടി അനന്യ തുടങ്ങി കലാസാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അറിയപ്പെടുന്നവരുടെ നാട്.
പെരുമ്പാവൂർ നഗരസഭയും അശമന്നൂർ, വേങ്ങൂർ, മുടക്കുഴ, രായമംഗലം, കൂവപ്പടി, ഒക്കൽ, വെങ്ങോല പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 1957 മുതൽ 2016 വരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ എട്ടു പ്രാവശ്യം ഇടതുപക്ഷവും ഏഴുതവണ യുഡിഎഫും ജയിച്ചു. രണ്ടു പാർടികളുടെ പ്രതിനിധിയായി നിന്ന അച്ഛനെയും മകനെയും തെരഞ്ഞെടുത്ത മണ്ഡലമെന്ന സവിശേഷതയും പെരുമ്പാവൂരിനുണ്ട്. പി ഐ പൗലോസിനെയും (കോൺഗ്രസ്) മകൻ സാജു പോളിനെയും (സിപിഐ എം). 2016ൽ കോൺഗ്രസിലെ എൽദോസ് പി കുന്നപ്പിള്ളിയാണ് വിജയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കമെങ്കിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 14,510 വോട്ട് കൂടുതൽ നേടി (ആകെ 60,196). അശമന്നൂർ, രായമംഗലം, വേങ്ങൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, വെങ്ങോല പഞ്ചായത്തുകളും പെരുമ്പാവൂർ നഗരസഭയും ഉൾപ്പെട്ടതാണ് മണ്ഡലം. അശമന്നൂർ, രായമംഗലം, വേങ്ങൂർ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു. നഗരസഭ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, വെങ്ങോല എന്നിവിടങ്ങളിൽ യുഡിഎഫും. ആകെ 1,73,161 വോട്ടർമാരാ
ണുള്ളത്.
തെരഞ്ഞെടുപ്പുകൾ, വിജയികൾ:
1957–- പി ഗോവിന്ദപ്പിള്ള (സിപിഐ). 1960–- കെ എം ചാക്കോ (കോൺഗ്രസ്).1965–- പി ഗോവിന്ദപ്പിള്ള (സിപിഐ എം). 1967–- പി ഗോവിന്ദപ്പിള്ള (സിപിഐ എം). 1970–- പി ഐ പൗലോസ് (കോൺഗ്രസ്). 1977–- പി ആർ ശിവൻ (സിപിഐ എം). 1980–- പി ആർ ശിവൻ (സിപിഐ എം). 1982, 1987, 1991, 1996–- പി പി തങ്കച്ചൻ (കോൺഗ്രസ്). 1996 പി പി തങ്കച്ചൻ (കോൺഗ്രസ്). 2001, 2006, 2011–- സാജു പോൾ (സിപിഐ എം). 2016–- എൽദോസ് കുന്നപ്പിള്ളി(കോൺഗ്രസ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..