21 March Thursday

ചെറുകിട വൈദ്യുത ലൈനുകൾ ഉടൻ പൂർത്തിയാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019


കൊച്ചി
വൈദ്യുതിവിതരണ ശൃംഖല ശക്തിപ്പെടുത്താൻ, സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്‌നർ സബ്‌സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ‌്ഇബിയുടെ മധ്യമേഖല ആസ്ഥാനത്തിനും മന്ത്രി ശിലയിട്ടു.

ചെറുകിട ലൈനുകളുടെ നിർമാണം പൂർത്തിയാക്കിയാലും വൈദ്യുതിപ്രശ്‌നം മാറില്ല. 1000 മെഗാവാട്ട്  സൗരോർജോൽപ്പാദനമാണ് സർക്കാരിന്റെയും ബോർഡിന്റെയും ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും ബാക്കി ഡാമുകളിൽ ഫ്‌ളോട്ടിങ് സോളാർ പദ്ധതിവഴിയും നടപ്പാക്കും.  സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത‌്.

ഉപയോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി, തടസ്സംകൂടാതെ ലഭ്യമാക്കാൻ 12 കോടി ചെലവിലാണ് തമ്മനം സബ്‌ സ്‌റ്റേഷൻ നിർമിച്ചത്. നാലുകോടി രൂപയുടെ ഭരണാനുമതിയിൽ 969.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടുനിലകളിലാണ് മധ്യമേഖല ആസ്ഥാനമന്ദിരം നിർമിക്കുന്നത്. മധ്യമേഖല വിതരണവിഭാഗം ചീഫ് എൻജിനിയറുടെ കാര്യാലയം, പാലാരിവട്ടം ഇലക‌്ട്രിക്കൽ സെക‌്ഷൻ, പാലാരിവട്ടം സബ് ഡിവിഷൻ, ഇടപ്പള്ളി ഇലക‌്ട്രിക്കൽ സെക‌്ഷൻ എന്നിവ  ഈ കെട്ടിടത്തിൽ പ്രവർത്തിക്കും.  

പാലാരിവട്ടം ഇലക്ട്രിക്കൽ സെക‌്ഷൻ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ടി തോമസ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംഎൽഎ, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി കുമാരൻ, ചീഫ് എൻജിനിയർ ജയിംസ് എം ഡേവിഡ്, ചീഫ് എൻജിനിയർ വി ബ്രിജ്‌ലാൽ, ഡെപ്യൂട്ടി മേയർ ടി ജെ വിനോദ്, കൗൺസിലർമാരായ അജി ഫ്രാൻസിസ്, ജോസഫ് അലക്‌സ്, പൊതുപ്രവർത്തകരായ അഡ്വ. കെ ഡി വിൻസെന്റ്, എം ആർ അഭിലാഷ്, ടി ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top