27 September Sunday

വ്യവസായ ഇടനാഴി : സംസ്ഥാനപങ്കാളിത്തം അംഗീകരിച്ചു ; പാലക്കാട്‌ മേഖലയിൽ 1990 ഏക്കർ ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


സ്വന്തം ലേഖകൻ
കൊച്ചി-–-പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഓഹരി വിഹിതവും (ഷെയർ ഹോർഡേഴ്‌സ് എഗ്രിമെന്റ്‌) സംസ്ഥാന പങ്കാളിത്തവും  (സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്‌) മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ വ്യവസായ ഇടനാഴി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും. വ്യവസായ ടൗൺഷിപ്പ് വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ ഉൾപ്പെടെ അതിവേഗം തയ്യാറാക്കാനാകും. പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

ഓഹരിവിഹിതം, സംസ്ഥാന പങ്കാളിത്തം എന്നിവ സംബന്ധിച്ച ധാരണപത്രങ്ങളാണ് മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചത്. വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് സംസ്ഥാനം എന്തെല്ലാം കാര്യങ്ങളാണ് നിർവഹിക്കുക എന്ന്‌ വിശദമാക്കുന്നതാണ് സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്. സംസ്ഥാനവും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ്‌ ഇപ്ലിമെന്റേഷൻ ട്രസ്റ്റും (നിക്ക്ഡിറ്റ്) ആണ്‌  ഇടനാഴിയുടെ രൂപീകരണത്തിന് നേതൃത്വം വഹിക്കുന്നത്. ഏറ്റെടുത്തുനൽകുന്ന ഭൂമിയാണ് സംസ്ഥാനവിഹിതമായി കണക്കാക്കുക. ഈ ഭൂമിയുടെ മൂല്യത്തിന് തുല്യമായ തുക കേന്ദ്രം നൽകും. ഇത്തരത്തിൽ 50 ശതമാനം തുല്യവിഹിതമാണ് രണ്ടുകൂട്ടർക്കും ഉണ്ടാവുക. കിൻഫ്രയും നിക്ക്ഡിറ്റും തമ്മിലാണ് ഷെയർ ഹോർഡേഴ്‌സ് എഗ്രിമെന്റ്. സംസ്ഥാന സർക്കാരും നിക്ക്ഡിറ്റും കിൻഫ്രയും തമ്മിലാണ് സ്‌റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ ധാരണയാകുന്നത്.

പാലക്കാട്‌ മേഖലയിൽ 1990 ഏക്കർ ഏറ്റെടുക്കും
പാലക്കാട് മേഖലയിൽ ഏകദേശം 1990 ഏക്കർ ഏറ്റെടുക്കാനാണ് തീരുമാനം. കണ്ണമ്പ്ര-, ആലത്തൂർ എന്നിവിടങ്ങളിലായി 470 ഏക്കർ, പുതുശ്ശേരി –-സെൻട്രൽ -ചിറ്റൂർ- 1100 ഏക്കർ, ഒഴലപ്പതി–-ചിറ്റൂർ 200 ഏക്കർ, കഞ്ചിക്കോട് 220 ഏക്കർ എന്നിങ്ങനെയാണ് ഏറ്റെടുക്കുന്നത്. മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടത് നിക്ക്ഡിറ്റാണ്. എറണാകുളം മേഖലയിൽ സ്ഥലം ഏറ്റെടുക്കലും വികസനവും കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തും.

ചെന്നൈ–-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക്ക് ഇടനാഴി വികസനം. ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ആറ് ഏകീകൃത ഉൽപ്പാദന ക്ലസ്റ്ററുകൾ ഉണ്ടാകും. പാലക്കാട്‌ മേഖലയിലെ ക്ലസ്‌റ്ററിൽ ഭക്ഷ്യസംസ്‌കരണം, റബർ, ഇലക്‌ട്രോണിക്‌സ്‌, ജനറൽ മെഷീനറി എന്നിവയ്‌ക്കാണ്‌ ഉയർന്ന പരിഗണന.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top