20 March Wednesday
സിപിഐ എം ഭവനസന്ദർശനം തുടങ്ങി

വികസന സംവാദവുമായി നേതാക്കൾ

സ്വന്തം ലേഖികUpdated: Saturday Feb 23, 2019

പി രാജീവിന്റെ നേതൃത്വത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളനിയിൽ നടന്ന ഗൃഹസന്ദർശനം

കൊച്ചി
ഇടതുപക്ഷത്തിനെതിരെ നടത്തുന്ന കുപ്രചാരണങ്ങൾ തുറന്നുകാട്ടിയും എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചും ജില്ലയിൽ സിപിഐ എമ്മിന്റെ ഭവനസന്ദർശനത്തിന‌് തുടക്കമായി. വീടുകളിലെത്തിയ നേതാക്കൾ കുടുംബസാഹചര്യങ്ങളും പ്രശ്‌നങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഇടതുസർക്കാരിന്റെ കൃത്യതയാർന്ന പെൻഷൻ വിതരണത്തെയും മറ്റ‌് വികസന പ്രവർത്തനങ്ങളെയും അഭിനന്ദിക്കാൻ നാട്ടുകാരും മറന്നില്ല. 

സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ് കളമശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളനിയിലാണ് സന്ദർശനം നടത്തിയത്. ഇവിടെയുള്ള 50 വീടുകളിൽ അദ്ദേഹമെത്തി. മുതിർന്നവരോടും കുട്ടികളോടും സൗഹൃദം പങ്കുവയ്ക്കുന്നതിനൊപ്പം ഇടതുപക്ഷത്തിനെതിരെ ബോധപൂർവം നടത്തുന്ന കുപ്രചാരണങ്ങളുടെ സത്യാവസ്ഥയും അദ്ദേഹം തുറന്നുകാട്ടി. യുഡിഎഫ് പ്രവർത്തകൻ തെറ്റിദ്ധരിപ്പിച്ചതുമൂലം പെൻഷൻ കിട്ടാതെ വന്ന വ്യക്തിക്ക് പെൻഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ, ലോക്കൽ സെക്രട്ടറി പി വി ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു

പൈനാപ്പിളിന്റെ വിലക്കുറവും പ്രതിസന്ധിയുമാണ‌് മൂവാറ്റുപുഴ വടകോട് വാർഡ് സന്ദർശിക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിനോട് കർഷകർ പറഞ്ഞത‌്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം റബർസ്ഥിരതാഫണ്ട് കൃത്യതയോടെ ലഭിക്കുന്നില്ലെന്ന പരാതിയും അവർ ഉന്നയിച്ചു. ഇത് അന്വേഷിച്ച് നടപടികൾക്കായി ഇടപെടുമെന്ന‌് ഗോപി കോട്ടമുറിക്കൽ ജനങ്ങൾക്ക് ഉറപ്പുനൽകി. വാഗ്ദാനം ചെയ്ത വീട‌് കിട്ടുമോയെന്ന ആശങ്കയാണ് പി ആൻഡ് ടി കോളനിയിലുള്ളവർ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനോട് പങ്കുവച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ‌് മണി തൃക്കാക്കരയിലും കെ എൻ രവീന്ദ്രനാഥ് ഇടപ്പള്ളിയിലും എസ് ശർമ വൈപ്പിനിലും എം എം ലോറൻസ് കലൂരിലും കെ ചന്ദ്രൻപിള്ള ആലുവയിലും ഭവനസന്ദർശനം നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top