18 January Monday

കോൺഗ്രസിന്റെ രാഷ്ട്രീയവൈരം : പൊലിഞ്ഞത‌് 127 സിപിഐ എം പ്രവർത്തകരുടെ ജീവൻ

കെ ശ്രീകണ്‌ഠൻUpdated: Saturday Feb 23, 2019


‘നാരായണൻ, ബാലകൃഷ‌്ണൻ, അഷ‌്റഫ‌്, കൊച്ചനിയൻ, എം എസ‌് പ്രസാദ‌്, ഫിലിപ്പ‌് റൊസാരിയോ, ഭുവനേശ്വരൻ, അനീഷ‌് രാജൻ...’ കോൺഗ്രസ‌ുകാർ  കൊന്നുതള്ളിയ സിപിഐ എം പ്രവർത്തകരുടെ പട്ടികയിലെ പേരുകളാണിവ. രാഷ്ട്രീയവൈരത്തിന്റെ പേരിൽമാത്രം 127 പേരെയാണ‌്  കോൺഗ്രസ‌് അരുംകൊല ചെയ‌്തത‌്. അതിൽ വിദ്യാർഥികളും കർഷകത്തൊഴിലാളികളും യുവാക്കളുമുണ്ട‌്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നവർ, നെടുംതൂണുകൾ... പെരിയയിലെ ദൗർഭാഗ്യകരമായ സംഭവത്തിന്റെപേരിൽ സിപിഐ എമ്മിനെ കൊലപാതകികളുടെ പാർടിയായി ചിത്രീകരിക്കാൻ വിഫലശ്രമം നടത്തുന്ന കോൺഗ്രസ‌് നേതാക്കൾ തങ്ങൾ നടത്തിയ അതിക്രൂര കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും ചരിത്രം കേരളം മറന്നുവെന്ന മിഥ്യാധാരണയിലാണ‌്.

രാഷ്ട്രീയ കാരണങ്ങളല്ലാതെ വ്യക്തിവൈരാഗ്യത്തിന്റെയും പ്രാദേശിക പ്രശ‌്നങ്ങളുടെയും പേരിൽ കോൺഗ്രസുകാരുടെ കൊലക്കത്തിയിൽ പിടഞ്ഞുമരിച്ച പ്രവർത്തകരുടെ കണക്ക‌് വേറെയുമുണ്ട‌്. 2018 ഡിസംബർ29ന‌് എഴുകോണിൽ സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറി ബി ദേവദത്തന്റെ കൊലാപാതകമാണ‌് ഇതിൽ ഒടുവിലത്തേത‌്.

ചോരയിറ്റുന്ന ‘കൈപ്പത്തി’
രാഷ്ട്രീയ എതിരാളികളുടെ മാത്രമല്ല, സ്വന്തം അനുയായികളുടെയും നേതാക്കളുടെയും ജീവനെടുത്ത ചോരയിറ്റുന്ന കൈപ്പത്തിയാണ‌് തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് കോൺഗ്രസ‌് ഇപ്പോൾ മറച്ചുപിടിക്കുന്നത‌്. കഴിഞ്ഞ സിപിഐ എം  സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസുകാർ അരിഞ്ഞുതള്ളിയ 127 രക്തസാക്ഷികളെയാണ‌് ഹൃദയം വിങ്ങിയ വേദനയോടെ പ്രതിനിധികൾ അനുസ‌്മരിച്ചത‌്. ആർ‌എസ‌്എസും എസ‌്ഡിപിഐ ഉൾപ്പെടെയുള്ള തീവ്രവാദികളും മറ്റും അരുംകൊല ചെയ‌്തവരുടെ എണ്ണം ഇതിന‌് പുറമെയാണ‌്.
സിപിഐ എമ്മിന‌ുമാത്രം 575 ജീവനാണ‌് നഷ്ടമായത‌്. കേരളത്തിലെ മറ്റെല്ലാ പാർടികൾക്കുംകൂടി നഷ്ടപ്പെട്ട പ്രവർത്തകരുടെ എണ്ണം ഒന്നിച്ചെടുത്താലും ഇതിനടുത്തെങ്ങുംവരില്ല. പെരിയ കൊലപാതകം അത്യന്തം ഹീനമാണെന്ന നിലപാടാണ‌് പാർടിയും സർക്കാരും തുടക്കംമുതലേ സ്വീകരിച്ചത‌്.

