04 December Friday

പച്ചക്കറികളുടെ തറവില കർഷകർക്ക്‌ കൈത്താങ്ങ്‌: മന്ത്രി വി എസ്‌ സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആഹ്വാനം ഏറ്റെടുത്ത്‌ കൃഷിയിലേക്ക് വന്ന പുതിയ കർഷകർക്കും ഒപ്പം പരമ്പരാഗത കർഷകർക്കും കൈത്താങ്ങാണ്‌ സംസ്ഥാന സർക്കാരിന്റെ തറവില പ്രഖ്യാപനമെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു.  ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട്‌ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച സുഭിക്ഷകേരളം, ജീവനി പദ്ധതികളിലൂടെ ഈ വർഷം ഒരു  ലക്ഷം മെട്രിക് ടൺ പച്ചക്കറിയുടെയും ഒരു ലക്ഷം മെട്രിക് ടൺ കിഴങ്ങ് വർഗങ്ങളുടെയും അധിക ഉൽപ്പാദനം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കർഷകർ എന്തുചെയ്യണം
പച്ചക്കറിക്ക്‌ തറവില ലഭിക്കാൻ കർഷകർ കൃഷിവകുപ്പിന്റെ രജിസ്ട്രേഷൻ പോർട്ടലിൽ ( www.aims.kerala.gov.in)  കൃഷിവിവരങ്ങൾ രജിസ്റ്റർ ചെയ്യണം.  AIMS മൊബൈൽ ആപ്‌ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്തും വിവരങ്ങൾ രേഖപ്പെടുത്താം. കർഷകരും കർഷക ഗ്രൂപ്പുകളും അവരുടെ കൃഷിയിടത്തിന്റെ വിസ്തീർണം, വിതയ്ക്കൽ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം എന്നീ വിവരങ്ങൾ കൃഷിയിറക്കുന്ന സീസണിനുമുമ്പായി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൃഷിയിറക്കിയാൽ ഉടൻ കർഷകർ വിള ഇൻഷുറൻസുകൂടി ചെയ്യണം. വിള ഇൻഷുറൻസ് എയിംസ്‌ പോർട്ടൽ മുഖേനയോ കൃഷിഭവനുമായി ബന്ധപ്പെട്ടോ ചെയ്യാം.

വിപണി വില വിലയിരുത്തി തറവില
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും അടങ്ങുന്ന ജില്ലാതല സമിതി അതത് ഉൽപ്പന്നങ്ങളുടെ വില വിലയിരുത്തും. വിപണിവില ജില്ലയിലെ തറവിലയേക്കാൾ താഴ്ന്നിരിക്കുകയാണെന്ന് ബോധ്യപ്പെട്ടാൽ ജില്ലയിൽ ആ ഉൽപ്പന്നത്തിന് തറവില നിലവിൽ വന്നതായി പ്രഖ്യാപിക്കും.

ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയാകും തറവില നൽകുക. തറവില പ്രഖ്യാപിച്ചാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണികളിലേക്കോ സൊസൈറ്റികളിൽ അംഗങ്ങളായിട്ടുള്ളവർ നോട്ടിഫൈഡ് സൊസൈറ്റികളിലേക്കോ/ സംഭരണകേന്ദ്രങ്ങളിലേക്കോ രജിസ്ട്രേഷൻ വിവരങ്ങളോടൊപ്പം ഉൽപ്പന്നങ്ങൾ എത്തിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top