04 December Friday
മലക്കം മറിഞ്ഞ്‌ മുല്ലപ്പള്ളി, കൂട്ടുകൂടാനില്ലെന്ന് ആര്യാടൻ

യുഡിഎഫ്‌ വിശാല തീവ്രവാദസഖ്യത്തിലേക്ക്‌‌; എസ്‌ഡിപിഐയുമായി രഹസ്യധാരണ

പി വി ജീജോUpdated: Thursday Oct 22, 2020


മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി  ധാരണ,  ഭീകരവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടുമായി രഹസ്യസഖ്യം;- പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  യുഡിഎഫ്‌ നീങ്ങുന്നത്‌ മത –-തീവ്രവാദശക്തികളുടെ വിശാല കൂട്ടുകെട്ടിലേക്ക്‌‌. കേരള കോൺഗ്രസ്‌ (മാണി) കൂടി  മുന്നണി വിട്ടതോടെ ‌  മതതീവ്രവാദശക്തികളെ ചേർത്ത്‌ ക്ഷീണം തീർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. അടുത്ത ദിവസം കൊച്ചിയിൽ ചേരുന്ന യുഡിഎഫ്‌ നേതൃയോഗത്തിൽ തീവ്രവാദസഖ്യത്തിന്‌ ‌ അന്തിമരൂപമാകും. ‌പോപ്പുലർ ഫ്രണ്ട്‌ –- ജമാഅത്തെ സഖ്യം രൂപപ്പെടുത്താനുള്ള അജൻഡ മുഖ്യമായും മുസ്ലിംലീഗിന്റെതാണ്‌. ഭരണത്തിൽ തിരിച്ചെത്താൻ വേറെ വഴിയില്ലെന്ന ലീഗ്‌ വാദം അംഗീകരിക്കുകയാണ്‌ കോൺഗ്രസ്‌. 

പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചുവരും മുമ്പ്‌ ആസൂത്രണം ചെയ്‌തതാണ്‌ ഈ‌ സഖ്യമെന്ന്‌ പ്രമുഖ ലീഗ്‌ നേതാക്കൾ സൂചിപ്പിക്കുന്നു. എന്നാൽ ലീഗിന്‌ ഉപമുഖ്യമന്ത്രി പദം,  കൂടുതൽ നിയമസഭാ സീറ്റ്‌ എന്നീ വാഗ്‌ദാനങ്ങൾ ‌ ഉള്ളതിനാൽ സഖ്യത്തിൽ എതിർപ്പുള്ള ‌ നേതാക്കളും പാർടിക്കുള്ളിൽ നിസ്സഹായരാണ്.‌  ജമാഅത്തെ  ഇസ്ലാമി–-വെൽഫയർ പാർടി എന്നതുപോലെ പോപ്പുലർ ഫ്രണ്ട്‌‌‌ –-എസ്‌ഡിപിഐ നേതൃത്വവുമായും കുഞ്ഞാലിക്കുട്ടിക്ക്‌  വർഷങ്ങളായി അടുത്ത ബന്ധമുണ്ട്‌.  മലപ്പുറം പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പിൽ  കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച്‌  ഇക്കൂട്ടർ  അത്‌ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്‌.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും‌ എസ്‌ഡിപിഐ–-പോപ്പുലർ ഫ്രണ്ട്‌‌ നേതാക്കളുടെ സഹായം തേടി. ഇതിന്റെ വിശാലരൂപമാകും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലുണ്ടാവുക.  ജമാഅത്തെ‌ ബന്ധവും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സന്റെ അമീറുമായുള്ള രഹസ്യചർച്ചയുമൊന്നും  നിഷേധിക്കാൻ ലീഗും മുഖപത്രമായ ചന്ദ്രികയും തയ്യാറാകാത്തത്‌ ഈ പശ്ചാത്തലത്തിലാണ്‌.

ജമാഅത്തെ കൂട്ടുകെട്ട്‌: മലക്കം മറിഞ്ഞ്‌ മുല്ലപ്പള്ളി
ജമാഅത്തെ ഇസ്ലാമി അമീറുമായി യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ കൂടിക്കാഴ്‌ച നടത്തിയത് തന്റെ അറിവോടെയാണെന്ന്‌ കെപിസിസി  പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർടിയുമായി സഹകരിക്കണോയെന്ന്‌  തീരുമാനിക്കേണ്ടത്‌ യുഡിഎഫാണ്.  യുഡിഎഫുമായി ധാരണയിലെത്തിയെന്ന വെൽഫെയർ പാർടിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും-  കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.
കഴിഞ്ഞ ദിവസം കാസർകോട്‌ വാർത്താസമ്മേളനത്തിൽ ജമാഅത്തെ ബന്ധം മുല്ലപ്പള്ളി നിഷേധിച്ചിരുന്നു.  
 

കോൺഗ്രസാണോ; കൂട്ടുകൂടാനാകില്ല: ആര്യാടൻ
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി ഒരിക്കലും കൂട്ടുകൂടാൻ സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. അങ്ങനെയൊരു തീരുമാനം കോൺഗ്രസ് കൈക്കൊണ്ടതായി വിശ്വസിക്കുന്നില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വെൽഫെയർ പാർടി നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നാണ്‌ വ്യക്തമാക്കിയത്‌. അത് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിലായാലും മറിച്ചൊരു തീരുമാനമെടുക്കാൻ കോൺഗ്രസിനാകില്ലെന്നും‌ ആര്യാടൻ പറഞ്ഞു.

വെൽഫെയർ പാർടി സഹായിച്ചെന്ന്‌ എൻ കെ പ്രേമചന്ദ്രൻ
തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടി സഹായിച്ചിരുന്നുവെന്ന്‌ ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി. ഇത്തരം കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിൽ യുഡിഎഫ്‌ നയം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ കൂട്ടുകെട്ടിനുള്ള ‌സാധ്യത തള്ളാതെയായിരുന്നു‌ പ്രേമചന്ദ്രന്റെ മറുപടി‌.  ഇംഗ്ലീഷ്‌ ഇന്ത്യൻ ക്ലേ ഫാക്ടറി തൊഴിലാളികളുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്നും കമ്പനിയുടെ പ്രവർത്തനം സുഗമമാക്കാൻ നടപടിയെടുക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

സ്വാഗതംചെയ്യും: കെ സുധാകരൻ
കണ്ണൂർ
യുഡിഎഫിനോട്‌ ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതംചെയ്യുമെന്ന്  കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌  കെ സുധാകരൻ എംപി. വെൽഫെയർ പാർടിയുടെ കാര്യത്തിലും ഇത്‌ ബാധകമാണ്‌.

കോൺഗ്രസിന്‌ മതേതര മുഖം നഷ്ടമാകും: കെഎൻഎം മർക്കസുദാവ
വെൽഫെയർ പാർടിയുമായി കൂട്ടുകൂടുന്നതോടെ കോൺഗ്രസിന് മതേതര മുഖം നഷ്ടമാകുമെന്ന്‌ കെഎൻഎം മർക്കസുദാവ സംസ്ഥാന സെക്രട്ടറി അബ്ദുൾ ലത്തീഫ് കരിമ്പിലാക്കൽ.  മതരാഷ്ട്ര-വാദികളുമായുള്ള കൂട്ടുകെട്ട് കോൺഗ്രസ്‌ പ്രവർത്തകരായ ഹിന്ദുമത വിശ്വാസികളെ മുറിപ്പെടുത്തും. മുസ്ലിം  സമൂഹവും ഈ കൂട്ടുചേരൽ അംഗീകരിക്കില്ല. നഷ്ടം കോൺഗ്രസിനാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top