എന്നാൽ, കോൺഗ്രസ‌് നടത്തിയ ഒരുനിഷ‌്ഠൂര കൊലപാതകത്തെപോലും ഇതുവരെ ആ പാർടി നേതൃത്വം അപലപിച്ചിട്ടില്ല. കേരളത്തിലെ കലാലയങ്ങളിൽ കോൺഗ്രസും കെഎസ‌്‌യുവും വീഴ‌്ത്തിയ ചുടുചോരയിൽ ജീവൻ പൊലിഞ്ഞ എസ‌്എഫ‌്ഐ പ്രവർത്തകരുടെ നിര നീണ്ടതാണ‌്.

മറക്കരുത‌്, ചീമേനിയിലെ കൂട്ടക്കുരുതി
1987 മാർച്ച‌് 23ന‌് കയ്യൂരിന‌് തൊട്ടടുത്ത‌് ചീമേനിയിൽ അഞ്ച‌് സിപിഐ എം പ്രവർത്തകരെയാണ‌് കോൺഗ്രസുകാർ കൊന്നത‌്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുശേഷം പാർടി ഓഫീസിൽ ഒത്തുകൂടിയവരെയാണ‌് കോൺഗ്രസുകാർ വളഞ്ഞിട്ട‌് ആക്രമിച്ചത‌്.  അറുപതോളം പേരാണ‌് അന്ന‌് ആക്രമണത്തിന‌് ഇരയായത‌്. കെട്ടിടം വ‌ളഞ്ഞ‌് തീയിട്ടും പുറത്തുചാടിയവരെ വെട്ടി വീഴ‌്ത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇതുപോലൊരു ക്രൂരത മറ്റൊരു പാർടിയും കേരളത്തിൽ നടത്തിയിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ രാഷ‌്ട്രീയ കൊലപാതകമാണ‌് അഴീക്കോടൻ രാഘവന്റേത‌്. 1972 സെപ‌്തംബർ 23ന‌് രാത്രിയിൽ തൃശൂരിലെ ചെട്ടിയങ്ങാടിയിൽ ബസിറങ്ങി താമസസ്ഥലത്തേക്ക‌് പോകുമ്പോഴാണ‌് അഴീക്കോടനെ കുത്തിക്കൊന്നത‌്. 

സിപിഐ എം നേതാവ‌് കുഞ്ഞാലിയെ വെടിവച്ചുകൊന്നത‌് 1969 ജൂലൈ 26നായിരുന്നു. അന്ന‌് എംഎൽഎയും നിരവധി തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു കുഞ്ഞാലി. ഈ കേസിൽ കോൺഗ്രസ‌് നേതാവായിരുന്ന ആര്യാടൻ മുഹമ്മദ‌് ഉൾപ്പെടെ പ്രതിക‌ളായി.കോൺഗ്രസിന്റെ കൊലയാളിമനസ്സ‌് എതിർ ചേരിയിൽപ്പെട്ടവരെ മാത്രമല്ല സ്വന്തം പാർടിയുടെ സ്ഥാപക നേതാക്കളെയും വേട്ടയാടിയതാണ‌് ചരിത്രം. ഗാന്ധിയൻ ജീവിതം നയിച്ച മൊയാരത്ത‌് ശങ്കരനെ തല്ലിക്കൊന്നത‌് കോൺഗ്രസുകാരാണ‌്.

നിലമ്പൂരിലെ കോൺഗ്രസ‌് ഓഫീസിൽ ജീവനക്കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന‌ുശേഷം കൊന്ന‌് ചാക്കിൽക്കെട്ടി തള്ളിയത‌് കോൺഗ്രസ‌് ക്രൂരതയുടെ  സാക്ഷ്യപത്രമാണ‌്.  തൃശൂരിൽ കോൺഗ്രസ‌് ഗ്രൂപ്പ‌് പോരിൽ കൊല്ലപ്പെട്ട ലാൽജി, ഈച്ചരത്ത‌് മധു എന്നിവരെ മുല്ലപ്പള്ളിയും സുധീരനും ചെന്നിത്തലയും മറക്കാനിടയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top