27 May Monday
സംസ്ഥാനത്താകെ നൽകിയത‌് 1,02,681

ഇടുക്കിയിൽ 6065 പേർക്കുകൂടി പട്ടയം വിതരണംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019കുട്ടിക്കാനം
ഉപാധികളില്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈവന്നതിന്റെ ആഹ്ലാദത്തിൽ 6065 കർഷകർ കൂടി. ആയിരക്കണക്കിന‌് സാധാരണക്കാരായ കർഷകർ തിങ്ങിനിറഞ്ഞ കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയ വിതരണ മേള ഉദ‌്ഘാടനംചെയ‌്തു. ഭിന്നശേഷിക്കാരനായ കരിങ്കുളം ചപ്പാത്ത‌് തിരിയാന്തറയിൽ കെ വി മോഹനന‌ാണ‌് ആദ്യ പട്ടയം നൽകിയത‌്. തുടർന്ന‌് 1167.65 ഹെക്ടറിന്റെ ഉടമകളായി മറ്റു കർഷകർക്ക‌ും പട്ടയം നൽകി. മന്ത്രി എം എം മണി ചടങ്ങിൽ അധ്യക്ഷനായി.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്ന‌് 32 മാസമാകുമ്പോൾ മൂന്നാമത്തെ പട്ടയവിതരണം കൂടിയായതോടെ 20,419 കർഷകർ ഭൂ ഉടമകളായി മാറി. 2017 മേയിൽ 5490, 2018 ഫെബ്രുവരിയിൽ 8864 പട്ടയങ്ങൾ വീതമാണ‌് ഇതിനുമുമ്പ‌് ഇടുക്കിയിൽ വിതരണംചെയ‌്തത‌്. നിയമം ഭേദഗതിചെയ‌്തും ഭൂ വിനിയോഗ ചട്ടങ്ങളിൽ മാറ്റംവരുത്തിയും കർഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചതും ചരിത്രമായി.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്താകെ ഇതുവരെ 1,02,681 പട്ടയങ്ങളാണ‌് വിതരണംചെയ്തത‌്. എന്നാൽ, കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷംകൊണ്ട‌് മൂന്ന‌് സെന്റിലെ 39,788 പട്ടയം കൂടാതെ 89,884 ഉപാധികളും നിബന്ധനകളും നിറഞ്ഞ പട്ടയങ്ങൾ മാത്രമാണ‌് വിതരണം ചെയ‌്തത‌്. പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചിട്ടും അവകാശം ലഭിക്കാതിരുന്ന പിന്മുറക്കാർക്കും ആദിവാസികൾക്കും വനവാസികൾക്കും പട്ടയം ലഭിച്ചതിന്റെ അംഗീകാരം ആഹ്ലാദമായി പ്രതിഫലിച്ച ചടങ്ങുകൂടിയായി മൂന്നാം പട്ടയമേള. പട്ടയ വിതരണത്തിനായി കേന്ദ്ര സർക്കാരിൽനിന്നും അനുമതി ലഭിച്ച ഭൂമിക്കാണ‌് 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ലെ ഭൂപതിവ‌് നിയമപ്രകാരവും പട്ടയം നൽകിയത‌്. 1993 ചട്ടപ്രകാരം 1801, 1964 റൂള്‍ പ്രകാരം 3958, കണ്ണൻദേവൻ ഹിൽ ചട്ട പ്രകാരം 50, മുനിസിപ്പല്‍ നിയമ പ്രകാരം 13, എല്‍ടി പ്രകാരം 243 ഉൾപ്പെടെയാണ‌് ഇത്രയും പട്ടയങ്ങള്‍ വിതരണംചെയ്തത്.

വിവിധ ലാൻഡ‌് അസൈൻമെന്റ‌് ഓഫീസ്, താലൂക്ക് തിരിച്ച‌് വിതരണം ചെയ‌്ത പട്ടയങ്ങള്‍ യഥാക്രമം: കട്ടപ്പന 1030, മുരിക്കാശേരി 842, പീരുമേട് 794, നെടുങ്കണ്ടം 770, രാജകുമാരി 450, ഇടുക്കി 399, കരിമണ്ണൂര്‍ 378, ദേവികുളം 970, തൊടുപുഴ 163, ഇടുക്കി താലൂക്ക് 26, തൊടുപുഴ ലാൻഡ‌് ട്രിബൂണല്‍ 243.

