17 June Monday

സിപിഐ എമ്മിനെ ഇല്ലാതാക്കാമെന്ന‌് കരുതേണ്ട: പിണറായി വിജയൻ

പ്രത്യേക ലേഖകൻUpdated: Saturday Feb 23, 2019

പെരിയ കല്യോട്ടെ രണ്ട‌് കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകം വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണെന്നും ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാനാകില്ലെന്ന‌ും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട‌് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിന‌് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു പൊളിറ്റ‌്ബ്യൂറോ അംഗംകൂടിയായ പിണറായി. അവസരം കിട്ടിപ്പോയെന്നുകരുതി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ശരിയാക്കിക്കളയാമെന്നാണ‌് ചിലർ ചിന്തിക്കുന്നത‌്. അങ്ങനെയങ്ങ‌് ഈ പ്രസ്ഥാനത്തെ തകർക്കാനാവില്ല. ആരുടെയും നാക്കിൻ തുമ്പിലും പേനത്തുമ്പിലും വളർന്ന പാർടിയല്ല ഇത‌്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ‌്ണൻ സംഭവം നടന്ന ഉടനെ കൊലപാതകികളെ തള്ളിപ്പറഞ്ഞിട്ടുണ്ട‌്. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്ക‌് സിപിഐ എമ്മിന്റെ പരിരക്ഷയോ പിന്തുണയോ ഉണ്ടാവില്ലെന്ന‌് പാർടി വ്യക്തമാക്കിയിട്ടുണ്ട‌്.

സംസ്ഥാന സർക്കാർ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ‌് ഇടതുപക്ഷത്തെ, പ്രത്യേകിച്ച‌് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള അവസരം സൃഷ്ടിച്ചത‌്. രാജ്യത്ത‌് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ‌്  കേരളം. നാടിന്റെയും നാട്ടുകാരുടെയും പിന്തുണ ഇതിന‌് ലഭിച്ചിട്ടുണ്ട‌്. സംസ്ഥാനത്ത‌് ശാന്തിയും സമാധാനവും പുലരാൻ സർക്കാരിന്റെ ഭാഗത്തുനിന്ന‌് എല്ലാവിധ  നടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവസരം കിട്ടിപ്പോയെന്നുകരുതി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ശരിയാക്കിക്കളയാമെന്നാണ‌് ചിലർ ചിന്തിക്കുന്നത‌്. അങ്ങനെയങ്ങ‌് ഈ പ്രസ്ഥാനത്തെ തകർക്കാനാവില്ല, ആരുടെയും നാക്കിൻ തുമ്പിലും പേനത്തുമ്പിലും വളർന്ന പാർടിയല്ല സിപിഐ എം

അന്ധമായ  ഇടതുപക്ഷ, സിപിഐ എം  വിരോധമാണ‌് കേരളത്തിലെ ചില മാധ്യമങ്ങളെ നയിക്കുന്നത‌്. എങ്ങനെയെങ്കിലും ഇവർ  ഒഴിഞ്ഞുകിട്ടിയാൽ മതിയെന്നാണ‌് ചിന്ത. ഇടതുപക്ഷങ്ങളെ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക‌് അവരുടെ മാധ്യമങ്ങളുണ്ട‌്. ആ മാധ്യമങ്ങൾ ഇടതുപക്ഷത്തെ എതിർക്കാൻ പുറപ്പെട്ടാൽ വേണ്ടത്ര വിശ്വാസ്യത കിട്ടില്ല. ആവശ്യമായ പ്രചാരണവും ഉണ്ടാവില്ല. അതിന്റെ ചുമതലയേറ്റെടുത്ത‌് നീങ്ങുന്ന ചിലരുണ്ട‌്.

അവർ ഇപ്പോഴത്തെ സന്ദർഭമുപയോഗിച്ച‌് ഇടതുപക്ഷത്തയാകെ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച‌്  ശ്രമിക്കുകയാണ‌്.  ഇടതുപക്ഷത്തിനെതിരെയും സിപിഐ എമ്മിനെതിരെയുമുള്ള പ്രചാരണം ആദ്യമല്ല.  പ്രസ്ഥാനം കേരളത്തിൽ രൂപംകൊണ്ടതുമുതൽ തുടങ്ങിയതാണ‌്. ഇതിനെ നേരിട്ടാണ‌് ഇടതുപക്ഷവും എൽഡിഎഫും ഇന്നത്തെ നിലയിലെത്തിയത‌്.

ജനങ്ങളുടെ മനസിൽ ജീവിക്കുന്ന പ്രസ്ഥാനത്തെ അത്ര എളുപ്പത്തിൽ തകർക്കാനാവില്ല. ജനങ്ങളെ യജമാനന്മാരായാണ‌് ഇടതുപക്ഷം കാണുന്നത‌്. സിപിഐ  എം ഏറ്റവും കൂടുതൽ അക്രമം നേരിടുന്ന കാലഘട്ടമാണിത‌്. ഇടതുപക്ഷത്തിന‌് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട‌്. സിപിഐ എമ്മിന്റെ സ്വാധീനം  വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഇടതുപക്ഷത്തിന്റെ കരുത്ത‌് കൂട്ടാനാവുകയുള്ളൂ. സിപിഐ എമ്മിന്റെ കരുത്ത‌് രാജ്യത്തെ പ്രതിലോമ ശക്തികൾ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട‌്.

ആദ്യം  കോൺഗ്രസായിരുന്നു സിപിഐ എമ്മിനെ ഏറ്റവും കൂടുതൽ വേട്ടയാടിയത‌്. ഇപ്പോൾ ആർഎസ‌്എസ്സും ബിജെപിയുമാണ‌് അതിന്റെ മുന്നണിയിൽ. ബംഗാളിലും ത്രിപുരയിലും രണ്ട‌് പാർടികളുടെയും ക്രൂരത സിപിഐ എം അനുഭവിച്ചതാണ‌്. രണ്ട‌് സ്ഥലങ്ങളിലും പോളിങ‌് ബൂത്തിൽ ഏജന്റുമാരെ ഇരിക്കാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ‌്അ ട്ടിമറിക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top