31 March Tuesday

കടവൂർ ജയൻ വധക്കേസ് : സാക്ഷികളെയും മറ്റും ആക്രമിക്കാൻ ആർഎസ്എസ് നീക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

കൊല്ലം
ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷികളേയും ഒപ്പം നിന്നവരേയും ആക്രമിക്കാൻ നീക്കം. ആർഎസ്‌എസുകാരായ പ്രതികൾക്ക് ഹൈക്കോടതിയിൽനിന്ന് താൽക്കാലിക ജാമ്യം ലഭിച്ചതിനുപിന്നാലെയാണിത്‌. പ്രധാന സാക്ഷികളെ വിചാരണ സമയത്ത്  ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ന്‌ സാക്ഷികൾക്ക് സഹായവുമായി നിന്ന ഡിവൈഎഫ്ഐ പ്രവർത്തകനേയും മക്കളേയും കഴിഞ്ഞദിവസം രാത്രി പതിയിരുന്ന്‌ ആക്രമിച്ചു. പള്ളിവേട്ടച്ചിറ യൂണിറ്റ് സെക്രട്ടറി പ്രസാദ്‌  (40), മക്കളായ യദു (14), റോഷൻ (10) എന്നിവരെയാണ്‌ വെള്ളിയാഴ്ച രാത്രി 12ന്‌ കടവൂർ ജങ്‌ഷനിൽ ആർഎസ്‌എസുകാർ മാരകായുധങ്ങളുമായി ആക്രമിച്ചത്‌. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവരാത്രി ആഘോഷമായതിനാൽ മക്കളുമൊത്ത് ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു ആക്രമണം. റോഡ് മുറിച്ചുകടക്കാൻ ക്ഷേത്ര വഞ്ചിക്ക് സമീപം സ്കൂട്ടർ നിർത്തിയപ്പോൾ പതുങ്ങിനിന്ന സംഘം  കത്തിയും ഇരുമ്പുവടിയുമായി പ്രസാദിനെ ആക്രമിക്കുകയായിരുന്നു. കത്തിവീശിയപ്പോൾ ഒഴിഞ്ഞുമാറിയതിനാൽ കൈക്ക് മുറിവേറ്റു.

ഇതിനിടയിൽ സ്കൂട്ടറിൽ ഇരുന്ന  യദുവിനെയും റോഷനേയും മർദിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ക്ഷേത്രത്തിലുണ്ടായിരുന്ന പൊലീസ് എത്തിയാണ് ഇവരെ  ആശുപത്രിയിൽ എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മതിലിൽ സ്വദേശികളായ അനന്തകൃഷ്ണൻ, ജിനു, കടവൂരിലെ അജിത് എന്നിവരാണ്‌ പ്രസാദിനെയും മക്കളെയും  ആക്രമിച്ചത്. ഇവർക്കെതിരെ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.ജയൻ വധക്കേസിൽ ഒമ്പത്‌ ആർഎസ്‌എസുകാരെ കൊല്ലം ജില്ലാ സെഷൻസ്‌ കോടതി ജീവപര്യന്തം ശിഷിച്ചിരുന്നു. ഈ കേസിലാണ്‌ പ്രതികൾക്ക്‌ ഹൈക്കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്‌.

വിധി പറഞ്ഞദിവസം സെഷൻസ്‌ കോടതിയിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ  പ്രസാദിനെ വധിക്കുമെന്ന് ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്നുതന്നെ സിറ്റി പൊലീസ്‌ കമീഷണർക്ക് പരാതി നൽകിയിരുന്നു.  പ്രസാദിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് കടവൂരിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ  പ്രകടനം നടത്തി.


പ്രധാന വാർത്തകൾ
 Top