28 November Saturday

‘‘ഇവിടത്തെ നല്ല അനുഭവം ഒരിക്കലും മറക്കില്ല , ഇവിടെ കോവിഡ്‌ ചികിത്സ ഫസ്റ്റ്‌ ക്ലാസാണ്‌ ""

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020



കൊച്ചി
‘‘ഇവിടെ കോവിഡ്‌ ചികിത്സ ഫസ്റ്റ്‌ ക്ലാസാണ്‌. ഇവിടത്തെ നല്ല അനുഭവം ഒരിക്കലും മറക്കില്ല. എല്ലാവർക്കും നന്ദി’’– -ഇത്‌ ബ്രിട്ടീഷ്‌ സഞ്ചാരി ബ്രയാൻ നീലിന്റെ വാക്കുകൾ.  കടുത്ത ന്യുമോണിയ ഉൾപ്പെടെ ഗുരുതരാവസ്ഥയിലായിരുന്ന ബ്രയാന്‌ അതുവരെ പരീക്ഷിക്കാത്ത ലോപിനാവിർ–-റിറ്റൊനാവിർ ആന്റിവൈറൽ ചികിത്സകൾ നൽകി. ശ്വസനത്തിന്‌ കോവിഡ്‌ രോഗികളിൽ ആദ്യമായി എൻഐവി വെന്റിലേഷനും പരീക്ഷിച്ചു.  പതിനഞ്ചു ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ ജീവൻ തിരിച്ചുകിട്ടിയ ബ്രയാൻ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും നന്ദി പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചത്‌ മാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്‌.
ഇതൊരു ബ്രയാന്റെ മാത്രം അനുഭവമല്ല; ഒമ്പതുമാസമായി കോവിഡ്‌ രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന സംസ്ഥാനത്തെ പ്രധാന കോവിഡ്‌ ആശുപത്രിയായ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ രോഗികളുടെ  അനുഭവ സാക്ഷ്യമാണ്‌.

കോവിഡ്‌ ആശുപത്രിയായശേഷം 11,799 ഒപി രോഗികൾ.  3639 ഐപി രോഗികൾ. അതിൽ 2869 പേരും ദീർഘകാലം കോവിഡ്‌ പോസിറ്റീവ്‌. എന്നിട്ടും മരണം 91 മാത്രം. കോവിഡ്‌ മരണ നിരക്ക്‌ (ക്യുമുലേറ്റീവ്‌ ഡെത്ത്‌ റേറ്റ്‌ 0.83) ഏറ്റവും കുറവുള്ള എറണാകുളം ജില്ലയിലെ ഗുരുതരമായ എല്ലാ കോവിഡ്‌ ചികിത്സകളും നടക്കുന്നത്‌ ഇവിടെ.

ഇവിടെ 300 ഐപി കിടക്കകളും 70 ഐസിയു കിടക്കകളും കോവിഡ്‌ ചികിത്സയ്‌ക്ക്‌ മാത്രമായാണ്‌ നീക്കിവച്ചത്‌. ജില്ലയിൽ ഏറ്റവും ഗുരുതരമായ കാറ്റഗറി സി വിഭാഗത്തിലുള്ള രോഗികളെ കൂടുതലായി ഇവിടെയാണ്‌ പ്രവേശിപ്പിക്കുന്നത്‌. പ്ലാസ്‌മാ തെറാപ്പി, ലോപിനാവിർ–-റിറ്റൊനാവിർ ആന്റിവൈറൽ ചികിത്സകൾ സംസ്ഥാനത്തുതന്നെ ആദ്യമായി കോവിഡ്‌ രോഗികൾക്ക്‌ നൽകിത്തുടങ്ങി. പ്ലാസ്‌മ ചികിത്സയിലൂടെ ഇതിനകം 115 രോഗികളെ  രക്ഷിച്ചു.

ദിവസം 15 ഡോക്ടർമാരും 72 നേഴ്‌സുമാരും ഉൾപ്പെട്ട ടീം ഇവിടെ ഐസിയു ഡ്യൂട്ടി എടുക്കുന്നു. കാർഡിയോളജിസ്‌റ്റ്‌, ന്യൂറോളജിസ്‌റ്റ്‌, നെഫ്രോളജിസ്‌റ്റ്‌, അനസ്‌തേഷ്യോളജിസ്‌റ്റ്‌, പൾമനോളജിസ്‌റ്റ്‌, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്‌റ്റ്‌ എന്നിവരുടെ മേൽനോട്ടത്തിലാണ്‌ കോവിഡ്‌ ഐസിയുവിന്റെ പ്രവർത്തനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top