04 December Friday
മതനിരപേക്ഷ നിലപാടുകൾ കോൺഗ്രസ് ഉപേക്ഷിക്കുന്നതിന്റെ തെളിവാണ് ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർടി എന്നിവയുമായുള്ള സഖ്യം

ജോസ്‌ കെ മാണിയുടെ നിലപാട്‌ സ്വാഗതാർഹം : കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


സ്വന്തം ലേഖകൻ
എൽഡിഎഫുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്നും സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗശേഷം വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു. എൽഡിഎഫിന്റെ കർഷകാനുകൂല നിലപാടുകൾ ജോസ്‌ കെ മാണി അംഗീകരിക്കുന്നു.

39 വർഷത്തെ യുഡിഎഫ്‌ ബന്ധം  ഉപേക്ഷിച്ചാണ്‌ കേരള കോൺഗ്രസ്‌ എം പുറത്തുവന്നത്.  മറ്റ്‌ കാര്യങ്ങൾ എൽഡിഎഫ്‌ തീരുമാനിക്കും. കൂട്ടായി തീരുമാനമെടുക്കുന്ന മുന്നണിയാണ് ഇത്‌. യുഡിഎഫും ബിജെപിയും ചേർന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും എൽഡിഎഫിനെ ദുർബലപ്പെടുത്താനും ശ്രമിക്കുന്നു. ഇതിനെതിരായ രാഷ്ട്രീയ നിലപാടുകൾ എൽഡിഎഫും സ്വീകരിക്കും.

കേന്ദ്ര ഏജൻസികൾ സെക്രട്ടറിയറ്റിനു ചുറ്റും മാസങ്ങളായി കറങ്ങിനടക്കുന്നതല്ലാതെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട യഥാർഥ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുന്നില്ല. സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിലാണ്‌ വ്യഗ്രത.

മതനിരപേക്ഷ നിലപാടുകൾ കോൺഗ്രസ് ഉപേക്ഷിക്കുന്നതിന്റെ തെളിവാണ് ജമാഅത്തെ ഇസ്ലാമി, വെൽഫയർ പാർടി തുടങ്ങിയവയുമായുള്ള സഖ്യമെന്നും കാനം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top