29 February Saturday

കരുതലോടെ ആരോഗ്യജാഗ്രത ; സംസ്ഥാന ഉദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

തിരുവനന്തപുരം
കേരളം വലിയൊരു യജ്ഞത്തിന് തുടക്കം കുറിക്കുകയാണ്. ‘ആരോഗ്യജാഗ്രത–-2020'ന്റെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച നിർവഹിക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു.. മുൻവർഷത്തെ അപേക്ഷിച്ച് കുറേക്കൂടി ശ്രദ്ധിക്കേണ്ട വർഷമാണ് 2020. ചാംക്രമിക വർഷങ്ങളിലാണ് പകർച്ചവ്യാധികൾ അധികം പടരാൻ സാധ്യതയെന്നാണ് ശാസ്ത്രലോകം പറയുന്നത്.

പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിനാണ് സംസ്ഥാനത്ത് ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് 2018ൽ ആരോഗ്യജാഗ്രത ആരംഭിച്ചത്. വർഷം മുഴുവനും നീണ്ടുനിൽക്കുന്ന വാർഷിക കർമപരിപാടി 2018, 2019 വർഷങ്ങളിൽ സമയബന്ധിതമായി നടപ്പാക്കി. ഇതിന്റെ വിജയത്തെ തുടർന്നാണ് ഈവർഷവും ആരോഗ്യജാഗ്രതയുമായി മുന്നോട്ടു പോകുന്നത്.

കക്ഷിരാഷ്ട്രീയം മറന്ന് ജനപങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിയാണ് ആരോഗ്യജാഗ്രത. താഴെത്തട്ടിൽ വാർഡ് ആരോഗ്യ ശുചിത്വസമിതികളുടെ നേതൃത്വത്തിൽ ആരോഗ്യസേന ഗൃഹ-, സ്ഥാപന സന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണപ്രവർത്തനങ്ങൾ നടത്തുന്നു. മഴക്കാലപൂർവ ശുചീകരണം, കൊതുകുനിരീക്ഷണം, കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പെടെയുള്ള കൊതുകുനിയന്ത്രണം, ജലസ്രോതസ്സുകളുടെ ക്ലോറിനേഷൻ, രോഗനിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊർജിതനിയന്ത്രണം, ബോധവൽക്കരണം തുടങ്ങിയവയാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പാക്കുന്നത്.

പകർച്ചവ്യാധികൾ കൂടുമെന്ന സൂചനയുള്ളതിനാൽ ഈവർഷം ‘ആരോഗ്യജാഗ്രത' കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. അതിന്‌ ഒറ്റക്കെട്ടായ പ്രവർത്തനം ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top