22 May Sunday

‘ചിലമ്പൊലി’യിൽ ഇന്നും
 ചിലങ്കയ്ക്ക് യുവത്വം

കെ പി അനിൽകുമാർUpdated: Sunday Jan 23, 2022വൈറ്റില
പ്രായം വെറും അക്കംമാത്രമാണ്‌ വിലാസിനി ടീച്ചർക്ക്‌. ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും നൃത്തത്തെക്കുറിച്ചുള്ള ചിന്തകളിലാണ്‌. ഗാന്ധിനഗറിൽ ഗിരിനഗർ നോർത്ത് റോഡ്‌ ‘ചിലമ്പൊലി’ വീട്ടിൽ നൃത്തച്ചുവടുകൾ നിലച്ച ദിവസങ്ങളില്ല.   
82 വയസ്സ്‌ കഴിഞ്ഞെങ്കിലും യുവത്വത്തിന്റെ  പ്രസരിപ്പോടെയാണ് നൃത്തവിദ്യാലയത്തിലെ വിദ്യാർഥികളെ ടീച്ചർ നൃത്തം അഭ്യസിപ്പിക്കുന്നത്. പല്ല് കൊഴിഞ്ഞിട്ടുണ്ട്‌. ആരോഗ്യത്തിനോ ഓർമയ്‌ക്കോ മങ്ങലില്ല.   

കോവിഡിനുമുമ്പ് വീടിനോട് ചേർന്നുള്ള ‘നൃത്യശ്രീ’ ഡാൻസ് സ്കൂളിൽ പല ബാച്ചുകളിലായി ദിവസവും ഇരുനൂറോളം വിദ്യാർഥികൾ പഠിക്കാനെത്തിയിരുന്നു.  ഇപ്പോൾ അത്‌ പത്തിൽ താഴെ. എന്നാൽ, പഠിക്കാനെത്തുന്ന ആരെയും  ടീച്ചർ നിരാശപ്പെടുത്താറില്ല. 

കോയമ്പത്തൂർ ടാഗൂർ അക്കാദമിയിൽനിന്നാണ് ടീച്ചർ ഭരതനാട്യം പഠിച്ചുതുടങ്ങിയത്‌. പിന്നീട് മധുര സുബ്രഹ്മണ്യയ്യർ, ലക്ഷ്‌മി, ജഗദംബാൾ എന്നിവർ ഗുരുക്കളായി. 13–-ാംവയസ്സിൽ പഠനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തി. തിരുവനന്തപുരം വിമെൻസ് കോളേജിൽനിന്നാണ് ഇന്റർമീഡിയറ്റ്  പൂർത്തിയാക്കിയത്. കേരള സർവകലാശാല ആദ്യ കലോത്സവത്തിൽ ഭരതനാട്യത്തിലെ ഒന്നാംസ്ഥാനം ടീച്ചർക്കായിരുന്നു. മക്കളായ ഷൈലജയും സുനിതയും എംജി സർവകലാശാല മുൻ കലാതിലകങ്ങളാണ്‌.

1958ൽ തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് കോളേജിൽ ഭരതനാട്യം മേധാവിയായി ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ രണ്ടുദിവസം മക്കളെ നൃത്തം പഠിപ്പിക്കാനായി വീട്ടിൽ തുടങ്ങിയ സ്ഥാപനമാണ്‌ പിൽക്കാലത്ത് നൃത്യശ്രീ ഡാൻസ് സ്കൂളായത്. നാലായിരത്തോളം കുട്ടികളെ ടീച്ചർ ഇതിനകം ഭരതനാട്യം പഠിപ്പിച്ചു. ശിഷ്യരായ സോണിയ ജി നായർ, അസിൻ, ചഞ്ചൽ, പൂർണിമ ഇന്ദ്രജിത്, പ്രിയങ്ക, ശരണ്യ മോഹൻ എന്നിവർ പിന്നീട്‌ സിനിമാ നടികളായി മാറി. കോവിഡിന് തൊട്ടുമുമ്പുവരെ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഷബ്ന മുഹമ്മദ് എന്നിവർ പഠിക്കാനെത്തിയിരുന്നു.

ടാഗോറിന്റെ  ‘ഗീതാഞ്ജലി’ ടീച്ചർ നൃത്തശിൽപ്പമാക്കിയപ്പോൾ ഏറെ പ്രശംസിക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ് ടി എസ് മുരളീധരൻനായരുടെ പിന്തുണയാണ് തന്റെ വിജയത്തിന്റെ പിന്നിലെന്നാണ് ടീച്ചർ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top