22 May Sunday

പ്രളയം കാണട്ടെ 
പ്രായത്തിന്റെ തോൽവി

എം പി നിത്യൻUpdated: Sunday Jan 23, 2022


ആലുവ
നീന്തലിന്‌ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പെരിയാർ നീന്തിക്കടന്ന അറുപത്തൊമ്പതുകാരി ആരിഫയും എഴുപതുകാരൻ വിശ്വംഭരനും. പെരിയാറിന്റെ ആലുവയിലെ ഏറ്റവും വീതിയേറിയ ഭാഗമായ അദ്വൈതാശ്രമം കടവുമുതൽ ആലുവ മണപ്പുറം കടവുവരെയുള്ള 500 മീറ്റർ നീന്തിക്കടന്നാണ് ഇരുവരും ശ്രദ്ധേയരായത്. ഇവിടെ 30 അടിയോളം താഴ്‌ചയുണ്ട്‌.
വെള്ളി രാവിലെ 8.55ന് ആശ്രമം കടവിൽനിന്ന്‌ തുടങ്ങി രാവിലെ 9.25ന് മണപ്പുറം കടവിൽ എത്തിയപ്പോൾ ഇരുവരെയും ഹർഷാരവത്തോടെ മധുരം നൽകി ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും സ്വീകരിച്ചു.  പരിശീലകൻ സജി വാളാശേരിയും ഒപ്പമുണ്ടായി.

2018ലെ മഹാപ്രളയമാണ് ഇരുവർക്കും നീന്താനുള്ള പ്രചോദനമായത്. 2018ലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തകർ വിശ്വംഭരനെയും ഭാര്യയെയും ചെറിയ ചുണ്ടൻവള്ളത്തിലാണ് ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. ഇതോടെ നീന്തൽ പഠിക്കണമെന്ന ആഗ്രഹവുമായി ആലുവയിലെ സജി വാളാശേരിയുടെ ശിഷ്യനായി. ആലുവ തായിക്കാട്ടുകര മനയ്ക്കപ്പറമ്പിൽ ആരിഫയും പ്രളയത്തെ അതിജീവിക്കാനാണ് നീന്തൽപഠനത്തിന്‌ ഇറങ്ങിയത്. ആരിഫയുടെ കുടുംബവും ബന്ധുക്കളും പ്രളയത്തിന്റെ ദുരിതം അനുഭവിച്ചവരാണ്‌. ഇതോടെ ആരിഫയും നീന്തൽ പഠിക്കാനിറങ്ങി.

സജി വാളാശേരിയുടെ ചിട്ടയായ പരിശീലനവും മനോധൈര്യവുമാണ് പെരിയാർ നീന്തിക്കടക്കാൻ ഇവർക്ക് പ്രചോദനമായത്. വളന്റിയർമാർ അടക്കം വള്ളങ്ങളിൽ ശരിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയാണ്‌ പെരിയാറിനുകുറുകെ നീന്തിയത്.  ആലുവ മണപ്പുറം ദേശം കടവിലായിരുന്നു ഇരുവരുടെയും പരിശീലനം. വെള്ളത്തിനോടുള്ള പേടി മാറി. ഇനി പ്രളയം വന്നാലും നീന്തി കരപറ്റുമെന്ന ധൈര്യത്തിലാണ് വിശ്വംഭരനും ആരിഫയും. കാഴ്ചക്കാരായി എത്തിയ പുതുതലമുറയോട് എത്രയുംവേഗം നീന്തൽ പഠിക്കണമെന്ന ഉപദേശം ഇരുവരും നൽകി. ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു, കൗൺസിലർമാരായ വി എൻ സുനീഷ്,  പി എസ് പ്രീത എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top