29 February Saturday

സ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്; വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരെ വകുപ്പുതല നടപടി

സ്വന്തം ലേഖകൻ Updated: Thursday Jan 23, 2020

തിരുവനന്തപുരം > സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌  ബെഹ്റയുടെ നിർദേശം. ക്രിമിനൽ നടപടി നിയമത്തിലെ 161(1) വകുപ്പ്‌ പ്രകാരം ഒരു സ്ത്രീയേയും സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല. മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചാകണം. സ്‌ത്രീകളുടെ മൊഴി ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല. ഈ വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി മുന്നറിയിപ്പ് നൽകി.

ചില വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിച്ചാൽ വനിതാ ഓഫീസർ ആ വിവരം രേഖപ്പെടുത്തണം. കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവർത്തകരുടെയും വനിതാ സംഘടനകളുടെയും സഹായവും ലഭ്യമാക്കണം.

പരാതിക്കാരി ശാരീരിക–-മാനസിക വൈകല്യം നേരിടുന്നുണ്ടെങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് അവരുടെ വീട്ടിൽവച്ചോ അവർക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം. ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടേയോ ഇന്റർപ്രട്ടറുടേയോ മെഡിക്കൽ ഓഫീസറുടേയോ സാന്നിധ്യത്തിലാകണം വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. ഇത്‌  വീഡിയോയിൽ പകർത്തണം. മൊഴി  റെക്കോഡ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top