31 March Tuesday

നിരോധനം @ 50 ; ബൈ ബൈ പ്ലാസ്‌റ്റിക്‌ ; പ്ലാസ്റ്റിക്‌ നിരോധനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


തിരുവനന്തപുരം
പ്ലാസ്റ്റിക്‌ നിരോധനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച്‌  കേരളം. ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്‌ ഉൽപ്പന്ന നിരോധനം 50 ദിവസം പിന്നിടുമ്പോൾ രാജ്യത്തിനുതന്നെ മാതൃകയായി സംസ്ഥാനം. പ്ലാസ്റ്റിക്‌ വിപത്തിൽനിന്ന്‌ നാടിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിന്‌ ജനങ്ങളുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ പിന്തുണ. ബദൽ ഉൽപ്പന്നങ്ങൾ വ്യാപകമാക്കാനും നിരോധിത പ്ലാസ്റ്റിക്‌ ഉൽപ്പന്ന പരിശോധന ഊർജിതമാക്കാനുമാണ്‌ സർക്കാരിന്റെ ശ്രമം.

കഴിഞ്ഞ ജനുവരി ഒന്നുമുതലാണ്‌ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾ നിരോധിച്ചത്‌. തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ അധികാരികൾ, മലിനീകരണ നിയന്ത്രണ ബോർഡ്‌ എന്നിവ മുഖേന നിരോധിത പ്ലാസ്റ്റിക്‌ പിടികൂടാനുള്ള പരിശോധന നടത്തുന്നുണ്ട്‌.  ജനങ്ങൾ പ്ലാസ്റ്റിക്‌ ക്യാരിബാഗുകൾ ഉപയോഗിക്കുന്നത്‌ വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന്‌ ഹരിത കേരളം മിഷൻ വൈസ്‌ ചെയർപേഴ്‌സൺ ടി എൻ സീമ പറഞ്ഞു. തുണിസഞ്ചി ഉപയോഗം വലിയതോതിൽ വർധിച്ചു. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഉത്സവങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ വലിയ പരിപാടികളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലൂടെയും പ്ലാസ്റ്റിക്‌ ഉപയോഗം വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന്‌ അവർ പറഞ്ഞു.

നിരോധനം ലംഘിച്ച്‌ പ്ലാസ്റ്റിക്‌ വിൽക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കർശന നടപടിയെടുക്കുന്നുണ്ട്‌.   പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണംചെയ്യുന്ന പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും തിരിച്ചെടുക്കുന്നതിന്‌ അവയുടെ നിർമാതാക്കൾ നടപടി സ്വീകരിക്കേണ്ടതാണ്‌. മിൽമ, കേരള എന്നിവയുടെ കവറുകൾ ക്ലീൻ കേരള കമ്പനി മുഖേന തിരിച്ചെടുക്കാനുള്ള കർമപദ്ധതിയും ഒരുങ്ങുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top