31 March Tuesday

നിയമം ലംഘിച്ച്‌ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ ; രാത്രി പരിശോധന കുറയുന്നു

ശരത‌് കൽപ്പാത്തിUpdated: Sunday Feb 23, 2020


പാലക്കാട്
കേരളത്തിൽനിന്ന്‌ അയൽ സംസ്ഥാനങ്ങളിലേക്ക്‌ കുതിച്ചുപായുന്ന സ്വകാര്യ ബസുകളിലെ യാത്ര ജീവനും കൈയിൽപ്പിടിച്ച്‌. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ദിവസവും കടന്നുപോകുന്ന അന്തർസംസ്ഥാന സ്വകാര്യബസുകൾ അതിർത്തി കടന്നാൽ മരണപാച്ചിലാണ്. രാത്രിയിലാണ് കൂടുതൽ സർവീസുകൾ. ദേശീയപാതകളിൽ രാത്രികാലങ്ങളിൽ കൃത്യമായ വാഹന പരിശോധന നടന്നിട്ട്‌ ഏറെനാളായി. വാളയാർ കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ ഒരിടത്തും പരിശോധനയില്ല. പിടിക്കപ്പെട്ടാൽ കൈക്കൂലികൊടുത്ത് തടിതപ്പും.

പത്തൊൻപതു പേരുടെ മരണത്തിനിടയാക്കിയ അവിനാശി അപകടദിവസം രാത്രിയിൽ മൈസൂരുവിൽനിന്ന് പെരിന്തൽമണ്ണയിലേക്കുള്ള കല്ലട ഗ്രൂപ്പിന്റെ ബസ് ഹുൻസൂരിൽ അപകടത്തിൽപ്പെട്ട് മഹാരാഷ്ട്ര സ്വദേശിനി മരിച്ചിരുന്നു. ബസിന്റെ അമിതവേഗമായിരുന്നു അപകടകാരണം.

ദേശീയപാതയിൽ ബസുകളുടെ പരമാവധി വേഗം 70 കിലോമീറ്ററാണ്. എന്നാൽ 120 മുതൽ 140 കിലോമീറ്റർ വേഗതവരെ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ജീവൻ കൈയിൽ പിടിച്ചുവേണം യാത്രക്കാർ ബസിലിരിക്കാൻ. വാഹനപരിശോധന സമയത്ത്‌  ഘടിപ്പിക്കുന്ന വേഗപ്പൂട്ട്‌ പിന്നീട് അഴിച്ചുമാറ്റുന്നത് നിരവധി തവണ മോട്ടോർവാഹന വകുപ്പ് പിടികൂടിയിട്ടുണ്ട്.

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പെർമിറ്റ് 
കോൺട്രാക്ട് ക്യാരിയേജ്‌  പെർമിറ്റ്‌ ഉപയോഗിച്ചാണ് ഇത്തരം ബസുകളുടെ സർവീസ്‌. റൂട്ട് അടിസ്ഥാനമാക്കിയുള്ള പെർമിറ്റ് ഇല്ലാത്തതിനാൽ തോന്നുംവഴിക്കാണ്‌ സർവീസ്‌. ഒരു സ്ഥലത്തുനിന്ന്‌ ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത്‌ യാത്ര അവസാനിപ്പിക്കണമെന്നാണ്‌ നിയമം. ഇടയിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. സ്ഥിരമായി ഇത് ലംഘിച്ചാണ് സ്വകാര്യബസ് ലോബികളുടെ സർവീസ്. ഉദ്യോഗസ്ഥരുടെ കണ്ണിൽപൊടിയിടാൻ  മുഴുവൻ പേരുടെയും അവസാന സ്റ്റോപ്പ് ഒന്നായിരിക്കും. ടിക്കറ്റ് ഉപയോഗിച്ച് ആളുകളെ കയറ്റുന്നതും നിയമലംഘനമാണ്.

ദേശീയപാതയിലെ വേഗത
ദേശീയപാതയിൽ കയറിയാലുടൻ അതിവേഗ ട്രാക്കിൽ കയറുന്ന ബസുകൾക്ക്‌ പിന്നീട്‌ ശരവേഗമാണ്‌. മിക്കയിടത്തും 70 കിലോമീറ്റർ പരമാവധി വേഗമാണന്നിരിക്കെ ഇതൊന്നും പാലിക്കാറില്ല. നാലുവരിപ്പാതയിൽ ചരക്കുലോറിയുടെ വേഗത മണിക്കൂറിൽ 65 കിലോമീറ്ററും കണ്ടെയ്നർ ലോറിയുടേത് 45 കിലോമീറ്ററുമാണ്‌. അനുവദിക്കപ്പെട്ട ദൂരപരിധി ലംഘിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും പിഴയടച്ച് നിയമലംഘനം തുടരും.

രജിസ്‌ട്രേഷൻ ഇതര സംസ്ഥാനങ്ങളിൽ
കേരളത്തിൽ വേഗപ്പൂട്ട്‌ നിർബന്ധമാക്കിയതോടെയാണ്‌ അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ രജിസ്ട്രേഷൻ മറ്റ് സംസ്ഥാനങ്ങളിലേക്കു മാറ്റിയത്‌. തമിഴ്നാടും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിൽ വേഗപ്പൂട്ടും കർശനമല്ല. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിൽപ്പെടുകയുമില്ല.

പരിശോധനകൾ കർശനമാക്കും
അനധികൃത സർവീസുകൾ കർശനമായി പരിശോധിക്കുമെന്ന് പാലക്കാട്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി ശിവകുമാർ പറഞ്ഞു. യാത്രക്കാരുടെ ലിസ്‌റ്റ്‌, ടിക്കറ്റുകൾ, വേഗത, സീറ്റുകളുടെ എണ്ണം എന്നിവ പരിശോധിക്കും. യാത്രക്കാർക്ക് പരാതികളുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ആർടിഒ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top