05 July Sunday

ബാലമുരുകന്‌ മുന്നിലില്ല ഒരു ഭാഗ്യതാരകം

ഒ വി ദേവസിUpdated: Friday Nov 22, 2019


ആലുവ
ഇരുട്ടിനെ തോൽപ്പിച്ച്‌ നേടിയ ബിരുദങ്ങളൊന്നും ബാലമുരുകനെ തുണച്ചില്ല. സ്‌പോർട്‌സിലും സാങ്കേതികവിദ്യയിലും  സംഗീതത്തിലുള്ള കഴിവുകളും വെറുതെയായി. സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച അന്ധവിദ്യാലയത്തിന്റെ ചുറ്റുവട്ടത്തെ ഇരുട്ടിൽ ഈ യുവാവ്‌ ഇന്നുമുണ്ട്‌. സ്വന്തം ജീവിതത്തെ കടാക്ഷിക്കാത്ത ഭാഗ്യം മറ്റുള്ളവർക്ക്‌ വിറ്റഴിക്കാൻ.

അച്ഛനമ്മമാർ തമിഴ്‌നാട്‌ സ്വദേശികളാണെങ്കിലും മൂന്നാറിലാണ്‌ ബാലമുരുകന്റെ ജനനം. തൊഴിൽ തേടി  തേയിലത്തോട്ടത്തിലെത്തിയതാണ്‌ കുടുംബം.  ജനിച്ചപ്പോൾത്തന്നെ കുഞ്ഞിന്‌ കാഴ്‌ചശക്തിയില്ല. ആറുമാസം കഴിഞ്ഞപ്പോൾ അഛൻ മരിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയും വിടപറഞ്ഞു. പിന്നെ,  ചെറിയമ്മയുടെ സംരക്ഷണയിലായി ജീവിതം. 

1992 മുതൽ 2002 വരെ കീഴ്‌മാട്‌ അന്ധവിദ്യാലയത്തിലായിരുന്നു പഠനം. ഡിസ്‌റ്റിങ്‌ഷനോടെ എസ്‌എസ്‌എൽസി പസായി. എസ്‌ടിഡി ബൂത്തിൽ ജോലി ചെയ്‌ത്‌ തൃശൂർ കേരളവർമ കോളേജിൽനിന്ന്‌ ഫസ്‌റ്റ്‌ ക്ലാസോടെ ബിരുദം നേടി.  ഒരു സ്‌പോൺസറുടെ സഹായത്താൽ തൃശൂർ മോഡൽ കോളേജിൽനിന്ന്‌  ബിഎഡും.    കുറച്ചുകാലം മലപ്പുറം കീഴ്‌പ്പറമ്പിൽ കേരള ബ്ലൈൻഡ്‌ സ്‌കൂൾ സൊസൈറ്റിയുടെ കീഴിലുള്ള അനാഥമന്ദിരത്തിൽ താമസിച്ചു.   തുടർന്ന്‌, കീഴ്‌മാടിലേക്ക്‌ വീണ്ടും.
വിദ്യാഭ്യാസത്തിനനുസരിച്ചുള്ള  ജോലിക്കുവേണ്ടി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവിൽ, നാട്ടുകാരുടെ  സഹായത്തോടെ ലോട്ടറി ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ചു. അന്ധവിദ്യാലയത്തിനു മുമ്പിലും കുട്ടമശേരി പരിസരത്തും അലയാൻ തുടങ്ങി.

പലപ്പോഴും തട്ടിപ്പിനും ചതിക്കും ഇരയായി.  പുതിയ നോട്ട്‌ തിരിച്ചറിയാനുള്ള  ബുദ്ധിമുട്ട്‌ പലരും മുതലെടുത്തു. അഞ്ഞൂറിന്റേതാണെന്ന്‌ ധരിപ്പിച്ച്‌ 200 രൂപ നോട്ട്‌ നൽകി ടിക്കറ്റും ബാക്കിയും വാങ്ങി കടന്ന അനുഭവവും ഉണ്ട്‌.  ടിക്കറ്റ്‌ വിറ്റ പണം കവർന്നയാളെ ഒരിക്കൽ നാട്ടുകാർ പിടികൂടി. സാമൂഹ്യവിരുദ്ധരുടെ  ഉപദ്രവങ്ങളും പതിവാണ്‌.

തമിഴ്‌, മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരൻ കംപ്യൂട്ടർ പഠനവും നടത്തിയിട്ടുണ്ട്‌. കാഴ്‌ചയില്ലെങ്കിലും ആൻഡ്രോയ്‌ഡ്‌ ഫോൺ കൈകാര്യം ചെയ്യും.  വിരൽ സ്‌പർശിക്കുന്നതിനനുസരിച്ച്‌ ശബ്ദം പുറപ്പെടുവിക്കുന്ന പ്രത്യേക ആപ്പ്‌ അപ്‌ലോഡ്‌ ചെയ്‌താണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

ഹാർമോണിയം, ബാൻഡ്‌ സെറ്റ്‌, കയർമാറ്റ്‌ നിർമാണം, പേപ്പർ ക്രാഫ്‌റ്റ്‌ എന്നിവയും  വഴങ്ങും. പഠനകാലത്ത്‌ ഓട്ടം, ചാട്ടം എന്നിവയ്‌ക്ക്‌ സമ്മാനവും നേടിയിട്ടുണ്ട്‌. രാക്ഷസരാജാവ്‌ എന്ന ചലച്ചിത്രത്തിലും തലകാണിച്ചു. അതുകൊണ്ടൊന്നും ജീവിതമാകില്ലെന്ന്‌ അറിയാം.   കയറിക്കിടക്കാൻ സ്വന്തമായൊരിടവും സർക്കാർ ജോലിയും എന്ന സ്വപ്‌നം മനസ്സിൽ സൂക്ഷിച്ച്‌ ബാലമുരുകൻ ഭാഗ്യാന്വേഷികളെ മാടിവിളിക്കുകയാണ്‌.


പ്രധാന വാർത്തകൾ
 Top