1977 ജനുവരി ഒന്നിനുമുമ്പ‌് ഭൂമിയിൽ താമസമാക്കിയവരും കൈവശക്കാരും പിന്തുടർച്ചയായി കൈമാറിയവരുമായ കർഷക വിഭാഗങ്ങൾക്ക‌് പട്ടയ അവകാശം വിഭാവനംചെയ്യുന്നതാണ‌് 1993ലെ വനഭൂമി കുടിയേറ്റ ക്രമീകരിക്കൽ ചട്ടം. 1995ലെ കേരള മുൻസിപ്പൽ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം തൊടുപുഴ നഗരസഭയുടെ പരിധിയിൽ വരുന്ന ഭൂമിക്കും പട്ടയം നൽകി. ഇതിനൊപ്പം 150 വനാവകാശ രേഖകളും വിതരണംചെയ‌്തു. 40 വർഷമായി പട്ടയത്തിന‌് അപേക്ഷ നൽകിവരുന്ന അടിമാലി മന്നാങ്കണ്ടം വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങളും ഭൂമിയുടെ ഉടമകളായി. അർഹരായ കർഷകർക്കെല്ലാം ഉപാധിരഹിത പട്ടയമെന്നത‌് എൽഡിഎഫ‌ിന്റെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനമായിരുന്നു. പട്ടയം നൽകാനും ഇഎസ‌്ഐ ഉൾപ്പെടെയുള്ള ഭൂ പ്രശ‌്നങ്ങൾ പരിഹരിക്കാനും തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഇടുക്കിയിലെ ജനപ്രതിനിധികളേയും പങ്കെടുപ്പിച്ച‌് പ്രത്യേക യോഗങ്ങൾ ചേർന്നാണ‌് നടപടികൾ ത്വരിതപ്പെടുത്തിയത‌്.

പട്ടയ വിതരണ മേളയിൽ ജോയ‌്സ‌് ജോർജ‌് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവർ സംസാരിച്ചു. കലക്ടർ കെ ജീവൻബാബു റിപ്പോർട്ട‌് അവതരിപ്പിച്ചു. ഇ എസ‌് ബിജിമോൾ എംഎൽഎ സ്വാഗതം പറഞ്ഞു.

അര്‍ഹരായവര്‍ക്കെല്ലാം ഉപാധിരഹിത പട്ടയം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കുട്ടിക്കാനം
ഉപാധിരഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ ഗവണ്‍മെന്റ്  ഇനിയും അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മൂന്ന് ചെയിന്‍ പ്രദേശത്തെയും ദേവികുളം കുറ്റിയാര്‍ വാലിയിലെയും പട്ടയങ്ങള്‍ ഈ വര്‍ഷംതന്നെ നല്‍കുമെന്നും 29 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന ഉന്നതതലയോഗത്തില്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മൂന്നാംഘട്ട പട്ടയമേളയുടെ ഉദ‌്ഘാടന പ്രസംഗത്തിലും വാർത്താസമ്മേളനത്തിലുമായാണ‌് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത‌്.

പെരിഞ്ചാംകുട്ടിയിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ക്കും താമസിയാതെ പരിഹാരമുണ്ടാക്കും. വനാതിര്‍ത്തി പങ്കുവയ‌്ക്കുന്ന കേരളത്തിലെ 28,500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 25,000 ഹെക്ടര്‍ സ്ഥലവും ഇടുക്കിയിലാണ്. സമയബന്ധിതമായി ഭൂമി അര്‍ഹരായവര്‍ക്ക് നല്‍കും.
പട്ടയം നല്‍കുന്നതില്‍ വനംനിയമങ്ങള്‍ പ്രതിബന്ധമാകുന്ന കേസുകളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുമെന്നും  മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top