18 January Monday

റെയിൽവേ സ്‌റ്റേഷനിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾക്ക്‌ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

എ സമ്പത്ത്‌ എംപി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എന്നിവർ റെയിേവ സ്േറ്റഷൻ ഡയറക്ടർ അജയ്‌ കൗശിക്കുമായി സംസാരിക്കുന്നു

തിരുവനന്തപുരം > റെയിൽവേ സ‌്റ്റേഷനിൽനിന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളുള്ള പരസ്യങ്ങൾ നിയമവിരുദ്ധമായി നീക്കംചെയ‌്തു. വിവരമറിഞ്ഞെത്തിയ എ സമ്പത്ത‌് എംപി ഉൾപ്പെടെയുള്ള നേതാക്കളുടെയും തൊഴിലാളി യുവജനവിദ്യാർഥികളുടെയും പ്രതിഷേധത്തെതുടർന്ന‌് തെറ്റ‌് സമ്മതിച്ച‌് ബോർഡുകൾ പുനഃസ്ഥാപിക്കാമെന്ന‌് റെയിൽവേ ഉറപ്പ‌് നൽകിയതോടെ പ്രശ‌്നപരിഹാരമായി. തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനുമുന്നിൽ ഫീസടച്ച‌് ഏജൻസി മുഖാന്തരം പിആർഡി പ്രദർശിപ്പിച്ച ബോർഡുകളാണ‌് സംഘപരിവാറുകാരനായ റെയിൽവേ ഡിവിഷണൽ കൊമേഴ‌്സ്യൽ മാനേജർ രാജേഷ‌് ചന്ദ്രൻ നീക്കംചെയ‌്തത‌്.

2021 വരെ റെയിൽവേയുമായി കരാറുള്ള പരസ്യ ഏജൻസി കരാർരേഖകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ‌് പബ്ലിക‌് റിലേഷൻസ‌് വകുപ്പ‌് പരസ്യം നൽകിയത‌്. ‘ഒന്നാണ‌് നാം, ഒന്നാമതാണ‌് കേരളം, ജനമനസ്സിലും പുരസ‌്കാരങ്ങളിലും പിണറായി വിജയൻ സർക്കാർ’ എന്ന വാക്യത്തോടെ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുള്ളതായിരുന്നു ബോർഡ‌്. തുടർന്നാണ‌് ഇവ നീക്കം ചെയ്യാൻ സംഘപരിവാറുമായി അടുത്ത ബന്ധമുള്ള രാജേഷ‌് ചന്ദ്രൻ  നിർദേശം നൽകിയത‌്. ഇദ്ദേഹംതന്നെ നേരിട്ടെത്തി ബോർഡ‌് നീക്കം ചെയ്യുകയായിരുന്നു. ഇത‌് ചോദ്യംചെയ‌്തപ്പോൾ  റെയിൽവേ കേന്ദ്ര സർക്കാരിന്റെതാണെന്നും മുഖ്യമന്ത്രിക്ക‌് ഇവിടെ എന്ത‌് കാര്യമെന്ന‌ും ചോദിച്ച‌് പരിഹസിച്ചു.

വിവരമറിഞ്ഞ‌് വെള്ളിയാഴ‌്ച പകൽ മൂന്നോടെ എ സമ്പത്ത‌് എംപി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും സ‌്റ്റേഷൻ മാനേജരുടെ ഓഫീസിലെത്തി. മാനേജർ എംപിയെയും കൂട്ടി സ‌്റ്റേഷൻ ഡയറക്ടർ എസ‌് അജയ‌് കൗശികിന്റെ ഓഫീസിലെത്തി. ഡയറക്ടറും എംപിയും മറ്റുള്ളവരും ചർച്ച നടത്തുന്നതിനിടെ ഓഫീസിലേക്ക‌് വന്ന രാജേഷ‌് ചന്ദ്രൻ എംപിയെ അപമാനിക്കാനും ശ്രമിച്ചു. ‘പബ്ലിസിറ്റിക്കാണോ വന്നത‌്’ എന്നായിരുന്നു എംപിയോട‌് ചോദിച്ചത‌്‌. സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിക്കുന്നത‌്‌ കേരളത്തെ അപമാനിക്കുന്നതാണെന്നും അനധികൃതമായി നീക്കം ചെയ‌്ത ബോർഡുകൾ പുനസ്ഥാപിക്കാൻ തീരുമാനിക്കാതെ മടങ്ങുകയില്ലെന്നും എ സമ്പത്ത‌് എംപി പ്രഖ്യാപിച്ചു.  അതോടെ സ‌്റ്റേഷൻ ഡയറക്ടർ എസ‌് അജയ‌് കൗശിക‌് ചർച്ചയ‌്ക്ക‌് തയ്യാറായി.

എന്നാൽ റെയിൽവേയുടെ പരസ്യ ഏജൻസിയായ ‘ലിമാക‌്സ‌്’ കുടിശിക വരുത്തിയതുകൊണ്ടാണ‌് ബോർഡുകൾ നീക്കം ചെയ‌്തതെന്ന വാദം ഉദ്യോഗസ്ഥൻ ഉയർത്തി. ഇതും കളവാണെന്ന‌് തെളിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങളല്ലാതെ ഏജൻസി സ്ഥാപിച്ചിട്ടുള്ള മറ്റുപരസ്യങ്ങളൊന്നും നീക്കം ചെയ‌്തിട്ടുമില്ല. തീരുമാനമാകാതെ എംപി മടങ്ങില്ലെന്ന‌് പ്രഖ്യാപിച്ചതോടെ സ‌്റ്റേഷൻ ഡയറക്ടർ റെയിൽവേയുടെ ഉന്നതങ്ങളിൽ ബന്ധപ്പെട്ടു. ഇതിനിടെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം സി ജയൻബാബുവും കൂടുതൽ നേതാക്കളും സ്ഥലത്തെത്തി. തുടർന്ന‌് ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച നടത്തി. ഇതിനിടെ ഡിവിഷണൽ റെയിൽവേ മാനേജർ ശിരീഷ‌് കുമാർ സിൻഹ എ സമ്പത്ത‌് എംപിയുമായി ഫോണിൽ സംസാരിച്ച‌് ബോർഡുകൾ പുനഃസ്ഥാപിക്കാമെന്ന‌് ഉറപ്പുനൽകി. വൈകിട്ടോടെ  ബോർഡുകൾ പുനസ്ഥാപിച്ചു. പരസ്യകമ്പനി 55 ലക്ഷം രൂപ കുടിശിക അടയ‌്ക്കാനുണ്ടെന്നും ഈ തുക അടച്ചാലേ പുതിയ പരസ്യം അനുവദിക്കൂ എന്നും  തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ  എസ‌്  അജയ് കൗശിക‌് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top