22 February Saturday

പാലാരിവട്ടം പാലം : ഭാരപരിശോധനയ്ക്ക്‌ നിർദേശം നൽകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി
പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവില്ല. സർക്കാരിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഭാരപരിശോധനയ്ക്ക്‌ വിദഗ്ധ ഏജൻസിയെ നിയമിക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. മൂന്നു മാസത്തിനകം ഭാരപരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും തീരുമാനമില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ കമ്പനിയായ ആർഡിഎസ് സമർപ്പിച്ച ഉപഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകിയിരിക്കുകയാണെന്നും തീരുമാനമാകുംവരെ ഉത്തരവ്‌ നൽകരുതെന്നും സ്റ്റേറ്റ് അറ്റോർണി കെ വി സോഹൻ ആവശ്യപ്പെട്ടു. ഭാരപരിശോധനയ്‌ക്ക് ഹൈക്കോടതി നിർദേശിച്ച സമയപരിധി ഫെബ്രുവരി 20നേ അവസാനിക്കൂവെന്നും പ്രത്യേകാനുമതി ഹർജിയിൽ തീർപ്പുണ്ടാകുന്ന മുറയ്ക്ക് സർക്കാർ നടപടി എടുക്കുമെന്നും സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. പാലം അപകടത്തിലാണെന്ന് വിദഗ്ധ ഏജൻസികളുടെ റിപ്പോർട്ടുണ്ടെന്നും ഭാരപരിശോധന നടത്താനാവില്ലെന്നും സാങ്കേതിക വിദഗ്ധരുടെ റിപ്പോർട്ടുണ്ടെങ്കിൽ അത് കണക്കിലെടുത്താൽ മതിയെന്ന്‌ സുപ്രീംകോടതിയുടെതന്നെ ഉത്തരവുണ്ടെന്നുമാണ് സർക്കാർവാദം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top